ജിമ്മി കാർട്ടർ ഓർമ്മയായി
വാഷിംഗ്ടൺ : യു.എസ് മുൻ പ്രസിഡന്റും സമാധാന നോബൽ ജേതാവുമായ ജിമ്മി കാർട്ടർ (100) അന്തരിച്ചു. ഞായറാഴ്ച ജോർജിയയിലെ പ്ലെയിൻസിലെ വസതിയിലായിരുന്നു അന്ത്യം. യു.എസിന്റെ 39ാം പ്രസിഡന്റായിരുന്നു.
ഏറെ നാളായി രോഗബാധിതനായ അദ്ദേഹം 2023 ഫെബ്രുവരിയിൽ ആശുപത്രി ചികിത്സ അവസാനിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം വസതിയിൽ കുടുംബത്തിനൊപ്പം പ്രത്യേക പരിചരണത്തിൽ കഴിയുകയായിരുന്നു. യു.എസിന്റെ ചരിത്രത്തിൽ കൂടുതൽ കാലം ജീവിച്ച പ്രസിഡന്റ് എന്ന റെക്കാഡ് അദ്ദേഹത്തിനാണ്.
ഡെമോക്രാറ്റിക് നേതാവായ അദ്ദേഹത്തിന് മനുഷ്യാവകാശങ്ങൾക്കായും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങൾ അവസാനിപ്പിക്കാനും നടത്തിയ ശ്രമങ്ങൾ മുൻനിറുത്തി 2002ൽ സമാധാന നോബൽ ലഭിച്ചു.
കർഷകനിൽ നിന്ന് പ്രസിഡന്റിലേക്ക്
1924 ഒക്ടോബർ 1ന് പ്ലെയിൻസിലാണ് ജിമ്മിയുടെ ജനനം.
യു.എസ് നേവി ലെഫ്റ്റനന്റ് ആയിരുന്ന അദ്ദേഹം ജോർജിയയുടെ മുൻ ഗവർണറാണ്. 1977 -1981 കാലയളവിൽ യു.എസ് പ്രസിഡന്റായി. പ്രസിഡന്റ് പദവിയിലെത്തും മുന്നേ നിലക്കടല കർഷകനായിരുന്നു.
പത്നി റോസലിൻ കാർട്ടർ 2023 നവംബറിൽ 96 – ാം വയസിൽ അന്തരിച്ചു. ജോൺ വില്യം, ജെയിംസ് ഏൾ, ഡോണി ജെഫ്രി, ഏമി ലിൻ എന്നിവരാണ് മക്കൾ.
ത്വക്കിനെ ബാധിക്കുന്ന ക്യാൻസറായ മെലനോമ മുമ്പ് ജിമ്മിയുടെ കരളിലും തലയിലേക്കും ബാധിച്ചിരുന്നു. 2015ൽ ഇതിനെ അതിജീവിച്ചെങ്കിലും നിരന്തരം രോഗങ്ങൾ വേട്ടയാടി. 2019ൽ വസതിയിൽ വീണതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമായി. അവശതകൾക്കിടെയിലും നവംബറിലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ജിമ്മി ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസിനായി വോട്ട് രേഖപ്പെടുത്തിയിരുന്നു.
Source link