കൊച്ചി നഗരവാസികൾ 2018ലെ മഹാപ്രളയത്തിൽ നേരിട്ട പ്രധാന പ്രശ്‌നത്തിന് പരിഹാരമായി

കൊച്ചി: ജലാശയങ്ങളിലുണ്ടാകുന്ന അപകടങ്ങൾ, വെള്ളപ്പൊക്കം എന്നിവയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ കൊച്ചി കായലിൽ ഡിങ്കിബോട്ടുകൾ എത്തുന്നു. സംസ്ഥാന ജലഗതാഗതവകുപ്പാണ് പുതിയ അഞ്ച് ഡിങ്കിബോട്ടുകൾ ഇറക്കുന്നത്. ഇതിന്റെ ഉദ്ഘാടനം ഈമാസം നടക്കും. ഇതിൽ ഒരുബോട്ടാണ് കൊച്ചിക്കായി നൽകുക.

2018ലെ വെള്ളപ്പൊക്കത്തെ തുടർന്നാണ് ജീവൻരക്ഷാ പ്രവർത്തനങ്ങൾക്കായി ഡിങ്കിബോട്ടുകൾ നിർമ്മിക്കാൻ ജലഗതാഗതവകുപ്പ് തീരുമാനിച്ചത്. അഞ്ച്‌ബോട്ടുകൾ ഓരോ സ്ഥലങ്ങൾക്കായി കൈമാറും.ബോട്ടുകൾക്ക് കടന്നുചെല്ലാൻ കഴിയാത്ത ചെറിയ കൈവഴികളിലടക്കം ഇവ ഉപയോഗിക്കാം. വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ പാലത്തിനടിയിലൂടെ വള്ളങ്ങൾക്കും ബോട്ടുകൾക്കുംപോകാൻ പറ്റാത്ത സാഹചര്യം 2018ൽനേരിട്ടിരുന്നു. ഡിങ്കിബോട്ടുകളാകുമ്പോൾ ഈ പ്രശ്നമുണ്ടാകില്ല. എത്ര ചെറിയ കനാലുകളാണെങ്കിലും സുരക്ഷിതമായി എത്താൻ സാധിക്കും. അരൂർ ആസ്ഥാനമായ പ്രാഗ മറൈൻ പ്രൈവറ്റ് ലിമിറ്റഡാണ്‌ ബോട്ട് നിർമ്മിച്ചത്. ജലഗതാഗത വകുപ്പ് ജീവനക്കാർ തന്നെയാണ് ഇത് പ്രവർത്തിപ്പിക്കുക.

എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന ലളിതമായ രീതിയിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഒരുബോട്ടിന് അറുലക്ഷം രൂപയാണ് നിർമ്മാണ ചെലവ്.4.5 മീറ്റർ നീളവും 2 മീറ്റർ വീതിയുമുള്ളബോട്ടിൽ 10പേർക്ക് യാത്ര ചെയ്യാൻ സാധിക്കും. ആറ്‌നോട്ടിക്കൽ മൈലാണ്‌ വേഗത.

ജനവാസം കുറഞ്ഞ ഉൾനാടൻ ജലപാതകളിൽ യാത്രാസൗകര്യം ഒരുക്കുന്നതിനും ഇടത്തോടുകളിലൂടെയുള്ള വിനോദസഞ്ചാരത്തിനും ഡിങ്കിബോട്ടുകൾ ഉപയോഗിക്കാൻ സാധിക്കും.ബോട്ട് അപകടങ്ങളുണ്ടായാൽവേഗത്തിലെത്തി ഇവരെ രക്ഷിക്കാനും. സർവീസിനിടയിൽബോട്ട്‌കേടായാൽ യാത്രക്കാരെ സുരക്ഷിതമായി മാറ്റാനും ഇവ ഉപയോഗിക്കാം.

പാലങ്ങളിൽനിന്നും സഞ്ചരിക്കുന്ന ബോട്ടുകളിൽ നിന്നും ആളുകൾ കായലിലേയ്ക്ക് ചാടുന്ന സന്ദർഭങ്ങളിൽ അടിയന്തരമായി രക്ഷാപ്രവർത്തനം നടത്തുന്നതിനും ഡിങ്കിബോട്ടുകൾ സഹായമാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.


ജീവൻ രക്ഷാപ്രവർത്തനങ്ങൾക്ക് പുറമെ ടൂറിസത്തിനും ഇവ ഉപയോഗിക്കാൻ സാധിക്കും. ആലപ്പുഴ, കൊല്ലം, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് ടൂറിസത്തിന് ഇവ ഉപയോഗിക്കുക. ഇതിന്റെ നിരക്ക് തീരുമാനിച്ചിട്ടില്ല. വിനോദ സഞ്ചാരമേഖലയ്ക്കും മുതൽക്കൂട്ടുമാകുമെന്നാണ് പ്രതീക്ഷ.

പ്രത്യേകതകൾ

1ബോട്ടുകൾ നിർമ്മിക്കുന്നത് ഫൈബറിൽ

2 എയർ നിറച്ചാണ് ഉപയോഗിക്കുന്നത്

3 ലക്ഷ്യസ്ഥാനങ്ങളിൽ വാഹനങ്ങളിൽ എത്തിക്കാം

4 നിർമ്മാണ ചെലവ് – 6 ലക്ഷം

5വേഗത 6നോട്ടിക്കൽ മൈൽ

6 നീളം 4.5 മീറ്റർ, വീതി 2 മീറ്റർ

7. സഞ്ചരിക്കാവുന്നവർ 10


Source link
Exit mobile version