വാഷിംഗ്ടൺ: യു.എസിലെ എച്ച് – 1 ബി വിസ സംവിധാനം തകർന്ന നിലയിലാണെന്നും വലിയ പരിഷ്കരണങ്ങൾ ആവശ്യമാണെന്നും ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്ക്. യു.എസ് കമ്പനികൾക്ക് വിദഗ്ദ്ധ വിദേശ തൊഴിലാളികളെ ജോലിക്കെടുക്കാൻ അനുവാദം നൽകുന്നതാണ് എച്ച്- 1 ബി വിസ.
സംവിധാനത്തിന്റെ നിലനിൽപിനായി പോരാടാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലാണ് മസ്കിന്റെ നിലപാട് മാറ്റം. ജനുവരിയിൽ ഡൊണാൾഡ് ട്രംപ് യു.എസ് പ്രസിഡന്റായി അധികാരമേൽക്കാനിരിക്കെ കുടിയേറ്റം കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിൽ സജീവ ചർച്ചയാണ്.
നിലവിലെ എച്ച് – 1 ബി വിസാ സംവിധാനത്തിനെതിരെ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിൽ വിയോജിപ്പുണ്ട്. വിസയുടെ പേരിൽ ട്രംപ് അനുകൂലികൾക്കിടെയിൽ തർക്കം രൂക്ഷമായതോടെ വിസാ പദ്ധതിയെ പിന്തുണച്ച് മസ്ക് രംഗത്തെത്തിയിരുന്നു. പിന്നാലെ മസ്കിന്റെ നിലപാട് ട്രംപും ശരിവച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്ന് എച്ച്-1 ബി വിസയിലെത്തി യു.എസ് പൗരത്വം നേടിയ ആളാണ് മസ്ക്.
സർക്കാരിന്റെ പാഴ്ച്ചെലവുകൾ വെട്ടിക്കുറയ്ക്കാൻ ലക്ഷ്യമിട്ട് ട്രംപ് പ്രഖ്യാപിച്ച സർക്കാർ കമ്മിഷനായ ഡോഷിനെ ( DOGE- ഡിപ്പാർട്ട്മെന്റ് ഒഫ് ഗവൺമെന്റ് എഫിഷ്യൻസി/ കാര്യക്ഷമതാ ഡിപ്പാർട്ട്മെന്റ്) നയിക്കുക മസ്‌കും ടെക് സംരംഭകനും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമിയുമാണ്.
വിവാദങ്ങളുടെ തുടക്കം
ഇന്ത്യൻ അമേരിക്കൻ സംരംഭകൻ ശ്രീറാം കൃഷ്ണനെ വൈറ്റ് ഹൗസിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) നയ ഉപദേഷ്ടാവായി ട്രംപ് നോമിനേറ്റ് ചെയ്തിരുന്നു. മസ്കിന്റെ വിശ്വസ്തനാണ് ഇദ്ദേഹം. ശ്രീറാമിന്റെ നിയമനത്തിനെതിരെ തീവ്ര വലതുപക്ഷ റിപ്പബ്ലിക്കൻമാർ രംഗത്തെത്തിയതോടെയാണ് എച്ച്-1 ബി വിസയെ ചൊല്ലി സംവാദം ഉടലെടുത്തത്. ടെക് മേഖലയിലടക്കം എച്ച്-1 ബി വിസയിലെത്തുന്നവരുടെ എണ്ണം ഉയരുന്നത് അമേരിക്കൻ തൊഴിലാളികളെ ദുർബലപ്പെടുത്തെന്നും വാദമുയർന്നു.
ആവശ്യങ്ങൾ
1. എച്ച് – 1 ബി വിസ സംവിധാനം സമഗ്രമായി പരിഷ്കരിക്കണം. ദുരുപയോഗം തടയണം
2. യോഗ്യത അടിസ്ഥാനമാക്കി തൊഴിലാളികളുടെ പ്രവേശനം ഉറപ്പാക്കണം
3. വിസ ലഭിക്കാൻ വേണ്ട ശമ്പള പരിധി ഉയർത്തണം. ഇത് കൂടുതൽ അമേരിക്കക്കാരെ ജോലിക്കെടുക്കാൻ തൊഴിലുടമകളെ പ്രേരിപ്പിക്കും
കൂടുതലും ഇന്ത്യക്കാർ
പതിനായിരക്കണക്കിന് ഇന്ത്യൻ തൊഴിലാളികൾ നോൺ ഇമിഗ്രന്റ് വിസയായ എച്ച്- 1 ബിയിൽ യു.എസിലെ ഐ.ടി, ടെക് മേഖലയിൽ ജോലിക്കെത്തുന്നു
ഇന്ത്യ, ചൈന രാജ്യങ്ങളിൽ നിന്നുള്ളവർ കൂടുതൽ ആശ്രയിക്കുന്നു
2023ൽ അംഗീകരിച്ച 3,86,000 എച്ച്- 1 ബി വിസകളിൽ 72.3% ഇന്ത്യക്കാർ
Source link