ഒറ്റയ്ക്കു വഴിവെട്ടി വന്ന ഒരാള്‍; കല്ലേറുകള്‍ പൂമാലയാക്കിയ ഉണ്ണി മുകുന്ദൻ
പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹരായ പല മലയാള താരങ്ങളുമുണ്ട്. അവരെയെല്ലാം ഇന്ത്യയൊട്ടാകെ അറിയും. പല സിനിമകളും രാജ്യത്ത് ആകമാനം റിലീസ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഉണ്ണി മുകുന്ദൻ നാളിതുവരെയുളള എല്ലാ റെക്കോര്‍ഡുകളും തിരുത്തിയെഴുതുകയാണ്. സിനിമ കലക്ട് ചെയ്യുന്ന തുകയുടെ കണക്കില്‍ മാത്രമല്ല. ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാ മാര്‍ക്കറ്റ് എന്ന് അവകാശപ്പെടുന്ന ബോളിവുഡിലെ ഹിന്ദി സിനിമകള്‍ പോലും മാറ്റി വച്ച് ഉണ്ണിയുടെ ‘മാര്‍ക്കോ’ റിലീസ് ചെയ്യപ്പെടുകയാണ് വടക്കേ ഇന്ത്യന്‍ പ്രവിശ്യകളില്‍. കേവലം റിലീസ് മാത്രമല്ല സംഭവിക്കുന്നത്. പകരം ഒറിജിനല്‍ ബോളിവുഡ് സിനിമകള്‍ക്ക് ലഭിക്കുന്നതിന് സമാനമായ കലക്‌ഷനാണ് മാര്‍ക്കോയുടെ ഹിന്ദി ഡബ്ബ്ഡ് വേര്‍ഷന് ലഭിക്കുന്നത്. ഹിന്ദി ബെല്‍റ്റില്‍ അറിയപ്പെടുന്ന താരങ്ങളൊന്നും തന്നെ സിനിമയില്‍ ഇല്ല. ഉണ്ണി തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നടനാണെങ്കിലും ഹിന്ദി സിനിമയില്‍ അത്ര ജനപ്രിയനായിരുന്നില്ല. എന്നാല്‍ ഒറ്റ ചിത്രത്തോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. മലയാളത്തിനൊപ്പം നോര്‍ത്തിലും സൂപ്പര്‍താര സിനിമകളെ ഒറ്റയടിക്ക് അട്ടിമറിച്ചുകൊണ്ട് മാര്‍ക്കോ ജൈത്രയാത്ര തുടരുകയാണ്.
ഇതിനിടെ സിനിമയുടെ എച്ച്ഡി പ്രിന്റ് ലീക്ക് ചെയ്ത് ഹിന്ദി ലോബിയും സിനിമയില്‍ വയലന്‍സിന്റെ ആധിക്യമുണ്ടെന്ന പ്രചരണത്തിലൂടെ കേരളത്തില്‍ ചിലരും മാര്‍ക്കോയുടെ ഖ്യാതിക്ക് ഉടവ് സൃഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും ഏശിയില്ല. പൊതുവെ ഉണ്ണിയുടെ ആരാധകര്‍ എന്ന് പറയപ്പെടാറുളള യൂത്തിനൊപ്പം കുടുംബപ്രേക്ഷകരും മാര്‍ക്കോയ്ക്ക് ഇടിച്ചു കയറുകയാണ്. ഉണ്ണിയുടെ മികച്ച പെര്‍ഫോമന്‍സിനൊപ്പം ചടുലമായ ഇഴയടുപ്പമുളള തിരക്കഥയും ഇം ഗ്ലിഷ് സിനിമകളോട് കിടപിടിക്കുന്ന മേക്കിങുമാണ് സിനിമയെ ശ്രദ്ധേയമാക്കുന്നത്.ഏത് ജോണറിലുളള സിനിമയെയും ശ്രദ്ധേയമാക്കുന്നത് ആകത്തുകയുടെ മികവാണ്. ഇക്കാര്യത്തില്‍ സംവിധായകന്‍ ഹനീഫ് അദേനിയുടെ പേര് എടുത്തു പറയാത വയ്യ.
ഉണ്ണി മുകുന്ദന്‍: റൈസ് ഓഫ് യങ് സൂപ്പർ സ്റ്റാർ
മലയാളത്തില്‍ മറ്റൊരു നടനും താങ്ങാന്‍ കഴിയാത്തത്ര ഹേറ്റ് ക്യാംപെയ്നുകള്‍ക്ക് ഇരയായ നടനാണ് ഉണ്ണി. സമാജം സ്റ്റാര്‍, സംഘി സ്റ്റാര്‍ എന്നൊക്കെ അദ്ദേഹത്തെ അധിക്ഷേപിച്ചവരുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുന്‍പരിചയം ഉണ്ടെന്നതും അദ്ദേഹം കേരളത്തില്‍ വന്നപ്പോള്‍ ഒരു പരിചയം പുതുക്കല്‍ സംഭവിച്ചു എന്നതുകൊണ്ടും ഉണ്ണിയെ ഒരു പ്രത്യേക മതത്തിന്റെയോ പാര്‍ട്ടിയുടെയോ ചട്ടക്കൂട്ടിലേക്ക് ചിലര്‍ ഒതുക്കി. എത്ര നല്ല സിനിമയുമായി വന്നാലും ഉണ്ണിയെ എറിഞ്ഞു വീഴ്ത്തുമെന്ന് ദൃഢപ്രതിജ്ഞ എടുത്തതു പോലെ. മേപ്പടിയാന്‍ എന്ന സിനിമ വിജയം വരിച്ചിട്ടും മാളികപ്പുറം 100 കോടി ക്ലബ്ബിലെത്തിയിട്ടും സിനിമയുടെ ക്രെഡിറ്റ് മാളികപ്പുറമായി അഭിനയിച്ച ദേവനന്ദയ്ക്കും സ്വാമി അയ്യപ്പനും നല്‍കിക്കൊണ്ട് ചിലര്‍ ഉണ്ണിയുടെ നേട്ടം കണ്ടില്ലെന്ന് നടിച്ചു. ആരും തകര്‍ന്നു പോകാവുന്ന ഘട്ടത്തിലും സ്വന്തം മസില് പോലെ ഉറച്ച മനസ്സുമായി ഉണ്ണി കാത്തിരുന്നു. കല്ലേറുകള്‍ പൂമാലയായി മാറുന്ന ഒരു ദിവസത്തിനായി.
സാധാരണ ഗതിയില്‍ നിരവധി സിനിമകളിലുടെയും തുടര്‍വിജയങ്ങളിലൂടെയുമാണ് ഒരാള്‍ സൂപ്പര്‍താര പദവിയില്‍ എത്തുന്നതെങ്കില്‍ ഉണ്ണി മാര്‍ക്കോ എന്ന ഒറ്റ പടത്തിലുടെ ആ കിരീടം നേടിയെടുത്തു. മികച്ച ഇനീഷ്യലിനൊപ്പം കലക്‌ഷന്‍ സ്ഥിരമായി നിലനിര്‍ത്തുന്നു എന്ന് മാത്രമല്ല ദേശ-ഭാഷാ ഭേദമെന്യേ പടം ഹിറ്റാക്കാനും അദ്ദേഹത്തിന് കഴിയുന്നു. വലിയൊരു മാർക്കറ്റിലേക്ക് മലയാള സിനിമയുമായി ഒരു നടന്‍ നടന്നു കയറുന്നതിന് പിന്നില്‍ ഉണ്ണിയുടെ വൈഭവത്തിനൊപ്പം സിനിമയുടെ ക്വാളിറ്റിക്കും പങ്കുണ്ട്. ഒരിക്കല്‍ ഉണ്ണിയെ കൂക്കി വിളിച്ചവര്‍ ഉള്‍പ്പെടെ നിറഞ്ഞ തിയറ്ററുകളിലിരുന്ന് കയ്യടിക്കുമ്പോള്‍ ചരിത്രം തിരുത്തിയെഴുതപ്പെടുകയാണ്. ഒരിക്കല്‍ ഉണ്ണിയെ കീറിമുറിച്ചവര്‍ അടക്കം സകല റിവ്യൂവേഴ്‌സും ഏകസ്വരത്തില്‍ സാക്ഷ്യപ്പെടുത്തുന്നു, ഇത് കഠിനാദ്ധ്വാനത്തിന്റെ വിജയം.
ആക്‌ഷൻ സിനിമകളിലൂടെ സൂപ്പർതാര പദവി ആഗ്രഹിക്കുന്ന യുവതാരങ്ങൾ നമുക്കിടയിലുണ്ട്. എന്നാൽ അതിൽ പല പരീക്ഷണങ്ങളും പാളിപ്പോകുന്ന അവസ്ഥയാണ് അടുത്തിടെയെല്ലാം കാണാനിടയായത്. ദീപൻ സംവിധാനം ചെയ്ത പുതിയ മുഖം എന്ന സിനിമയിലൂടെയാണ് യങ് സൂപ്പർസ്റ്റാർ എന്ന വിശേഷണം പൃഥ്വിരാജിന് ആദ്യമായി ചാർത്തപ്പെടുന്നത്. അങ്ങനെ നോക്കുമ്പോൾ മാർക്കോയിലൂടെ ഉണ്ണി മുകുന്ദൻ നേടിയെടുത്തതും മറ്റുള്ളവർ സ്വപ്നം കാണുന്ന യുവതാരപദവി തന്നെയാണ്.
മാര്‍ക്കോ: ആദ്യന്തം മുഷിപ്പില്ലാതെ കണ്ടിരിക്കാന്‍ പറ്റിയ സിനിമ. പണി അറിയാവുന്ന സംവിധായകന്‍ ഹനീഫ് അദേനി ഒരു വശത്ത്. മറുവശത്ത് ഉണ്ണി മുകുന്ദന്റെ ഗംഭീര പെര്‍ഫോമന്‍സ്. ആക്‌ഷന്‍ സീനുകളിലും മേക്കിങിലും അഭിനയത്തിലും സ്ഥിരം കാണുന്ന പാറ്റേണുകളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന ചിത്രം. വ്യത്യസ്താഭിരുചിയുളള പ്രേക്ഷക ലക്ഷങ്ങളെ ഒരു പോലെ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന ഒരു സിനിമ തിരഞ്ഞെടുത്തു എന്നതാണ് ഉണ്ണിയുടെ സെന്‍സിബിലിറ്റി. മേപ്പടിയാനിലും മാളികപ്പുറത്തിലും സംഭവിച്ചത് അതാണ്. എന്നാല്‍ മാര്‍ക്കോയില്‍ ഉണ്ണി പൂണ്ടു വിളയാടുകയാണ്. ശരിക്കും ഉണ്ണി മുകുന്ദന്റെ വണ്‍മാന്‍ഷോ. സോളോ ഹീറോ എന്ന നിലയിലെ ആദ്യത്തെ സൂപ്പര്‍ ഡ്യൂപ്പര്‍ഹിറ്റ്.
മലയാള സിനിമയിൽ ഉണ്ണിയെ നന്നായി മനസിലാക്കിയ സുഹൃത്തുക്കളുടെ ഒരു കൂട്ടമുണ്ട്. അതില്‍ പ്രധാനിയാണ് മാര്‍ക്കോ സംവിധാനം ചെയ്ത ഹനീഫ് അദേനി. പിന്നെ സിനിമയുടെ പൂര്‍ണതയ്ക്കായി കട്ടയ്ക്ക് കുടെ നിന്ന നിര്‍മ്മാതാവ് ഷെരീഫ് മുഹമ്മദ്. ഷെരീഫ് ഒരിക്കല്‍ പറഞ്ഞു.
‘‘സൂപ്പര്‍സ്റ്റാര്‍ ഉണ്ണി എന്ന് വിളിക്കപ്പെടുന്ന ഒരു കാലം ഞാന്‍ ആഗ്രഹിക്കുന്നു’’ഒടുവില്‍ ഇതാ ആ കാലം വന്നിരിക്കുന്നു. ഇന്ന് സൂപ്പര്‍സ്റ്റാര്‍ ഉണ്ണി മുകുന്ദന്‍ എന്ന് വിളിക്കപ്പെടുന്നത് കേരളത്തില്‍ മാത്രമല്ല. രാജ്യം ഒട്ടാകെയാണ്.
ഗോഡ്ഫാദര്‍മാരും പിന്‍പാട്ടുകാരും കോക്കസുകളുമില്ലാതെ ശരിക്കും പൊരുതിക്കയറി വന്നതാണ് ഉണ്ണി. നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ തനിപ്പിടി. പരിഹാസങ്ങളും അപമാനങ്ങളും അവഗണനകളും നേരിട്ടപ്പോള്‍ ഉണ്ണി പൊട്ടിക്കരഞ്ഞില്ല, പൊട്ടിത്തെറിച്ചുമില്ല. സ്വന്തം കഴിവുകളില്‍ വിശ്വസിച്ച് ഉറച്ചു നിന്നു. അനായാസമായി സംഭവിച്ചതല്ല ഉണ്ണിയുടെ സിനിമാ ജീവിതം. അതിന് പിന്നില്‍ ചെറുതല്ലാത്ത ക്ലേേശങ്ങളുടെയും വേദനകളുടെയും ത്യാഗങ്ങളുടെയും കഥകളുണ്ട്. ഗുജറാത്തില്‍ തുടങ്ങിയ ആ ജീവിത യാത്രയിലേക്ക് ഒരു ഫ്‌ളാഷ് കട്ട്.
പരിമിതികള്‍ക്കുളളില്‍ ഒരു ബാല്യകൗമാരം
അഹമ്മദാബാദില്‍ ഉണ്ണി വളര്‍ന്ന വീട് കണ്ടാല്‍ ആരും ഒന്നമ്പരക്കും. ഇടത്തട്ടിലും താഴെയുളള ഒരു സാധാരണ വീട്ടില്‍ അതീവസാധാരണമായ സാഹചര്യങ്ങളില്‍ വളര്‍ന്ന യുവാവ്. തല താഴ്ത്തിയില്ലെങ്കില്‍ തല ഇടിക്കുന്ന കവാടം. തനിക്ക് ഉയരം കൂടുന്നു എന്ന് തിരിച്ചറിഞ്ഞത് പോലും അവിടെ തല ഇടിച്ചിട്ടാണെന്ന് ഉണ്ണി തമാശ പറയും. 24 വര്‍ഷങ്ങള്‍ ആ കുടുസു വീട്ടിലാണ് ഉണ്ണി ജീവിച്ചു തീര്‍ത്തത്. നമ്മളില്‍ ഒരാളായ ആ യുവാവ് ഇങ്ങനെ സംഘം ചേര്‍ന്ന് ആക്രമിക്കപ്പെടാന്‍ തക്ക ഒരു കാരണങ്ങളും അയാളുടെ പശ്ചാത്തലത്തിനോ തുടര്‍ന്നുളള ജീവിതത്തിനോ ഇല്ല. എന്നിട്ടും സ്വയം പ്രഖ്യാപിത ശത്രുക്കളുടെ മൃഗയാ വിനോദങ്ങള്‍ക്ക് ഉണ്ണി ഇരയായി. അപ്പോഴും അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞു. ‘എനിക്കാരോടും പിണക്കമില്ല. എന്തിന് എന്നെ വേട്ടയാടുന്നു എന്നാണ് മനസിലാകാത്തത്.’
ലോഹിതദാസ് കണ്ടെത്തിയ ഉണ്ണി
അഭിനയിക്കാനുളള ആഗ്രഹത്തിനൊപ്പം അച്ഛന്‍ നിന്നു തന്നു എന്നിടത്താണ് ഉണ്ണിയുടെ ഭാഗ്യജാതകം പിറക്കുന്നത്. സിനിമയില്‍ ആരെയും പരിചയമില്ല. പിതാവിന്റെ സുഹൃത്തായ ഗംഗാധരന് നടന്‍ ടി.ജി.രവിയെ അറിയാം.അദ്ദേഹത്തില്‍ നിന്നും ലോഹിതദാസിന്റെ അഡ്രസ് സംഘടിപ്പിച്ചു. മാളികപ്പുറം എന്ന ആദ്യ ഹിറ്റ് പിറന്ന ദിവസം ഉണ്ണി ടി.ജി. രവിയെ വിളിച്ച് അങ്കിള്‍ അഡ്രസ് കൊടുത്തതു കൊണ്ടാണ് ഞാനിന്ന് ഇവിടെ നില്‍ക്കുന്നതെന്ന് പറഞ്ഞപ്പോള്‍ ടി.ജിയുടെ കണ്ണ് തളളി. അങ്ങനെയാരു സംഭവം അദ്ദേഹം ഓര്‍ക്കുന്നു പോലുമില്ല. സുഹൃത്തായ ഗംഗാധരന്‍ ചോദിച്ചു, കൊടുത്തു. അത്രമാത്രം. ലോഹിയുമായി ആദ്യം ബന്ധപ്പെട്ട കഥ ഉണ്ണി മുകുന്ദന്റെ ഓര്‍മയിലെ സുന്ദരമായ ഒരു ഏടാണ്.
ഉണ്ണി മുകുന്ദൻ
ഒരു പേനയും പേപ്പറും എടുത്തുകൊടുത്തിട്ട് കത്തെഴുതാന്‍ നിര്‍ദ്ദേശിച്ചത് അച്ഛനാണ്. ലോഹിയുടെ കൈകളില്‍ തന്നെ എത്തണമെന്ന നിര്‍ബന്ധം കൊണ്ട് റജിസ്‌റ്റേഡ് പോസ്റ്റിലാണയച്ചത്. പക്ഷെ അദ്ദേഹത്തെ പോലെ തിരക്കുളള ഒരാള്‍ പ്രതികരിക്കുമെന്ന് തീരെ പ്രതീക്ഷിച്ചില്ല. ദിവസങ്ങള്‍ കഴിഞ്ഞ് അദ്ദേഹം ഫോണില്‍ വിളിച്ച് കയ്യക്ഷരം നല്ലതാണെന്ന് പറഞ്ഞു. പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വച്ചു. ഒരു മാസം കഴിഞ്ഞ് വീണ്ടും വിളിച്ചു. പറഞ്ഞ ദിവസം തന്നെ ഒറ്റപ്പാലത്ത് എത്തി അദ്ദേഹത്തെ കണ്ടു. ഉണ്ണി ചെല്ലുമ്പോള്‍ ഒരു ചേച്ചി വന്ന് സംഭാരം വേണോയെന്ന് ചോദിച്ചു. വേണമെന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞ് കാവിമുണ്ട് ധരിച്ച് തോര്‍ത്ത് ധരിച്ച ഒരാള്‍ അതിലെ നടന്നു വരുന്നതു കണ്ടു. അയാള്‍ ചാരുകസേരയില്‍ വന്നിരുന്നിട്ട് പറഞ്ഞു.
‘ഞാനാണ് ലോഹിതദാസ്’
ആ സമയത്ത് പുതുതായി വാങ്ങിയ ഒരു ബ്ലൂജീന്‍സും വൈറ്റ് ഷര്‍ട്ടും ധരിച്ചാണ് പോയത്. ഈ വേഷമാണോ സാധാരണ ധരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. അല്ല സാറിനെ കാണാന്‍ വേണ്ടി വാങ്ങിയതാണെന്ന് ഉണ്ണി. എന്നെ കാണാന്‍ വേണ്ടി കാശൊന്നും ചിലവാക്കണ്ട. ഉണ്ണി എങ്ങിനെയാണോ അങ്ങനെ വന്നാല്‍ മതിയെന്ന് പറഞ്ഞു. ഏറെക്കാലം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. അടുത്ത പടമായ ഭീഷ്മരില്‍ വളരെ പ്രധാനപ്പെട്ട വേഷം ഓഫര്‍ ചെയ്തു. പക്ഷേ അത് യാഥാർഥ്യമാകും മുന്‍പ് ലോഹി ഈ ലോകം വിട്ടുപോയി.
ശൂന്യതയില്‍ നിന്ന് സ്വപ്നതുല്യമായ നേട്ടങ്ങളിലേക്ക്..
വളരെ പരിമിതമായ സാഹചര്യത്തില്‍ നിന്ന് ഇന്ന് കാണുന്ന തലത്തിലേക്കുളള വളര്‍ച്ച ഉണ്ണിയെ സംബന്ധിച്ച് ഒരു മുത്തശ്ശിക്കഥ പോലെയാണ്. സിനിമയില്‍ വന്നിട്ട് 14 വര്‍ഷങ്ങളായെങ്കിലും കേരളത്തിലേക്ക് കുടുംബം പൂര്‍ണമായി മാറിയിട്ട് 9 വര്‍ഷങ്ങള്‍ മാത്രം. ആദ്യത്തെ 5 വര്‍ഷം ഉണ്ണി തനിച്ച് നാട്ടില്‍ വന്ന് നില്‍ക്കുകയായിരുന്നു. അമ്മ അടക്കം പിന്നീട് ഒറ്റപ്പാലത്തേക്ക് താമസം മാറ്റി. തൃശൂരാണ് വാസ്തവത്തില്‍ ഉണ്ണിയുടെ കുടുംബവീട്. ഒറ്റപ്പാലത്ത് കുറച്ച് സ്ഥലം കിട്ടിയപ്പോള്‍ അവിടെ വീട് വയ്ക്കുകയായിരുന്നു.
ചെറിയ താരങ്ങള്‍ പോലും മെട്രോസിറ്റികളിലേക്ക് കൂടു മാറുമ്പോള്‍ ഒതുങ്ങിയ ഒരു സ്ഥലത്തിന്റെ പ്രശാന്തതയില്‍ ജീവിക്കാനുളള തീരുമാനം പോലും ഉണ്ണിയുടെ മനസിന്റെ പ്രതിഫലനമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോഹിതദാസിനെ കാണാന്‍ ഉണ്ണി വണ്ടിയിറങ്ങിയത് ഒറ്റപ്പാലത്തെ ലക്കിടി സ്റ്റാന്‍ഡിലായിരുന്നു. അതിനടുത്തു തന്നെ വീട് വയ്ക്കാന്‍ സാധിച്ചതും വലിയ ചാരിതാര്‍ത്ഥ്യങ്ങളിലൊന്നായി കാണുന്നു ഉണ്ണി. നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദാനിലാണ് ആദ്യമായി മുഖം കാണിക്കുന്നത്. മലയാളത്തില്‍ ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലും. തത്സമയം ഒരു പെണ്‍കുട്ടി അടക്കം പല സിനിമകളിലും നല്ല വേഷങ്ങള്‍ ചെയ്‌തെങ്കിലും കരിയറിലെ ആദ്യഹിറ്റ് മല്ലു സിങ് ആയിരുന്നു. എന്നാല്‍ അപ്പോഴും സോളോ ഹീറോ പദവി തേടി വന്നില്ല.
വീണ്ടും നിരവധി സിനിമകള്‍. തമിഴിലും തെലുങ്കിലും സാന്നിധ്യം തുടര്‍ന്ന ഉണ്ണി അനുഷ്‌ക ഷെട്ടിയുടെ നായകനായി വന്ന പടം തെലുങ്കില്‍ ശ്രദ്ധനേടി. എന്നാല്‍ നടന്‍ എന്ന നിലയില്‍ ഉണ്ണിയെ അടയാളപ്പെടുത്തിയ അടുത്ത ചിത്രം വിക്രമാദിത്യനായിരുന്നു. ഈ ചിത്രത്തില്‍ പതിവിലും മികച്ചു നിന്നു ഉണ്ണിയുടെ സ്‌ക്രീന്‍ പ്രസന്‍സ്. ‘ക്ലിന്റ്’ എന്ന ബയോപികില്‍ അഭിനയിച്ചെങ്കിലും സിനിമ പരാജയമായതു കൊണ്ട് ഉണ്ണിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടില്ല. മാസ്റ്റര്‍പീസില്‍ ജോണ്‍ തെക്കന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ഉണ്ണി നെഗറ്റീവ് ഷേഡുളള വേഷങ്ങളിലും മോശമാവില്ലെന്ന് തെളിയിച്ചു. ചാണക്യതന്ത്രത്തില്‍ പല കഥാപാത്രങ്ങളിലേക്ക് വേഷപ്പകര്‍ച്ച നടത്തുകയും അതെല്ലാം തന്നെ നല്ല നിലയില്‍ അവതരിപ്പിച്ചിട്ടും ടൈം ഫാക്ടര്‍ അവിടെയും വില്ലനായി. മാമാങ്കത്തിലും അച്ചായന്‍സിലുമെല്ലാം ഉണ്ണിയുടെ മികച്ച സാന്നിധ്യമുണ്ടായിട്ടും അതൊന്നും കരിയറില്‍ വഴിത്തിരിവായില്ല. മോഹൻലാലും ജൂനിയർ എൻടിആറും പ്രധാന വേഷത്തിലെത്തിയ ജനതാ ഗാരേജിലും വില്ലൻ വേഷത്തിൽ ഉണ്ണിയെത്തി. ഇതിനിടയില്‍ സമാന്ത നായികയായ ‘യശോദ’ എന്ന തെലുങ്ക് ചിത്രവും വന്നു. അതിലും നെഗറ്റിവ് റോൾ തന്നെയായിരുന്നു.
ഉണ്ണി സ്വന്തമായി നിര്‍മിച്ച മേപ്പടിയാന്‍ നല്ല കളക്ഷനും അഭിപ്രായവും നേടി. രണ്ടാമതായി നിർമിച്ച ഷെഫീക്കിന്റെ സന്തോഷവും മികച്ച സിനിമയായിരുന്നു. എന്നാല്‍ ഇതൊന്നും താരപദവി കൊണ്ടുവന്നില്ല. എന്നാല്‍ മാളികപ്പുറം ഉണ്ണിയെ മനസറിഞ്ഞ് അനുഗ്രഹിച്ചു. അന്നു വരെ സൂപ്പര്‍താരങ്ങള്‍ മാത്രം കയ്യടക്കി വച്ചിരുന്ന 100 കോടി ക്ലബ്ബ് ഉണ്ണി മുകുന്ദന് മുന്നിലും തുറന്നു. വിവിധ ഭാഷകളില്‍ ഒരേ സമയം സ്വീകാര്യത നേടി. ഇതിനിടയില്‍ ജയ്ഗണേഷ് അടക്കമുളള സിനിമകള്‍ ചെയ്തുവെങ്കിലും മഹാത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. മാര്‍ക്കോ റിലീസ് ചെയ്തതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. കേരളവും തെന്നിന്ത്യയും കടന്ന് ബോളിവുഡിലും മികച്ച അഭിപ്രായവും ഒപ്പം വന്‍ കലക്‌ഷനും നേടി. ഒറ്റ സിനിമ കൊണ്ട് ഒരാള്‍ സൂപ്പര്‍താരമാവുക എന്നതിന് സിനിമാ ചരിത്രത്തില്‍ അധികം ഉദാഹരണങ്ങളില്ല. ഉണ്ണി ആ നേട്ടത്തിനും ഉടമയായി.
അന്ന് സോഷ്യൽമീഡിയയിലൂടെ വിമർശനം, ഇന്നു കയ്യടി
സോഷ്യൽമീഡിയയുടെ ഗുണവും ദോഷവും നേരിട്ടറിഞ്ഞ നടനാണ് ഉണ്ണി മുകുന്ദനെന്നു നിസംശയം പറയാം.അഹമ്മദാബാദിലുളള കാലത്ത് ഉണ്ണിയും സുഹൃത്തുക്കളും പതിവായി ജിമ്മില്‍ പോകുമായിരുന്നു. ഹനുമാന്‍ സ്വാമിയെയും ആരാധിച്ചിരുന്നു. രണ്ട് കാരണങ്ങള്‍ കൊണ്ടാണിത് സംഭവിച്ചത്. ഒന്ന് ഹനുമാന്‍ സ്വാമി ഫിറ്റ്‌നസിന്റെ വക്താവാണെന്ന ധാരണ. രണ്ട് ഉണ്ണി അന്ന് താമസിച്ചിരുന്ന സ്ഥലത്ത് ഒരു ഹനുമാന്‍ ക്ഷേത്രമുണ്ടായിരുന്നു. സിനിമയില്‍ വന്ന ശേഷം ഒരു ഹനുമാന്‍ ജയന്തിക്ക് സ്വാമിയെ പ്രകീര്‍ത്തിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റിട്ടതോടെ സൈബര്‍ ലോകത്ത് വീണ്ടും ഉണ്ണി വിരുദ്ധ തരംഗം ആഞ്ഞടിച്ചു. ഒരാള്‍ തന്റെ മതവിശ്വാസത്തിന്റെ ഭാഗമായി ഈശ്വരനെ ആരാധിക്കുന്നതില്‍ പോലും രാഷ്ട്രീയം കണ്ടെത്തുകയും അയാള്‍ അരുതാത്തതെന്തോ ചെയ്യുന്നു എന്ന ധാരണ പരത്തുകയുമാണ് അവര്‍ ചെയ്തത്.
പലപ്പോഴും അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ ഉണ്ണിയുടെ പേരില്‍ പ്രചരിച്ചുകൊണ്ടിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉണ്ണി സ്ഥാനാർഥിയാകുന്നു എന്ന് പറഞ്ഞ് അവസാന നിമിഷം വരെ വാര്‍ത്ത വന്നു. സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ മാത്രമാണ് അത് നിലച്ചത്. ഉണ്ണി മനസില്‍ പോലും ചിന്തിക്കാത്ത പലതും ചിലര്‍ ഭാവനയില്‍ മെനഞ്ഞെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു. ഉണ്ണിയെ നിരന്തരം തേജോവധം ചെയ്യാനായി മലയാളികള്‍ സമൂഹമാധ്യമങ്ങളെ ഉപയോഗിച്ചപ്പോള്‍ വടക്കെ ഇന്ത്യന്‍ പ്രേക്ഷകര്‍ അതേ സമൂഹമാധ്യമങ്ങളിലുടെ മാര്‍ക്കോയെ വാനോളം പുകഴ്ത്തി. വലിയ പരസ്യങ്ങളില്ലാതിരുന്ന പടത്തെ സോഷ്യല്‍ മീഡിയിലൂടെ മഹാസംഭവമാക്കുകയായിരുന്നു കാണികള്‍. ഒരേ മാധ്യമം തന്നെ രണ്ട് തരത്തിലും തലത്തിലും ഉപയോഗിക്കപ്പെടുന്നു.
നോ പറയാന്‍ കഴിയാത്ത അച്ഛന്‍
മേപ്പടിയാന്‍ എന്ന സിനിമയിലാണ് ഒരു നടന്‍ എന്ന നിലയില്‍ ഉണ്ണിക്ക് കാര്യമായി പെര്‍ഫോം ചെയ്യാനുളള ഒരു സോളോ ഹീറോ വേഷം ലഭിക്കുന്നത്. ‘‘ആ കഥാപാത്രത്തില്‍ വാസ്തവത്തില്‍ എന്റെ അച്ഛനുണ്ട്. നോ പറയാന്‍ കഴിയാത്ത ഒരാളാണ് അച്ഛന്‍. നാട്ടില്‍ ബിസിനസ് ചെയ്യുന്ന ഘട്ടത്തില്‍ ചോദിക്കുന്നവര്‍ക്കെല്ലാം കടം കൊടുത്തത് ബിസിനസിനെ ബാധിച്ചു. പിന്നീട് ഗുജറാത്തിലെത്തിയ ശേഷം ഉയര്‍ന്ന ശമ്പളം ലഭിക്കാനിടയുളള അവസരങ്ങള്‍ ഒഴിവാക്കി അച്ഛന്‍ ആദ്യം ജോലി ചെയ്ത കമ്പനിയില്‍ തന്നെ 25 വര്‍ഷം ജോലി ചെയ്തു. തന്റെ വളര്‍ച്ചയേക്കാള്‍ ചില ബന്ധങ്ങള്‍ക്കും ധാര്‍മ്മികതയ്ക്കുമാണ് അച്ഛന്‍ പ്രാധാന്യം കല്‍പ്പിച്ചിരുന്നത്.
അച്ഛന്‍ എന്തുകൊണ്ട് ഇങ്ങനെയായി എന്ന് ഞാന്‍ പലപ്പോഴും സ്വയം ചോദിച്ചിട്ടുണ്ട്. പിന്നീട് എനിക്ക് അതിന്റെ ഉത്തരം കിട്ടി. അച്ഛന് അങ്ങനെയേ പറ്റു. അത്രയ്ക്ക് നന്മയുളള മനുഷ്യനായിരുന്നു അദ്ദേഹം.
ഗുജറാത്തിലെ ഞങ്ങളൂടെ വീട് സുഹൃത്തിന് ഒരാവശ്യം വന്നപ്പോള്‍ അയാളുടെ പേരില്‍ എഴുതികൊടുത്തയാളാണ് അച്ഛന്‍. അങ്ങനെയൊരു മനസ് എത്ര പേരിലുണ്ടാവും? വിഷ്ണു മോഹന്‍ വന്ന് മേപ്പടിയാന്റെ കഥ പറയുമ്പോള്‍ ഞാന്‍ മനസില്‍ കണ്ടത് അച്ഛനെയായിരുന്നു.’’
എന്നാല്‍ നോ പറയേണ്ടിടത്ത് ഉറച്ചസ്വരത്തില്‍ അത് പറയാനുളള ആര്‍ജ്ജവം ഉണ്ണിക്കുണ്ട്. സൈബറിടത്തിലൂടെ അപമാനിച്ച വ്‌ളോഗര്‍ക്ക് കടുത്ത ഭാഷയില്‍ മറുപടി കൊടുത്തതും ഇത് വിഡിയോ ഇട്ടാലും തനിക്കൊരു ചുക്കും സംഭവിക്കില്ലെന്നും വെല്ലുവിളിക്കാന്‍ ഉണ്ണിയിലെ തന്റേടി മടിച്ചില്ല.
ഗുജറാത്തിൽ ജനിച്ച, മലയാളത്തിന്റെ സ്വന്തം ഉണ്ണി മുകുന്ദൻ
ഗുജറാത്തില്‍ ജനിച്ചു വളര്‍ന്ന പല മലയാളിക്കുട്ടികളും ഒരിടത്തും എത്താതെ പോയപ്പോള്‍ നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും കൊണ്ട് വിസ്മയകരമായ ഉയരങ്ങളിലേക്ക് എത്തിപ്പെടാനാവുമെന്ന് ഉണ്ണി കാണിച്ചു തന്നു.
‘‘ഞാന്‍ പഠിച്ചതും വളര്‍ന്നതും എന്റെ സുഹൃത്തുക്കള്‍ അടക്കം ജീവിക്കുന്നതുമെല്ലാം ഗുജറാത്തിലാണ്. കേരളവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ 2012 ന് ശേഷമാണുളളത്. അതുകൊണ്ട് തന്നെ ഗുജറാത്തിനെ ഒഴിച്ചു നിര്‍ത്തി എന്റെ ജീവിതത്തെക്കുറിച്ച് പറയാനാവില്ല. പക്ഷേ അത് ഏതോ ക്രിമിനല്‍ കുറ്റം പോലെയാണ് ചിലര്‍ കാണുന്നത്. എന്നെ ആദ്യമായി ജിമ്മില്‍ കൊണ്ടു പോകുന്നത് മനോജ് ഭട്ടാചാര്യ എന്ന ഗുജറാത്തി സുഹൃത്താണ്. അത്തരം സൗഹൃദങ്ങള്‍ ഇപ്പോഴും നിലനിര്‍ത്താറുണ്ട്. എല്ലാ മതങ്ങളെയും ഒരു പോലെ മാനിക്കുന്ന ഒരാളാണ് ഞാന്‍. അഞ്ച് നേരം നിസ്‌കരിക്കുന്ന ഒരാളോട് ബഹുമാനമാണ് എനിക്ക്. കാരണം അത് ഒരു മതത്തിന്റെ ചട്ടമാണ്. അതിനെ മാനിക്കാനും അത് മുടക്കം കൂടാതെ അനുഷ്ഠിക്കാനും കഴിയുക എന്നത് ചെറിയ കാര്യമല്ല. നിങ്ങള്‍ ഉദ്ദേശിക്കുന്ന തരം ഒരാളല്ല ഞാന്‍. നിങ്ങളുടെ ഊഹാപോഹങ്ങള്‍ തെറ്റാണ്.ഏതെങ്കിലും ഒരു മതത്തിന് വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കുന്നുമില്ല. അഭിനയമാണ് എന്റെ തൊഴില്‍. അഭിനയിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പിന്നെ പ്രതികരിക്കേണ്ടിടത്ത് ശക്തമായി പ്രതികരിക്കാറുണ്ട്. ഒരാളുടെ ഗുഡ്ബുക്കില്‍ വരാനായി വ്യക്തിത്വം അടിയറവയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല.എനിക്ക് വേണ്ടി സംസാരിക്കാന്‍ പി.ആര്‍.സിസ്റ്റമൊന്നും വച്ചിട്ടില്ല. എന്റെ കാര്യം സംസാരിക്കാനുളള ആത്മവിശ്വാസം എനിക്കുണ്ട്.’’
ഉണ്ണി മുകുന്ദൻ
അന്യ സംസ്ഥാനത്ത് ജനിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ഒരുപാട് മലയാളികളുണ്ട്. അതിൽ വിജയം കൈവരിച്ചവരുമുണ്ട്, എങ്ങുമെത്താത്തവരുമുണ്ട്. ആത്മാർഥമായി പ്രയത്നിച്ചാൽ ജീവിത വിജയം കൈവരിക്കാൻ നമ്മുടെ നാടും നമ്മെ സ്നേഹിക്കുന്നവരും കൂടെ നിൽക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് താനെന്ന് ഉണ്ണി മുകുന്ദന്‍ പറയും. ഇവിടെ ഇഷ്ടതാരമാകാൻ താരപുത്രന്മാരാകുകയോ, സിനിമാ പാരമ്പര്യമുളള കുടുംബത്തിൽ ജനിക്കണമെന്നോ ഇല്ല. നമ്മൾ ജോലി ചെയ്യുന്ന ഏതു മേഖലയിലും സത്യന്ധമായി പ്രവൃത്തിക്കുകയാണെങ്കിൽ ഉയർച്ച താനെ ഉണ്ടാകും.
അനുബന്ധം: മാര്‍ക്കോയുടെ വിജയം ഉണ്ണി മുകുന്ദന്റെ വിജയം എന്നതിലുപരി മലയാള ചലച്ചിത്ര വ്യവസായമാണ് അതിന്റെ യഥാര്‍ഥ ഗുണഭോക്താവ്. കേവലം
30 കോടിയില്‍ തീര്‍ത്ത ഒരു മലയാളപടം ബോളിവുഡ് പോലെ ഒരു വലിയ ഇന്‍ഡസ്ട്രിയില്‍ ഹിന്ദി സിനിമകളെ അതിശയിപ്പിക്കുന്ന വിജയം സ്വന്തമാക്കുന്നു എന്നത് ഒരു ചരിത്ര വസ്തുത എന്നതിലുപരി മലയാള സിനിമയുടെ വിപണന സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ആര്‍ആര്‍ആര്‍, കെജിഎഫ്സ പുഷ്പ തുടങ്ങി സമാനശ്രേണിയിലുളള പടങ്ങളുടെ ബജറ്റ് മാര്‍ക്കോയുടെ പല മടങ്ങാണെന്നറിയുമ്പോഴാണ് ഈ കൊച്ചു സിനിമയുടെ വലിയ വിജയം മോഹിപ്പിക്കുന്നത്. 11 ദിവസങ്ങള്‍ കൊണ്ട് 90 കോടി കടന്ന മാര്‍ക്കോ അതിന്റെ പലമടങ്ങ് നേടുമെന്ന് വിലയിരുത്തപ്പെടുന്നു.
ഹിന്ദി, കന്നഡ, തമിഴ് എന്നീ ഭാഷകളിൽ മാർക്കോയുടെ ഡബ്ബിങ് പതിപ്പാണ് റിലീസ് ചെയ്തിരിക്കുന്നത്. ആത്യന്തികമായി ഒരു മലയാള സിനിമയുടെ വിജയമാണിത്. ഇവിടെ മലയാളത്തിൽ നിന്നുള്ള പല സിനിമകളും ഹിന്ദിയിൽ റീമേക്ക് ചെയ്ത് കോടികൾ വാരുമ്പോൾ, മലയാളത്തിന് അർഹിക്കുന്ന പരിഗണന ഇന്നിതുവരെ ബോളിവുഡ് നൽകിയിട്ടില്ലെന്നു നിസംശയം പറയാം. ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യം റീമേക്ക് ചെയ്തപ്പോഴും ബോളിവുഡിലെ ചില ആളുകൾക്ക് ഇതൊരു റീമേക്ക് ചിത്രമാണെന്നു പറയാൻ മടിയായിരുന്നു.
Source link