INDIALATEST NEWS

മൈക്ക് ചതിച്ച ഇന്ത്യാസന്ദർശനം; ജിമ്മി കാർട്ടർക്ക് മൊറാർജി ദേശായിയോടുള്ള അനിഷ്ടം ലോകം മുഴുവൻ കേട്ടു

മൈക്ക് ചതിച്ച ഇന്ത്യാസന്ദർശനം; ജിമ്മി കാർട്ടർക്ക് മൊറാർജി ദേശായിയോടുള്ള അനിഷ്ടം ലോകം മുഴുവൻ കേട്ടു | മനോരമ ഓൺലൈൻ ന്യൂസ് – Jimmy Carter’s 1978 India visit: Jimmy Carter’s 1978 visit to India was hampered by a controversial whisper overheard by entire audience and his inability to sway India’s nuclear policy | India News Malayalam | Malayala Manorama Online News

മൈക്ക് ചതിച്ച ഇന്ത്യാസന്ദർശനം; ജിമ്മി കാർട്ടർക്ക് മൊറാർജി ദേശായിയോടുള്ള അനിഷ്ടം ലോകം മുഴുവൻ കേട്ടു

ആർ. പ്രസന്നൻ

Published: December 31 , 2024 02:07 AM IST

1 minute Read

ജിമ്മി കാർട്ടർ (Photo by Scott Cunningham / GETTY IMAGES NORTH AMERICA / Getty Images via AFP)

ന്യൂഡൽഹി ∙ ‘മടങ്ങിയെത്തിക്കഴിഞ്ഞ് ഞാൻ ഇയാൾക്ക് ഒരു തണുത്ത പരന്ന കത്തെഴുതും’– സഹായിയോടു മന്ത്രിച്ചപ്പോൾ മേശപ്പുറത്തെ മൈക്ക് ഓൺ ആയിരുന്നുവെന്ന് ജിമ്മി കാർട്ടർ അറിഞ്ഞില്ല. സദസ്സ് മുഴുവൻ ഇതു കേട്ടതോടെ യുഎസ് പ്രസിഡന്റിന്റെ 1978 ലെ ഇന്ത്യാസന്ദർശനം പാളി. ‘ഇയാൾ’ എന്ന് ഉദ്ദേശിച്ചത് ആതിഥേയനായ പ്രധാനമന്ത്രി മൊറാർജി ദേശായിയെ.

1974 ൽ ആണവപരീക്ഷണം നടത്തിയ ഇന്ദിരാഗാന്ധി ഭരണകൂടത്തെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ ജനതാ പാർട്ടി സർക്കാരിനെക്കൊണ്ട് ആണവനിർവ്യാപനക്കരാറിൽ ഒപ്പിടുവിക്കാൻ സമ്മർദം ചെലുത്തുകയായിരുന്നു കാർട്ടറുടെ പ്രധാന ആഗമനോദ്ദേശ്യം; ഒപ്പം, ഏതാനും വലതുപക്ഷക്കാർ പുതിയ സർക്കാരിലുള്ളതിനാൽ ഇന്ദിരയുടെ കാലത്തെ സോവിയറ്റ് ചായ്‌വ് മാറ്റിയെടുക്കാമോ എന്നു ശ്രമിക്കാനും.

രണ്ടിലും കാർട്ടർ പരാജയപ്പെട്ടു. ഇന്ദിരയുടെ ആണവനയത്തെ വ്യക്തിപരമായി അനുകൂലിച്ചിരുന്നില്ലെങ്കിലും ഭരണകൂടത്തിന്റെ നയം മാറ്റുന്ന കാര്യം വെറുതേയങ്ങു തീരുമാനിക്കാൻ ദേശായി തയാറായില്ല. കാർട്ടറുടെ എല്ലാ അഭ്യർഥനകളോടും തണുത്ത പ്രതികരണമായിരുന്നു ദേശായിക്ക്. ഒടുവിൽ സഹികെട്ട കാർട്ടർ സഹായിയോട് ഇത്രയും പറഞ്ഞത് ലോകം മുഴുവൻ അറി‍ഞ്ഞു.
1977–81 കാലത്തെ കാർട്ടറുടെ ഭരണം അവസാനിച്ചതും യുഎസ് നേരിട്ട മറ്റൊരു മാനക്കേടിലായിരുന്നു. യുഎസ് പക്ഷപാതിയായിരുന്ന ഷാ ചക്രവർത്തിയുടെ ഭരണം അവസാനിപ്പിച്ച് ഇറാനിൽ അധികാരത്തിലെത്തിയ ഭരണകൂടം യുഎസിനെതിരെ തിരിഞ്ഞെന്നു മാത്രമല്ല, ഭരണകൂടത്തിന്റെ പിന്തുണയുണ്ടെന്നു പറയപ്പെടുന്ന ഏതാനും വിദ്യാർഥികൾ ടെഹ്റാനിലെ യുഎസ് എംബസി കയ്യടക്കി ജീവനക്കാരെ ബന്ദികളാക്കുകയും ചെയ്തു. നയതന്ത്രം പരാജയപ്പെട്ടപ്പോൾ ഇറാഖിൽനിന്നു കമാൻഡോ ഓപ്പറേഷനിലൂടെ അവരെ രക്ഷപ്പെടുത്താനുള്ള നീക്കം ഹെലികോപ്റ്റർ അപകടം മൂലം പരാജയപ്പെട്ടതോടെ യുഎസിന് ആകെ മാനക്കേടായി.

അതേസമയം, കാർട്ടറുടെ ഭരണം പരാജയമെന്നു പറയാനുമാകില്ല. ഇരുപതാം നൂറ്റാണ്ടിൽ മധ്യപൂർവദേശത്തു നടന്ന ഏറ്റവും നാടകീയവും വിജയകരവുമായ നയതന്ത്രവിപ്ലവത്തിനു ചുക്കാൻ പിടിച്ചതു കാർട്ടറാണ്. അറബ് നിരകളിൽ ഇസ്രയേലിന്റെ പ്രധാന ശത്രുവായിരുന്ന ഈജിപ്തിനെ ആഴ്ചകൾ മാത്രം നീണ്ട നയതന്ത്രനീക്കത്തിലുടെ അവരുടെ ചങ്ങാതിമാരാക്കി. ഇരുരാജ്യങ്ങളുടെയും ഭരണാധികാരികളെ യുഎസിലെ ക്യാംപ് ഡേവിഡിലെത്തിച്ച് ഉടമ്പടി ഒപ്പിടുവിക്കാൻ കാർട്ടർ വഴിയൊരുക്കി; ഒപ്പം, സോവിയറ്റ് പക്ഷപാതമുണ്ടായിരുന്ന ഈജിപ്തിനെ അമേരിക്കൻ ചേരിയിലെത്തിക്കാനും.
കാർട്ടറെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ റിപ്പബ്ലിക്കൻ പാർട്ടിയുടെ റൊണാൾഡ് റെയ്ഗനാണ് സോവിയറ്റ് യൂണിയനുമായുള്ള ശീതയുദ്ധം വിജയിച്ചതെന്നാണു പൊതുവേ പറയപ്പെടുന്നത്. അതല്ല, സോവിയറ്റ് യൂണിയന്റെ തകർച്ചയല്ലെങ്കിലും പതർച്ചയ്ക്കെങ്കിലും വഴിയൊരുക്കിയതു കാർട്ടറാണെന്നു കരുതുന്ന നയതന്ത്രചരിത്രകാരന്മാരുണ്ട്.

ആഗോളനയതന്ത്രത്തിൽ മനുഷ്യാവകാശങ്ങൾ ധാർമികമൂല്യമായി എടുത്തിട്ടതു കാർട്ടറാണ്. ഇതിലൂടെ കമ്യൂണിസ്റ്റ് വ്യവസ്ഥിതിയിൽ മനുഷ്യാവകാശങ്ങൾക്കു സ്ഥാനമില്ലെന്ന വാദം പരത്താൻ അദ്ദേഹത്തിനു സാധിച്ചു. സോവിയറ്റ് പക്ഷത്തേക്കു ചാഞ്ഞിരുന്ന പല മൂന്നാം ലോകരാജ്യങ്ങളിലും ഇടതുപക്ഷ രാഷ്ട്രീയാശയങ്ങൾക്കു ബുദ്ധിജീവികളുടെയും തൊഴിലാളികളുടെയും ഇടയിൽ പ്രചാരമുണ്ടായിരുന്ന യൂറോപ്പിലും ഈ വാദം കേട്ടുതുടങ്ങി. സോവിയറ്റ് വ്യവസ്ഥിതിയുടെ ധാർമികത ഇതോടെ ചോദ്യംചെയ്യപ്പെട്ടു തുടങ്ങിയതാണ് ഒടുവിൽ അതിനെ പതനത്തിലേക്ക് എത്തിച്ചതെന്നാണു പല പണ്ഡിതരും വാദിക്കുന്നത്.

English Summary:
Jimmy Carter’s 1978 India visit: Jimmy Carter’s 1978 visit to India was hampered by a controversial whisper overheard by entire audience and his inability to sway India’s nuclear policy

mo-politics-leaders-morarji-desai mo-news-common-malayalamnews r-prasannan 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 39ku4mccni2nbjna1p3pt4l6im 6anghk02mm1j22f2n7qqlnnbk8-list mo-news-world-countries-unitedstates


Source link

Related Articles

Back to top button