വിരമിക്കാൻ വെറും അഞ്ച് മാസം; യു പ്രതിഭയുടെ മകനെതിരെ കേസെടുത്ത എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്ക് സ്ഥലംമാറ്റം
ആലപ്പുഴ: യു പ്രതിഭ എംഎൽഎയുടെ മകനെതിരെ കേസെടുത്തതിന് പിന്നാലെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പികെ ജയരാജിനെ സ്ഥലംമാറ്റി. സർവീസിൽ നിന്ന് വിരമിക്കാൻ വെറും അഞ്ച് മാസം മാത്രം ശേഷിക്കെയാണ് ജയരാജിനെ മലപ്പുറത്തേക്ക് സ്ഥലംമാറ്റിയത്.
കൊല്ലം സ്വദേശിയായ ജയരാജ് ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണറായി ചുമതല ഏറ്റെടുത്ത് മൂന്നുമാസം തികയും മുമ്പാണ് നടപടി. ഇതിനിടയിൽ, ലഹരിക്കേസിൽ നിരവധിപേരെ അറസ്റ്റ് ചെയ്യുകയും ബിനാമി കള്ളുഷാപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രതിഭയുടെ മകൻ കനിവിനെതിരെ കഞ്ചാവ് കൈവശംവച്ചതിന് കേസെടുത്തത്. കനിവ് ഉൾപ്പെട്ട സംഘത്തെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കേസിൽ ഒമ്പതാം പ്രതിയാണ് എംഎൽഎയുടെ മകൻ.
തന്റെ മകൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട് ഫേസ്ബുക്ക് ലൈവിലൂടെ യു പ്രതിഭ രംഗത്തെത്തിയിരുന്നു. മൂന്ന് ഗ്രാം കഞ്ചാവാണ് സംഘത്തിൽ നിന്ന് പിടിച്ചെടുത്തത്. സംഭവത്തിൽ മാദ്ധ്യമങ്ങൾക്കെതിരെയും എംഎൽഎ വിമർശം ഉയർത്തിയിരുന്നു.
Source link