കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിന്റെ മാതാവ് അന്തരിച്ചു, പണം തിരികെ നൽകി ബാങ്ക്

ഇടുക്കി: നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനെ തുടർന്ന് കട്ടപ്പന സഹകരണ സൊസൈറ്റിക്ക് മുന്നിൽ ആത്മഹത്യ ചെയ്ത വ്യാപാരിയായ സാബു തോമസിന്റെ മാതാവ് അന്തരിച്ചു. കട്ടപ്പന പള്ളിക്കല മുളങ്ങാശേരിൽ ത്ര്യേസാമ്മ (90) ആണ് മരിച്ചത്. സ്ട്രോക്ക് വന്നതിനെത്തുടർന്ന് ഒന്നരവർഷമായി കിടപ്പിലായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളാണ് മരണകാരണം. സംസ്‌കാരം ഇന്നുവൈകിട്ട് നാലിന് സെന്റ് ജോർജ് പള്ളിയിൽ.

കഴിഞ്ഞ ഡിസംബർ 20നാണ് കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പിൽ സാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാബുവിന്റെ പോക്കറ്റിൽ നിന്ന് ലഭിച്ച ആത്മഹത്യാകുറിപ്പിൽ തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് സെക്രട്ടറി റെജിയും ജീവനക്കാരായ ബിനോയും ഷിജുവുമാണെന്ന് എഴുതിയിരുന്നു. കൂടാതെ സൊസൈറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി കുടുംബവും രംഗത്തെത്തിയിരുന്നു. പിന്നാലെ ബാങ്ക് മുൻ പ്രസിഡന്റും സി.പി.എം മുൻ ഏരിയ സെക്രട്ടറിയുമായ വി.ആർ. സജി സാബുവിനെ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണവും പുറത്തുവന്നു.

അമ്മയുടെയും ഭാര്യയുടെയും ചികിത്സാച്ചെലവിന് വേണ്ടിയായിരുന്നു നിക്ഷേപിച്ച പണം ആവശ്യപ്പെട്ട് സാബു കട്ടപ്പന സഹകരണ സൊസൈറ്റിയെ സമീപിച്ചത്. അതിനിടെ, കഴിഞ്ഞദിവസം നിക്ഷേപത്തുകയായ 15 ലക്ഷം രൂപ (14,59,940 രൂപ) ബാങ്ക് തിരികെ നൽകി.

അതേസമയം, സാബുവിനെ അധിക്ഷേപിച്ചുകൊണ്ടുള്ള എംഎം മണി എംഎൽഎയുടെ പ്രസംഗം വിവാദമാവുകയാണ്. ‘ സാബുവിന് മറ്റെന്തെങ്കിലും മാനസിക പ്രശ്‌നമുണ്ടോ, ചികിത്സ ചെയ്തിരുന്നോ, അതിന് ഡോക്‌ടറെ സമീപിച്ചിരുന്നോ എന്നുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതാണ്. അല്ലാതെ ഞങ്ങളുടെ മെക്കിട്ട് കേറാൻ വന്നാൽ ഞങ്ങളുടെ അടുത്ത് ചെലവാകില്ല’- എന്നായിരുന്നു എംഎം മണിയുടെ വാക്കുകൾ. സാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കട്ടപ്പനയിൽ നടത്തിയ വിശദീകരണ യോഗത്തിലാണ് എംഎൽഎയുടെ വിവാദപരാമർശം.


Source link
Exit mobile version