പനയമ്പാടം അപകടം; വിദ്യാർത്ഥിനികളുടെ മൃതദേഹങ്ങൾ വീടുകളിലെത്തിച്ചു, ഖബറടക്കം ഇന്ന്
പാലക്കാട്: പനയമ്പാടം അപകടത്തിൽ മരിച്ച വിദ്യാർത്ഥിനികളുടെ ഖബറടക്കം ഇന്ന്. ചെറുള്ളി സ്വദേശികളായ അബ്ദുൾ സലാമിന്റെ മകൾ പി.എ.ഇർഫാന ഷെറിൻ, അബ്ദുൾ റഫീഖിന്റെ മകൾ റിദ ഫാത്തിമ, അബ്ദുൾ സലീമിന്റെ മകൾ കെ.എം.നിദ ഫാത്തിമ, ഷറഫുദ്ദീന്റെ മകൾ എ.എസ്.ആയിഷ എന്നിവരാണ് അപകടത്തിൽ മരിച്ചത്.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ വീടുകളിലെത്തിച്ചു. രണ്ട് മണിക്കൂർ വീടുകളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് പൊതുദർശനത്തിനായി മൃതദേഹങ്ങൾ കരിമ്പനക്കൽ ഹാളിലേക്ക് കൊണ്ടുപോകും. വിദ്യാർത്ഥിനികൾ പഠിക്കുന്ന കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുദർശനമുണ്ടാകില്ല. പത്ത് മണിക്ക് തുപ്പനാട് ജുമാ മസ്ജിദിൽ ഖബറടക്കും.
സിമന്റ് ലോഡുമായി വന്ന ലോറി പാഞ്ഞുകയറിയാണ് വിദ്യാർത്ഥിനികൾ മരിച്ചത്. കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളാണിവർ. ഇന്നലെ വൈകിട്ട് 3.50ഓടെ കോഴിക്കോട് – പാലക്കാട് ദേശീയ പാതയിൽ കരിമ്പ, പനയമ്പാടത്തായിരുന്നു അപകടമുണ്ടായത്.
സംഭവത്തിൽ സിമന്റ് കയറ്റിയ ലോറിയുടെ ഡ്രൈവറെയും ക്ലീനറെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാസർകോട് സ്വദേശികളായ ലോറി ഡ്രൈവർ മഹേന്ദ്രപ്രസാദ്, ക്ലീനർ വർഗീസ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. അപകടത്തിൽ വർഗീസിന്റെ കാലിന് പൊട്ടലുണ്ട്. എന്നാൽ മഹേന്ദ്രപ്രസാദിന് കാര്യമായി പരിക്കില്ല. ഇരുവരും മണ്ണാർക്കാട് മദർ കെയർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരുടെയും രക്തസാമ്പിളുകൾ ഉൾപ്പെടെ പരിശോധിക്കും. വാഹനം അമിത വേഗതയിലായിരുന്നോയെന്നും ഡ്രൈവർ മദ്യപിച്ചിരുന്നോ ഉൾപ്പെടെയുള്ള കാര്യങ്ങളും പരിശോധിക്കും.
Source link