ഉമ തോമസിന് പരിക്കേറ്റ സംഭവം: ദിവ്യ ഉണ്ണിയുടെയും സിജോയ് വർഗീസിന്റെയും മൊഴിയെടുക്കും

കൊച്ചി: സ്‌റ്റേജിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവത്തിൽ നടി ദിവ്യ ഉണ്ണിയെയും സിജോയ് വർഗീസിനെയും മൊഴിയെടുക്കാനായി വിളിപ്പിക്കും. പരിപാടിയുടെ മുഖ്യവിവരങ്ങൾ ഇവരിൽ നിന്ന് തേടും. പരിപാടിയുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകളെ ചോദ്യം ചെയ്ത് വിവരം ശേഖരിക്കുകയാണ് അന്വേഷണ സംഘം. ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലായിരുന്നു ഗിന്നസ് റെക്കോഡിനായുള്ള നൃത്ത പരിപാടി കലൂരിൽ നടന്നത്.

ദിവ്യ ഉണ്ണിയെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ ഉദ്ദേശം. നൃത്ത പരിപാടിയുടെ സംഘാടന ചുമതലയുണ്ടായിരുന്ന വ്യക്തിയാണ് സിജോയ് വർഗീസ്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരോട് സ്‌റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് പേരാണ് ഇതുവരെ സംഭവത്തിൽ അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. രണ്ട് പേർ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ഒരു മന്ത്രിയും എംഎൽഎയുമടക്കം വിഐപികളും 15000ലേറെ പേരും പങ്കെടുക്കുകയും ചെയ്ത മെഗാ നൃത്തസന്ധ്യ കലൂർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചത് പല അനുമതികളുമില്ലാതെയാണ്. ഇരുനൂറിലേറെപ്പേർ പങ്കെടുക്കുന്ന പൊതുപരിപാടിക്ക് ബന്ധപ്പെട്ട വകുപ്പുകളുടെ അടക്കം സമ്മതപത്രം വേണമെന്നിരിക്കെയാണിത്. സ്‌റ്റേജ് നിർമ്മിച്ചത് മുതൽ പരിപാടിയുടെ പൂർണചിത്രം പോലും സംഘാടകർ മറച്ചുവച്ചു.

പരിപാടിക്കായി സ്റ്റേഡിയം വിട്ടുനൽകിയെങ്കിലും സംഘാടകർ താത്കാലിക നിർമ്മാണങ്ങൾ നടത്തിയിട്ടുണ്ടോ ഇതിനെല്ലാം ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയുണ്ടോ തുടങ്ങിയ കാര്യങ്ങൾ സ്റ്റേഡിയത്തിന്റെ ചുമതലക്കാരായ ജിസിഡിഎ പരിശോധിച്ചില്ല. സ്റ്റേഡിയത്തിൽ താത്കാലിക സ്റ്റേജ് നിർമ്മിക്കാൻ അനുമതി നൽകിയിരുന്നില്ല. എല്ലാ സുരക്ഷാകാര്യങ്ങളും ചെയ്യണമെന്ന് കരാറിൽ ഉണ്ടായിരുന്നെങ്കിലും പലതും ലംഘിക്കപ്പെട്ടു.


Source link
Exit mobile version