തിരുവനന്തപുരം: സുഗതകുമാരിയുടെ നവതി സമാപന ആഘോഷങ്ങൾ ജനുവരി 19 മുതൽ 22 വരെ ആറന്മുളയിലെ ശ്രീവിജയാനന്ദ വിദ്യാപീഠത്തിൽ നടക്കും. 22ന് വൈകിട്ട് 3ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുമെന്ന് ആഘോഷ സമിതി ഭാരവാഹികളായ കുമ്മനം രാജശേഖരൻ, സൂര്യകൃഷ്ണമൂർത്തി,ഡോ.ജി.ശങ്കർ,ഡോ. സുഭാഷ് ചന്ദ്രബോസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസിനെ പരിസ്ഥിതി സംരക്ഷത്തിനുള്ള സുഗതനവതി പുരസ്കാരം നൽകും. ആഘോഷ സമിതി അംഗവും മുൻ എം.പിയുമായ പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.
19ന് വിദ്യാർത്ഥികൾക്കായി ‘സുഗതകുമാരി കവിതകളുടെ ആലാപന മത്സരവും ‘സുഗതകുമാരി കവിതകളിലെ പാരിസ്ഥിതികാശയങ്ങൾ’ എന്ന വിഷയത്തിൽ ഉപന്യാസ മത്സരവും,ശില്പശാലയും നടത്തും. 21ന് ‘പൈതൃകവും പരിസ്ഥിതിയും’ എന്ന വിഷയത്തിൽ ദേശീയ ശില്പശാലയിൽ ആറന്മുളപള്ളിയോടം,കണ്ണാടി,പടയണി തുടങ്ങിയവയെക്കുറിച്ചുള്ള ചർച്ചയുമുണ്ടായിരിക്കും. സുഗതകുമാരിയുടെ ജീവിത സംഭവങ്ങളെയും കവിതകളെയും കോർത്തിണക്കിയുള്ള ‘സുഗതദർശൻ’ എന്ന ചിത്രപ്രദർശനവും നടക്കും.
ജനുവരി 11ന് മാലക്കര കൊച്ചുരാമൻ വൈദ്യരുടെ തറവാടു മുതൽ സുഗതകുമാരിയുടെ ജന്മഗൃഹം 23 പൈതൃകനടത്തവും (ഹെരിറ്റേജ് വാക്ക്) സംഘടിപ്പിക്കും. ഈ പഠന യാത്ര സാംസ്‌ക്കാരിക പഠന ഗവേഷകനായ ഡോ.എം ജി.ശശിഭൂഷൺ ഉദ്ഘാടനം ചെയ്യും. നിയമസഭാ ചീഫ് വിപ്പ് എൻ.ജയരാജ് അദ്ധ്യക്ഷത വഹിക്കും.
Source link