‘ഒരിക്കലും നിങ്ങളോടു നുണപറയില്ല’,തിരഞ്ഞെടുപ്പിൽ വിശാലമായ ചിരിയോടെ ജിമ്മി കാർട്ടർ നൽകിയ വാഗ്ദാനം

“ഞാൻ ജിമ്മി കാർട്ടർ. പ്രസിഡന്റാകാൻ മത്സരിക്കുന്നു. ഞാൻ ഒരിക്കലും നിങ്ങളോടു നുണപറയില്ല.” 1976-ലെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിശാലമായ ചിരിയോടെ ജിമ്മി കാർട്ടർ നൽകിയ വാഗ്ദാനം അമേരിക്കക്കാർക്ക് ഇഷ്ടപ്പെട്ടു. റിപ്പബ്ലിക്കൻ പാർട്ടിയുടെ റിച്ചഡ് നിക്സൺ ‘വാട്ടർഗേറ്റ്’ അഴിമതിയിൽപ്പെട്ട് പ്രസിഡന്റ് സ്ഥാനം രാജിവെച്ചൊഴിഞ്ഞിട്ട് രണ്ടുവർഷമേ ആയിരുന്നുള്ളൂ. നിക്സന്റെ വൈസ് പ്രസിഡന്റ് ജെറാൾഡ് ഫോർഡായിരുന്നു പ്രസിഡന്റ് പദത്തിൽ. ഡെമോക്രാറ്റിക് പാർട്ടിസ്ഥാനാർഥിയായ കാർട്ടർക്കെതിരേ മത്സരിച്ചതും ഫോർഡായിരുന്നു. ജോർജിയ ഗവർണറായിരുന്ന കാർട്ടർ വാഷിങ്ടണിലെ രാഷ്ട്രീയവൃന്ദത്തിൽ അത്ര പരിചിതനല്ലായിരുന്നു. പക്ഷേ, നിക്സൺ ശേഷിപ്പിച്ച അഴിമതിക്കറ തുണയായി. കാർട്ടർ ജയിച്ചു.ജോർജിയയിലെ പ്ലെയിൻസിൽ കർഷകകുടുംബത്തിൽ ജനിച്ചുവളർന്ന ജിമ്മി കാർട്ടർ ഹ്രസ്വകാല പട്ടാളസേവനത്തിനും കാർഷികബിസിനസിനും ശേഷമാണ് രാഷ്ട്രീയത്തിലെത്തിയത്. 1971 മുതൽ 75 വരെ ജോർജിയ ഗവർണർ. അതുകഴിഞ്ഞ് നേരേ പ്രസിഡന്റ് പദവിയിലേക്ക്.
Source link