KERALAM

ഗുരുദർശനം എല്ലാ തലമുറകൾക്കും പ്രസക്തം: മന്ത്രി വീണാ ജോർജ്

ശിവഗിരി: എല്ലാ തലമുറകൾക്കും വേണ്ടിയുള്ള കാലിക പ്രസക്തമായ ദർശനമാണ് ശ്രീനാരായണ ഗുരു പകർന്നു നൽകിയിട്ടുള്ളതെന്ന് മന്ത്രി വീണാ ജോർജ്. ഗുരുദർശനം എല്ലാ സീമകൾക്കും അതീതമായി നിലകൊള്ളും..92-ാമത് ശിവഗിരി തീർത്ഥാടനത്തിലെ ഈശ്വരഭക്തി സർവ്വമത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഗുരുവിന്റെ ഏകലോക സങ്കൽപ്പത്തിലേക്ക് ലോക സമൂഹത്തിന്റെ ശ്രദ്ധ കൊണ്ടുവരാൻ വത്തിക്കാനിൽ അടുത്ത സമയത്ത് നടന്ന ലോക മതപാർലമെന്റ് സഹായകമായിട്ടുണ്ട്. ഗുരുദർശനത്തിന്റെ സാരാംശം ആഴത്തിൽ ഗ്രഹിക്കുമ്പോഴാണ് മതവൈരമെന്നത് മതനിന്ദയാണെന്ന് മനസിലാവുക. മതങ്ങൾ തമ്മിലുള്ള കലഹങ്ങളാണത്. മതനിന്ദ ഒരർത്ഥത്തിൽ ഈശ്വരനിന്ദയുമാണ്. ഗുരുദേവൻ കണ്ണാടി പ്രതിഷ്ഠ നടത്തിയത് ഓരോ വ്യക്തിയുടെയും സ്വന്ത അഹങ്കാരം ഇല്ലാതാക്കാനാണ്. കണ്ണാടിയിൽ സ്വന്തം പ്രതിബിംബം കാണുമ്പോൾ അവനവനെ തിരിച്ചറിയാൻ സാധിക്കും. നമ്മുടെ തന്നെ ഉള്ളിലേക്ക് ആഴത്തിൽ നോക്കുമ്പോൾ എങ്ങനെയാണ് നമ്മുടെ ചിന്തകളെന്ന് സ്വയം വിലയിരുത്താനാവും.ഗുരുസന്ദേശം രാജ്യങ്ങളുടെ അതിർത്തികൾക്ക് അപ്പുറത്തേക്ക് എത്തിക്കുന്നതിൽ ശിവഗിരി മഠം നടത്തുന്ന പരിശ്രമങ്ങൾ അത്യന്തം ശ്രേഷ്ഠകരമാണെന്നും വീണാജോർജ് പറഞ്ഞു.

പ്രബുദ്ധകേരളം എഡിറ്റർ സ്വാമി നന്ദാത്മജാനന്ദ അദ്ധ്യക്ഷത വഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, നസീർവെളിയിൽ(യു.എ.ഇ) എന്നിവർ വിശിഷ്ടാതിഥികളായി. ഷൗക്കത്ത്, ഭോപ്പാൽ ശ്രീനാരായണ മിഷൻ മുൻ പ്രസിഡന്റ് എം.എൻ.സദാനന്ദൻ, വി.ജോയ് എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു. ബങ്കളം ശ്രീനാരായണഗുരുമഠം സെക്രട്ടറി സ്വാമിസുരേശ്വരാനന്ദ സ്വാഗതവും മധുര ശാന്തലിംഗസ്വാമി മഠം സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ നന്ദിയും പറഞ്ഞു.


Source link

Related Articles

Back to top button