കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശത്തിന് സിപിഎം നേതാക്കള്‍; പി ജയരാജനും പിപി ദിവ്യയും പങ്കെടുത്തു
കണ്ണൂര്‍: കൊലപാതക കേസിലെ പ്രതിയുടെ വീടിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്ത് സിപിഎം നേതാക്കള്‍. പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍, മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, ജില്ലാ പഞ്ചായത്ത് അംഗവും മുന്‍ അദ്ധ്യക്ഷയുമായ പിപി ദിവ്യ തുടങ്ങിയവരാണ് ചടങ്ങില്‍ പങ്കെടുത്തത്. ബിജെപി പ്രവര്‍ത്തകനായിരുന്ന വടക്കുമ്പാട് നിഖിലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീജിത്തിന്റെ പുതിയ വീട്ടിലാണ് നേതാക്കള്‍ എത്തിയത്.
കാരായി രാജന്‍, ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി ഷാഫി, മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. 2008 മാര്‍ച്ചില്‍ നിഖിലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ശ്രീജിത്ത്. ഈ കേസില്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ശിക്ഷ അനുഭവിക്കുകയും ചെയ്യുകയാണ് ശ്രീജിത്ത്.
തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കൊലപാതക കേസില്‍ ശ്രീജിത്തിനെ ശിക്ഷിച്ചത്. ഇതിനിടെ പരോളിലിറങ്ങിയാണ് ശ്രീജിത്ത് ഗൃഹപ്രവേശ ചടങ്ങുകള്‍ക്കായി എത്തിയത്. ഇൗ ചടങ്ങിലാണ് ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ എത്തിയിരിക്കുന്നത്. അക്രമ രാഷ്ട്രീയത്തെ പാര്‍ട്ടിയോ നേതാക്കളോ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് പൊതുസമൂഹത്തില്‍ ആവര്‍ത്തിച്ച് പറയുന്നതിനിടെയാണ് കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശത്തിന് പാര്‍ട്ടി നേതാക്കള്‍ എത്തിയത്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ സംഭവമെന്നതും ശ്രദ്ധേയമാണ്.
അതേസമയം, ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ നല്‍കിയതിനെ ന്യായീകരിച്ചും പി ജയരാജന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. കൊവിഡ് കാലത്ത് പോലും കൊടി സുനിക്ക് പരോള്‍ നല്‍കിയിരുന്നില്ലെന്നാണ് ജയരാജന്‍ പറഞ്ഞത്. സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മിഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജയില്‍ മേധാവി 30 ദിവസത്തെ പരോള്‍ അനുവദിച്ച് ഉത്തരവിറക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Source link