KERALAM

മുണ്ടക്കൈ, ചൂരൽമല പുനരധിവാസം; സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്

വയനാട്: മുണ്ടക്കൈ, ചൂരൽമല പുനരധിവാസത്തിന് സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച നടത്തും. പ്രതിപക്ഷവും, കർണാടക സർക്കാരും ഉൾപ്പെടെ സഹായം വാഗ്ദാനം ചെയ്ത എല്ലാവരെയും ചർച്ചക്കായി ക്ഷണിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12.30നാണ് യോഗം.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രാഹുൽ ഗാന്ധിയുടെ പ്രതിനിധി, കർണാടക സർക്കാർ പ്രതിനിധി, ഡിവൈഎഫ്ഐ പ്രതിനിധികൾ തുടങ്ങിയവരെ ഒന്നാംഘട്ട ചർച്ചക്കായി ക്ഷണിച്ചിട്ടുണ്ട്. സ്ഥലമേറ്റെടുപ്പിന്റെ വിശദാംശങ്ങൾ, ടൗൺഷിപ്പിൻറേയും വീടുകളുടെയും പ്ലാൻ എന്നിവ യോഗത്തെ അറിയിക്കും. ഈ മാസം നാലാം തീയതിയാണ് രണ്ടാംഘട്ട കൂടിക്കാഴ്ച.

വയനാട്ടിലെ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമെന്ന് സ്ഥലം സന്ദർശിച്ച കേന്ദ്ര മന്ത്രാലയങ്ങളുടെ സംയുക്ത ഉദ്യോഗസ്ഥ സംഘം കണ്ടെത്തിയതായി കേരളത്തെ കഴിഞ്ഞദിവസം ഔദ്യോഗികമായി കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. കേരളത്തിന്റെ ആവശ്യം അംഗീകരിച്ചെങ്കിലും, ആവശ്യപ്പെട്ട 2219 കോടിയുടെ പ്രത്യേക സാമ്പത്തിക സഹായത്തെക്കുറിച്ച് പരാമർശമില്ല.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ. രാജേഷ് ഗുപ്‌ത, പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്‌വാളിന് അയച്ച കത്തിലാണ് വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം അംഗീകരിച്ചതായി അറിയിച്ചത്. ഇക്കാര്യം പാർലമെന്റിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. അതിതീവ്ര ദുരന്തമായാൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (എസ്.ഡി.ആർ.എഫ്) നിന്നുള്ള സാമ്പത്തിക സഹായമാണ് ലഭിക്കുകയെന്നും അത് കൈമാറിയെന്നും കത്തിൽ വ്യക്തമാക്കുന്നു. അന്തർ മന്ത്രാലയ സമിതിയുടെ ശുപാർശ അടക്കം പരിഗണിച്ച് ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (എൻ.ഡി.ആർ.എഫ്) നിന്ന് അധിക സഹായത്തിന് അർഹതയുണ്ടെന്നും കേന്ദ്രം അറിയിച്ചു.


Source link

Related Articles

Back to top button