ഉമ തോമസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ സ്റ്റേജിൽ നിന്ന് 14 അടി താഴ്‌ചയിലേക്ക് വീണ് റിനൈ മെഡിസിറ്റിയിൽ ചികിത്സയിലുള്ള ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സി.ടി സ്‌കാനിൽ തലയിലെ പരിക്ക് കൂടുതൽ ഗുരുതരമായിട്ടില്ലെന്ന് കണ്ടെത്തി. ആന്തരിക രക്തസ്രാവം കുറഞ്ഞെങ്കിലും ശ്വാസകോശത്തിലെ നീർക്കെട്ട് കൂടി. അബോധാവസ്ഥയിലാണ്. ബോധം വീണ്ടെടുക്കാനുള്ള ചികിത്സയാണ് ഇന്നലെ പ്രധാനമായും നടത്തിയത്. ആരോഗ്യസ്ഥിതി സൂക്ഷ്‌മമായി വിലയിരുത്തുന്നുണ്ടെന്ന് ഡോക്‌ടർമാർ അറിയിച്ചു.

സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കാഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്തപരിപാടിയിൽ സംഘാടകർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെക്കുറിച്ച് സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയുടെ മേൽനോട്ടത്തിൽ അന്വേഷണം തുടങ്ങി. ജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചു, സംഘാടനത്തിൽ വീഴ്‌ച വരുത്തി എന്നീ കുറ്റങ്ങൾ സംഘാടകർക്കെതിരെ ചുമത്തി. വയനാട് മേപ്പാടിയിലെ മൃദംഗ വിഷനാണ് സംഘാടകർ. കൊച്ചിയിലെ ഓസ്‌കാർ കമ്പനിയായിരുന്നു ഇവന്റ് മാനേജ്‌മെന്റ്. പി.ഡബ്ലിയു.ഡി, ജി.സി.ഡി.എ, ഫയർഫോഴ്‌സ്, ഫോറൻസിക് വിദഗ്ദ്ധർ, പൊലീസ് എന്നിവർ സ്റ്റേഡിയത്തിൽ പരിശോധന നടത്തി.

കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്‌ച രാത്രി ആശുപത്രിയിലെത്തി ഉമ തോമസിന്റെ ആരോഗ്യനില പരിശോധിച്ചിരുന്നു. ഉമയുടെ മക്കളായ ഡോ. വിഷ്‌ണു തോമസ്, വിവേക് തോമസ്, മരുമകൾ ഡോ. ബിന്ദു അബി തമ്പാൻ എന്നിവർ ആശുപത്രിയിലുണ്ട്.

കുറച്ചു ദിവസം കൂടി വെന്റിലേറ്ററിൽ

ഉമ തോമസിന്റെ പ്രധാന ആന്തരികാവയവങ്ങൾ ഭദ്രമാണെങ്കിലും ശ്വാസകോശത്തിനേറ്റ സാരമായ ചതവുമൂലം കുറച്ചുദിവസം കൂടി വെന്റിലേറ്ററിൽ തുടരണമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

വയറിലെ സ്‌കാനിംഗിൽ കൂടുതൽ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ല. കഴുത്തിന്റെ ഭാഗത്തെ നട്ടെല്ലിൽ പൊട്ടലും സ്ഥാനഭ്രംശവും കണ്ടെത്തിയെങ്കിലും അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ല

മൂന്നുപേർ അറസ്റ്റിൽ

വേദിയും പന്തലും ഒരുക്കിയ ഓസ്‌കാർ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ മാനേജർ കൃഷ്ണകുമാർ, സ്റ്റേജ് നിർമ്മിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ വിഷൻ സി.ഇ.ഒ ഷെമീർ അബ്ദുൾ റഹീം എന്നിവരെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. മൃദംഗ വിഷൻ എം.ഡി നിഘോഷ്‌കുമാർ, ഇവന്റ് മാനേജ്മെന്റ് ഉടമ പി.എസ്.ജനീഷ് എന്നിവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകി.

ഒരാൾക്ക് നടക്കാൻ

ഇടമുണ്ടായില്ല1.അപകടകരമായ രീതിയിൽ അശ്രദ്ധയോടെയാണ് വി.ഐ.പികൾക്ക് ഇരിക്കാനായുള്ള സ്റ്റേജ് നിർമ്മിച്ചതെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തൽ

2.സ്റ്റേജിന്റെ മുൻവശത്ത് ഒരാൾക്ക് നടന്നുപോകാൻ പോലും സ്ഥലമില്ലായി​രുന്നു. കൈവരി സ്ഥാപിച്ചില്ല. ഇത് അപകടത്തിന് ഇടയാക്കിയതെന്ന് പൊലീസിന്റെ വിലയിരുത്തൽ

“സ്വകാര്യ പരിപാടികൾക്ക് വിവിധ വകുപ്പുകളിൽ നിന്ന് അനുമതി വാങ്ങേണ്ടതുണ്ട്. പി.ഡബ്‌ള്യു.ഡി, പൊലീസ് എന്നിവർക്ക് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും

-പുട്ട വിമലാദിത്യ, കമ്മിഷണർ,
കൊച്ചി സിറ്റി പൊലീസ്


Source link
Exit mobile version