KERALAM

‘നവയുഗ ധർമ്മത്തെ വിളംബരം ചെയ്ത സന്യാസിവര്യനായിരുന്നു ഗുരുദേവൻ’; ശിവഗിരി മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

ശിവഗിരി: ഒരു നൂറ്റാണ്ട് മുമ്പ് മഹാനായ ശ്രീനാരായണ ഗുരുദേവൻ ഉദ്‌ബോധിപ്പിച്ച കാര്യങ്ങൾ ഏറെ പ്രസക്തമായി തുടരുന്ന കാലത്താണ് ശിവഗിരി തീർത്ഥാടനം നടക്കുന്നതെന്ന് നാം ഓർക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തിന്റെ പലഭാഗങ്ങളിലും മതത്തിന്റെ പേരിലുള്ള ചിന്തകൾ തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും നിങ്ങുന്നതിന്റെ റിപ്പോർട്ടുകളാണ് നിത്യേന പുറത്തുവരുന്നത്. വംശീയ വേർതിരിവുകളാലും അതിന്റെ അടിസ്ഥാനത്തിലുള്ള സംഘർഷങ്ങളാലും ലോകത്തിന്റെ പലഭാഗങ്ങളിലും ചോരപ്പുഴകൾ ഒഴുകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തിനോട് അനുബന്ധിച്ച് നടന്ന മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്നത്തെ ഈ പരിപാടിയിൽ വളരെ പ്രധാനപ്പെട്ട സാമൂഹിക ഇടപെടലിന്റെ ഭാഗമായുള്ള ഒരു സന്ദേശം ആദരണീയനായ സച്ചിദാനന്ദ സ്വാമിയിൽ നിന്നും ഉണ്ടായിട്ടുണ്ട്. ആരാധനാലയങ്ങളിൽ ഉടുപ്പൂരിയെ കടക്കാൻ പാടുള്ളൂ എന്ന ഒരു നിബന്ധനക്ക് കാലാനുസൃതമായ മാറ്റം ശ്രീനാരായണഗുരുവിന്റെ സദ് പാരമ്പര്യം ഉയർത്തിപ്പിടിച്ചുകൊണ്ടുതന്നെ ഇവിടെ സമൂഹത്തിന് മുന്നിൽ നിർദേശമായി ബഹുമാനപ്പെട്ട സച്ചിദാനന്ദ സ്വാമി വച്ചിട്ടുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട ഒരു സാമൂഹിക ഇടപെടലായി മാറാൻ സാധ്യതയുണ്ട്. ഈ വഴിക്ക് നമ്മുടെ പല ആരാധനാലയങ്ങളും നാളെ വരുമെന്ന കാര്യം ഉറപ്പാണ്.

ആരെയും നിർബന്ധിക്കേണ്ടതില്ല. പക്ഷേ നമ്മുടെ നാട്ടിൽ നിലനിന്ന പല ആചാരങ്ങളും കാലാനുസൃതമായി മാറിയിട്ടുണ്ട് എന്നത് വസ്തുതയാണ്. അതിന് ഫലപ്രദമായി നേതൃത്വം കൊടുക്കുന്ന നിലയാണ് ശിവഗിരി മഠത്തിന്റെ ഭാഗമയിട്ട് ഉണ്ടായിട്ടുള്ളത്. ശ്രീനാരായണ ബന്ധമുള്ള ആരാധനാലയങ്ങൾ എല്ലാം ഈ നിലയാണ് സ്വീകരിച്ചു പോവുക എന്നാണ് അദ്ദേഹം പറഞ്ഞത്. അത് ശ്രീനാരായണ ബന്ധമുള്ള ആരാധനാലയങ്ങൾ മാത്രമായിരിക്കില്ല, മറ്റ് ആരാധനാലയങ്ങൾ കൂടി ആ മാതൃക പിന്തുടരാൻ ഇടയാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

സനാതന ധർമ്മത്തിന്റെ വക്താവും പ്രയോക്താവുമായി ശ്രീനാരായണ ഗുരുവിനെ സ്ഥാപിക്കാനുള്ള സംഘടിതമായ ശ്രമം ഇപ്പോൾ നടക്കുന്നുണ്ട്. ഈ ശിവഗിരി തീർത്ഥാടന സമ്മേളനത്തിൽത്തന്നെ ഒരു പ്രസംഗകന്റെ ഭാഗത്തു നിന്ന് ഇങ്ങനെയൊരു വാദം ഉയർന്നു കേട്ടു. ഗുരു ശിവഗിരി തീർത്ഥാടനത്തെക്കുറിച്ചു സങ്കൽപ്പിച്ചതുതന്നെ സംവാദങ്ങളുടെ വേദിയായിക്കൂടിയാണ് എന്നതുകൊണ്ട് ആ മിഥ്യാധാരണ തിരുത്തേണ്ടത് ഇവിടെ വെച്ചുതന്നെയാണ് എന്നു കരുതട്ടെ.

ശ്രീനാരായണ ഗുരു സനാതന ധർമ്മത്തിന്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ല, മറിച്ച്, ആ ധർമ്മത്തെ ഉടച്ചുവാർത്ത് പുതിയ കാലത്തിനായുള്ള ഒരു നവയുഗ ധർമ്മത്തെ വിളംബരം ചെയ്ത സന്യാസിവര്യനായിരുന്നു. സനാതന ധർമ്മം എന്നതുകൊണ്ടു വിവക്ഷിക്കുന്നതെന്താണ്? അത് വർണാശ്രമ ധർമ്മമല്ലാതെ മറ്റൊന്നുമല്ല. ആ വർണാശ്രമ ധർമ്മത്തെ വെല്ലുവിളിച്ചുകൊണ്ടും മറികടന്നുകൊണ്ടും കാലത്തിനൊത്തു നിലനിൽക്കുന്നതാണ് ഗുരുവിന്റെ നവയുഗ മാനവിക ധർമ്മം’- മുഖ്യമന്ത്രി പറഞ്ഞു.


Source link

Related Articles

Back to top button