കണ്ണൂർ: ടിപി ചന്ദ്രശേഖൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന കൊടി സുനിക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്ക് മറുപടിയുമായി കുടുംബം. സുനിയുടെ ആരോഗ്യസ്ഥിതി മോശമാണ്. സുനി പരോളിന് അർഹനാണെന്നും സംഭവം വിവാദമാക്കേണ്ട കാര്യമില്ലെന്നും സുനിയുടെ അമ്മയും സഹോദരിയും പ്രതികരിച്ചു.
‘കഴിഞ്ഞ ആറ് വർഷമായി എന്റെ മകന് പരോൾ ലഭിച്ചിട്ടില്ല. ഇതേ കേസിൽ, ഇതേ ശിക്ഷ കിട്ടിയ മറ്റുള്ളവർക്ക് ഇടയ്‌ക്കിടെ പരോൾ കിട്ടുന്നുണ്ട്. സുനിക്ക് പരോൾ കിട്ടുമ്പോൾ മാത്രം എന്താണ് ഇത്രയ്‌ക്ക് വിവാദമാക്കാനുള്ളത്’- സുനിയുടെ അമ്മ ചോദിച്ചു.
ഉപാധിവച്ചാണ് സുനിക്ക് പരോൾ അനുവദിച്ചത്. കണ്ണൂർ, കോഴിക്കോട് ജില്ലയിൽ പ്രവേശിക്കരുത് എന്നാണ് പ്രധാന ഉപാധി. അതിനാൽ, നിലവിൽ വയനാട് ജില്ലയിലാണ് സുനിയുള്ളത്. 2018ലാണ് കൊടി സുനിക്ക് അവസാനമായി പരോൾ ലഭിച്ചത്. മകന് പരോൾ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന് അപേക്ഷ നൽകിയിരുന്നു.
30 ദിവസത്തെ പരോൾ ലഭിച്ചതിനെ തുടർന്ന് കൊടി സുനി ശനിയാഴ്‌ച വൈകിട്ടാണ് തവനൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. പൊലീസ് റിപ്പോർട്ട് എതിരായതിനാൽ ആറ് വർഷമായി കൊടി സുനിക്ക് പരോൾ അനുവദിച്ചിരുന്നില്ല. തടവുശിക്ഷ അനുഭവിക്കവേ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചു, ക്വട്ടേഷൻ സംഘങ്ങളുടെ പ്രവർത്തനം ഏകോപിപ്പിച്ചു, ജയിലുദ്യോഗസ്ഥരെ മർദിച്ചു തുടങ്ങിയ കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് സുനിക്ക് നേരത്തേ പരോൾ കൊടുക്കാതിരുന്നത്.
വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ സഹതടവുകാരുമായി ചേർന്ന് കലാപമുണ്ടാക്കാൻ ശ്രമിച്ചതോടെയാണ് കൊടി സുനിയെ 2023 നവംബർ ഒമ്പതിന് തവനൂരിലേക്ക് മാറ്റിയത്.
Source link