‘മദ്യപിച്ച കസ്റ്റമറിന് തിരികെ പോകാൻ ബാറുകൾ ഡ്രൈവറെ ഏർപ്പാടാക്കണം’, പുതിയ നിർദേശവുമായി എംവിഡി

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങൾക്ക് തുടക്കമായിരിക്കെ ബാറുകൾക്കും ഹോട്ടലുകൾക്കും പുതിയ നിർദേശവുമായി മോട്ടോർ വാഹന വകുപ്പ് (എംവിഡി). വാഹനത്തിലെത്തി മദ്യപിച്ചവർക്ക് ബാറുകൾ ഡ്രൈവറെ ഏർപ്പാടാക്കി നൽകണമെന്നാണ് നിർദേശം. പ്രൊഫഷണൽ ഡ്രൈവർമാരുടെ സേവനം ബാർ വളപ്പിൽ ലഭ്യമാക്കണമെന്ന് ആർടിഒ (എൻഫോഴ്‌സ്‌മെന്റ്) ജില്ലയിലെ ബാർ ഹോട്ടൽ മാനേജർമാർക്ക് നൽകിയ ഉത്തരവിൽ പറയുന്നു. മദ്യപിച്ചുള്ള റോഡ് അപകടങ്ങൾ ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് എംവിഡിയുടെ പുതിയ നിർദേശം.

ഡ്രൈവറുടെ സേവനം ലഭ്യമാണെന്ന വിവരം ബാറിലെത്തുന്ന കസ്റ്റമേഴ്‌സിനെ അറിയിക്കണം. മദ്യപിച്ച് വാഹനം ഓടിക്കുമ്പോഴുണ്ടാകാവുന്ന അപകട സാദ്ധ്യതകളെക്കുറിച്ചുള്ള അറിയിപ്പ് നൽകണം. ആരൊക്കെ ഡ്രൈവറുടെ സേവനം ഉപയോഗപ്പെടുത്തി എന്ന് വിശദമാക്കുന്ന രജിസ്റ്റ‌ർ സൂക്ഷിക്കണം. മദ്യപിച്ചതിനുശേഷം ഉപഭോക്താക്കൾ ഡ്രൈവറുടെ സേവനം നിരസിക്കുകയോ വാഹനം സ്വയം ഓടിക്കാൻ ശ്രമിക്കുകയോ ചെയ്താൽ ഹോട്ടൽ അധികൃതർ അടുത്ത പൊലീസ് സ്റ്റേഷനിലോ ആർടി ഓഫീസിലോ അറിയിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

ഇതിന് പുറമെ മദ്യപിച്ചുള്ള ഡ്രൈവിംഗ്, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, അമിതവേഗത, രണ്ടിലധികം ആളുകളെ കയറ്റിയുള്ള ഇരുചക്രവാഹന യാത്ര, സിഗ്നൽ ലംഘനം തുടങ്ങിയ കുറ്റങ്ങൾക്ക് പിഴയ്ക്ക് പുറമെ ലൈസൻസ് റദ്ദ് ചെയ്യും. രൂപമാറ്റം നടത്തിയ വാഹനങ്ങൾ, അമിത ശബ്ദം പുറപ്പെടുവിക്കുന്ന രീതിയിൽ സൈലൻസർ മാറ്റിയിട്ടുള്ള വാഹനങ്ങൾ എന്നിവയുടെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. മറ്റുള്ളവരുടെ ഡ്രൈവിംഗിന് ബാധിക്കുന്ന രീതിയിൽ വിവിധ വർണ്ണ ലൈറ്റുകൾ ഉപയോഗിക്കുന്നവർക്ക് എതിരെയും ഗതാഗത തടസമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെയും എയർ ഹോൺ ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെയും കർശന നടപടിയെടുക്കും.


Source link
Exit mobile version