കൊച്ചിക്കാരുടെ കുടുംബ ബഡ്ജറ്റ് ജനുവരി ഒന്ന് മുതൽ താളം തെറ്റും, വില നേരെ ഇരട്ടിയിലേക്ക്, 11 വർഷത്തിന് ശേഷം

കൊച്ചി: കുടിവെള്ളത്തിനായി ടാങ്കർ സേവനങ്ങളെ ആശ്രയിക്കുന്ന കൊച്ചിയിലെ ആപ്പാർട്ട്‌മെന്റ് സമുച്ചയങ്ങളുടെയും സ്ഥാപനങ്ങളുടെയും പുതുവർഷത്തിന്റെ തുടക്കം ദുഷ്‌കരമായേക്കും. നിലവിൽ ലിറ്ററിന് 10 പൈസ ഈടാക്കുന്ന വാട്ടർ ടാങ്കർ ട്രാൻസ്‌പോർട്ടർമാർ ജനുവരി 1 മുതൽ 18,000 ലിറ്ററിൽ കൂടുതൽ ശേഷിയുള്ള വാട്ടർ ടാങ്കറുകളുടെ നിരക്ക് 100% വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. 11 വർഷങ്ങൾക്ക് ശേഷമാണ് നിരക്ക് വർദ്ധിപ്പിക്കാൻ ഡീലർമാർ തീരുമാനിച്ചിരിക്കുന്നത്.
പ്രവർത്തന ചെലവിലെ വർദ്ധനയും വെളളം ശേഖരിക്കാൻ ദൂരസ്ഥലങ്ങളിലേക്ക് പോകുന്നതുമാണ് നിരക്ക് വർദ്ധിപ്പിക്കാൻ കാരണമായതെന്ന് എറണാകുളം ജില്ലാ കുടിവെള്ള ട്രാൻസ്‌പോർട്ടേഴ്സ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറി ആർ രാമചന്ദ്രൻ പറഞ്ഞു. നഗരത്തിലെ പ്രധാനപ്പെട്ട ഹോട്ടലുകൾ, ആശുപത്രി, അപ്പാർട്ട്‌മെന്റ്, കോസ്റ്റ് ഗാർഡ്, നേവൽ ബേസ്, ജില്ലാ കളക്ട്രേറ്റ് എന്നിവിടങ്ങൾ എല്ലാം ടാങ്കർ കുടിവെള്ളത്തെ ആശ്രയിക്കുന്നുണ്ട്. 450ഓളം ടാങ്കറുകളാണ് ഇവിടങ്ങളിൽ വെള്ളം വിതരണം ചെയ്യുന്നത്.
2000, 6000, 18,000, 23,000, 25,000, 30,000, 35,000 ലിറ്റർ എന്നിങ്ങനെ ശേഷിയുള്ള വാഹനങ്ങളാണുള്ളത്. ഇവ ഓരോന്നും ദിവസം അഞ്ച് ട്രിപ്പോളം ഓടും. നിർദ്ദിഷ്ട നിരക്ക് അനുസരിച്ച്, 18,000 ലിറ്റർ ടാങ്കറിന്റെ സേവനം ഉപയോഗിക്കുന്ന ഒരു സ്ഥാപനം ഒരു ട്രിപ്പിന് 3,600 രൂപ നൽകേണ്ടിവരും. ഇത്തരത്തിലുള്ള അഞ്ച് ട്രിപ്പുകൾക്ക് സർവീസ് ചാർജ് കൂടാതെ പ്രതിദിനം 18,000 രൂപ വരെ വെള്ളത്തിന്റെ ചെലവ് വന്നേക്കാം.
അടുത്തിടെ ഏലൂർ, ചൂർണിക്കര പഞ്ചായത്തുകൾ പെരിയാറിന് സമീപത്തെ കിണറുകളിൽ നിന്ന് വെള്ളമെടുക്കുന്നത് തടഞ്ഞ് വിതരണക്കാർക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. നിരക്ക് വർദ്ധിപ്പിക്കാൻ ഇതും ഒരു കാരണമാണ്. വെള്ളത്തിനായി ഇപ്പോൾ ഞങ്ങൾ കേരള വാട്ടർ അതോറിറ്റിയെയും നഗരത്തിന്റെ പ്രാന്ത പ്രദേശത്തുള്ള ഏതാനും കിണറുകളെയുമാണ് ആശ്രയിക്കുന്നതെന്ന് അസോസിയേഷൻ പ്രസിഡന്റ് വി എ സാക്കിർ ഹുസൈൻ പറഞ്ഞു.
കുടിവെള്ള ക്ഷാമത്തിന് പുറമെ, ഇന്ധന ചാർജ്, വാഹന ഇൻഷുറൻസ്, റോഡ് നികുതി, സ്‌പെയർ പാർട്സ് വില, ജീവനക്കാരുടെ വേതനവും അലവൻസും, മെയിന്റനൻസ് ചെലവ് തുടങ്ങിയ ചെലവുകളിലെ വർദ്ധനവും വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. അതേസമയം, നഗരത്തിലെ എല്ലാ പൗരന്മാർക്കും സൗജന്യമായി വെള്ളം എത്തിക്കാൻ കേരള വാട്ടർ അതോറിറ്റിക്കും കോർപ്പറേഷനും ഉത്തരവാദിത്തമുണ്ടെന്ന് എറണാകുളം ജില്ലാ റസിഡന്റ്സ് അസോസിയേഷൻ അപെക്സ് കൗൺസിൽ പ്രസിഡന്റ് രംഗനാഥ പ്രഭു പറഞ്ഞു.
Source link