KERALAM

‘സാദ്ധ്യമായ എല്ലാ സഹായങ്ങളും ചെയ്യും’, നിമിഷപ്രിയയുടെ വധശിക്ഷയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രം

ന്യൂഡല്‍ഹി: യെമനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രം. സാദ്ധ്യമായ എല്ലാ സഹായവും ഉറപ്പുവരുത്തുമെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് യെമന്‍ പ്രസിഡന്റ് റാഷദ് മുഹമ്മദ് അല്‍ അലിമി നിമിഷപ്രിയയുടെ വധശിക്ഷ ശരിവച്ചത്.

വധശിക്ഷ ശരിവച്ചുള്ള യെമന്റെ നടപടി സാങ്കേതികം മാത്രമാണെന്നും നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള കുടുംബത്തിന്റെ ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് റണ്‍ധീര്‍ ജയ്‌സ്‌വാള്‍ വ്യക്തമാക്കി.

പ്രസിഡന്റ് അനുമതി നല്‍കിയതോടെ ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കാനാണ് സാദ്ധ്യത. മാപ്പപേക്ഷ, ദയാധനം നല്‍കി മോചിപ്പിക്കല്‍ ശ്രമങ്ങള്‍ നേരത്തെ പരാജയപ്പെട്ടിരുന്നു. യെമന്‍ തലസ്ഥാനമായ സനായിലെ ജയിലില്‍ 2017 മുതല്‍ കഴിയുകയാണ് പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയ.


2017ല്‍ യെമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ നിമിഷ പ്രിയയ്ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാര്‍ഗം തലാലിന്റെ കുടുംബത്തിന് ദയാധനം നല്‍കുകയായിരുന്നു.തലാലിന്റെ കുടുംബത്തെ നേരില്‍ കണ്ട് മാപ്പപേക്ഷിക്കുന്നതിന് വേണ്ടി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനില്‍ പോയിരുന്നു. തലാലിന്റെ കുടുംബവുമായും ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഈ ചര്‍ച്ചകള്‍ വഴിമുട്ടി. പ്രേമകുമാരി ഇപ്പോഴും യെമനിലാണ്.


തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണു നിമിഷ പ്രിയ. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ അബ്ദു മഹ്ദി പാസ്പോര്‍ട്ട് പിടിച്ചെടുത്തു ക്രൂരമായി പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പ്രിയയുടെ വാദം.


Source link

Related Articles

Back to top button