കൊച്ചി: ഫീഡര്‍ ബസ് സര്‍വീസ് ഉള്‍പ്പെടെയുള്ള പുതിയ സൗകര്യങ്ങളും സംവിധാനങ്ങളും യാത്രക്കാര്‍ക്കായി ഒരുക്കുന്നതിനിടെ കൊച്ചി മെട്രോയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം 200.99 കോടി രൂപയായിരുന്നു കെഎംആര്‍എല്ലിന്റെ വരുമാനം. ഇപ്പോഴത് 246.41 കോടിയായി ഉയര്‍ന്നിരിക്കുകയാണ്.
കൊച്ചി മെട്രോയുടെ പ്രവര്‍ത്തന വരുമാനം 151.30 കോടിയും മറ്റ് മാര്‍ഗങ്ങളില്‍ നിന്നുള്ള വരുമാനം 95.11 കോടിയുമാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 45.42 കോടിയുടെ വര്‍ദ്ധനവാണ് വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍ വരുമാനത്തില്‍ വര്‍ദ്ധനവുണ്ടായെങ്കിലും ആശ്വസിക്കാനുള്ള വകയായിട്ടില്ല. കാരണം വരുമാനത്തേക്കാള്‍ വലിയ നഷ്ടമാണ് കൊച്ചി മെട്രോയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആലുവ മുതല്‍ തൃപ്പൂണിത്തുറ ടെര്‍മിനല്‍ വരെയുള്ള 28 കിലോമീറ്റര്‍ ദൂരമാണ് നിലവില്‍ കൊച്ചി മെട്രോയുടെ സര്‍വീസ്.
ഫെയര്‍ ബോക്സ് വരുമാനം, നോണ്‍-ഫെയര്‍ ബോക്സ് വരുമാനം, ബാഹ്യ പ്രോജക്റ്റുകള്‍, പലിശ വരുമാനം, ഇന്‍ഡ്എഎസ് അഡ്ജസ്റ്റ്മെന്റുകള്‍ തുടങ്ങിയവ ഉള്‍പ്പെടെയാണ് 246.41 കോടിയുടെ വരുമാനം. എന്നാല്‍ വരുമാന വര്‍ദ്ധനവിനേക്കാള്‍ കൂടുതലാണ് നഷ്ടങ്ങളുടെ കണക്കെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ കൊച്ചി മെട്രോയ്ക്കുണ്ടായത് 433.49 കോടി രൂപയുടെ നഷ്ടം. അതിനു മുന്‍പുള്ള സാമ്പത്തികവര്‍ഷത്തില്‍ നഷ്ടം 335.71 കോടി രൂപയായിരുന്നു. ഏകദേശം നൂറ് കോടി രൂപയുടെ വര്‍ദ്ധനയാണ് നഷ്ടത്തിലുണ്ടായിരിക്കുന്നത്.
വായ്പ ഇനത്തിലുള്ള തിരിച്ചടവും കൊച്ചി മെട്രോയില്‍ ബാക്കിയുണ്ട്. ഫ്രഞ്ച് ഏജന്‍സിയായ എ.എഫ്.ഡി.യില്‍ 1019.79 കോടി രൂപയും കാനറ ബാങ്കില്‍ 1386.97 കോടി രൂപയും വായ്പയുണ്ട്. മെട്രോ ഒന്നാംഘട്ടത്തിന്റെ നിര്‍മാണത്തിനായി എടുത്ത വായ്പയാണിത്. കാനറ ബാങ്ക്, യൂണിയന്‍ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 672.18 കോടി രൂപയും വായ്പയായുണ്ട്. ഇതിനുപുറമേ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍നിന്ന് 141 കോടി രൂപയും ഹഡ്കോയില്‍ നിന്ന് 577.61 കോടി രൂപയും വായ്പ എടുത്തിട്ടുണ്ട്.
അതിനിടെ മൂന്നാഘട്ട നിര്‍മാണത്തിന് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. കൊച്ചി മൂന്നാം ഘട്ടത്തിന് പുറമേ തിരുവനന്തപുരം, കൊഴിക്കോട് മെട്രോ റെയില്‍ പദ്ധതികള്‍ക്കും കേരളം അനുമതി തേടിയിട്ടുണ്ട്. ഇതില്‍ തിരുവനന്തപുരം മെട്രോയുടെ അനുമതിയാണ് ആദ്യം നേടിയെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
Source link