വിഴിഞ്ഞം: കടബാദ്ധ്യതയിൽ മനംനൊന്ത് സി.പി.എം ജില്ലാ സമ്മേളനവേദിക്കരികിൽ തീ കൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കഴിഞ്ഞ 23ന് കോവളത്ത് സമ്മേളനവേദിക്കരികിൽ വച്ച് ശരീരത്തിൽ പെട്രോൾ ഒഴിച്ച ശേഷം തീകൊളുത്തിയ വിഴിഞ്ഞം വട്ടവിള വീട്ടിൽ രതീഷാണ് (43) ഇന്നലെ മരിച്ചത്.
70 ശതമാനത്തിൽ അധികം പൊള്ളലേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.ആശുപത്രിയിലെത്തി മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയിരുന്നു. കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് മൊഴി നൽകിയതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.കൂലിപ്പണിക്കാരനായ രതീഷിന് ബാങ്ക് ബാധ്യത ഉൾപ്പെടെ കടം ഉണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്.
സമ്മേളനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയതിനു പിന്നാലെ കലാപരിപാടി നടന്ന വേദിക്കരികിൽ രാത്രി 10.15 ഓടെയായിരുന്നു രതീഷ് തീകൊളുത്തിയത്. അതിനു മുമ്പ് രണ്ട് തവണ വേദിയിൽ കയറാൻ ശ്രമിച്ചെങ്കിലും വോളണ്ടിയർമാർ തടഞ്ഞു. പ്രവർത്തകർ വേദിയുടെ ഇടതു വശത്തേക്ക് മാറ്റി.അവിടെ കസേരയിലിരുന്നശേഷം കൈയിൽ കരുതിയിരുന്ന പെട്രോൾ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു.ഭാര്യയും മക്കളും സമീപത്തിരുന്ന് കലാപരിപാടി കാണുന്നുണ്ടായിരുന്നു.
സി.പി.എം പ്രവർത്തകർ ഓടിയെത്തി ചാക്കും ടാർപാളിനുമുപയോഗിച്ച് തീകെടുത്തി രതീഷിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.ആശയാണ് ഭാര്യ.മക്കൾ:കാശി, കിരൺ,കൗശൽ
Source link