‘അവളുടെ വിവാഹത്തിന് ഞാൻ തയാറായിരുന്നില്ല’; സഹോദരിയെക്കുറിച്ച് വികാരഭരിതയായി സായ് പല്ലവി
‘അവളുടെ വിവാഹത്തിന് ഞാൻ തയാറായിരുന്നില്ല’; സഹോദരിയെക്കുറിച്ച് വികാരഭരിതയായി സായ് പല്ലവി
മനോരമ ലേഖിക
Published: December 30 , 2024 03:21 PM IST
1 minute Read
സഹോദരി പൂജ കണ്ണന്റെ വിവാഹത്തിന്റെ മൂന്നാം മാസം വികാരഭരിതമായ കുറിപ്പ് പങ്കുവച്ച് നടി സായ് പല്ലവി. കുറിപ്പിനൊപ്പം സഹോദരിയുടെ വിവാഹത്തിന്റെ ചില പുറത്തുവിടാത്ത ചിത്രങ്ങളും സായ് പല്ലവി പങ്കുവച്ചിട്ടുണ്ട്. താരത്തിന്റെ സഹോദരി പൂജ കണ്ണനും വിനീത് ശിവകുമാറും തമ്മിലുള്ള വിവാഹം സെപ്റ്റംബറിൽ ഊട്ടിയിൽ വച്ച് പരമ്പരാഗത ബഡഗ ചടങ്ങിലാണ് നടന്നത്. അനുജത്തിയെ ഇത്രപെട്ടെന്ന് ഒരു വധുവായി കാണാൻ താൻ തീരെ തയ്യാറായിരുന്നില്ല എന്ന് സായി പല്ലവി പറയുന്നു. തനിക്ക് പരിചയമില്ലാത്ത കാര്യമായതുകൊണ്ട് അനുജത്തിക്ക് എല്ലായ്പ്പോഴും നൽകുന്ന പോലെയുള്ള ഉപദേശം ഇക്കുറി നൽകാൻ കഴിഞ്ഞില്ലെങ്കിലും വിനീത് പൂജയെ സ്നേഹത്തോടെ ഒപ്പം കൂട്ടുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നു സായ് പല്ലവി കുറിച്ചു.
സായ് പല്ലവിയുടെ വാക്കുകൾ: “എന്റെ സഹോദരിയുടെ കല്യാണം എന്റെയും ജീവിതത്തിലെ അടുത്ത ഘട്ടത്തിന്റെ ആരംഭമായിരിക്കുമെന്ന് ഞാൻ കരുതിയില്ല. വിവാഹ ചടങ്ങിൽ പങ്കെടുത്ത പ്രിയപ്പെട്ടവരെല്ലാം സന്തോഷാശ്രുക്കളോടെ നവദമ്പതികളെ അനുഗ്രഹിക്കുന്നതിനും സന്തോഷത്താൽ ചുവടു വയ്ക്കുന്നതിനും സാക്ഷിയാകാൻ കഴിഞ്ഞു. പൂജയെ ഈ വലിയ ചുവടുവെപ്പിലേക്ക് നയിക്കാൻ ഞാൻ ആദ്യമൊന്നും തയാറായിരുന്നില്ല. അതുപോലെ തന്നെ എനിക്ക് ഇക്കാര്യത്തിൽ മുൻപരിചയമില്ലാത്തതുകൊണ്ട് ഞാൻ എപ്പോഴും ചെയ്യുന്നതുപോലെ ഇത്തവണ അവൾക്ക് വേണ്ട ഉപദേശങ്ങൾ നൽകാനും കഴിഞ്ഞില്ല. പക്ഷേ, എന്റെ പ്രിയപ്പെട്ട വിനീത് ഞാൻ ചെയ്യുന്നതിനേക്കാളേറെ പൂജയെ ലാളിക്കുമെന്നും സ്നേഹിക്കുമെന്നും എനിക്കുറപ്പുണ്ടായിരുന്നു. ഇപ്പോൾ അവരുടെ കല്യാണം കഴിഞ്ഞ് മൂന്ന് മാസമായി. എന്റെ ജീവിതത്തിൽ ഞാൻ ഇതുപോലെ സന്തോഷിച്ച നിമിഷങ്ങൾ ഉണ്ടായിട്ടില്ല. ഈ സ്നേഹവും പോസിറ്റിവിറ്റിയും നൽകിയ എല്ലാവരോടും ദൈവത്തിനും നന്ദി പറയുന്നു.”
“ഞാനൊരിക്കലും ഇമോട്ടിക്കോണിന്റെ ആരാധികയായിരുന്നില്ല, എന്നാൽ ഇത്തവണ റിസ്ക് എടുക്കുന്നില്ല. ഇതെല്ലാം ഇപ്പോൾ എനിക്ക് വളരെ വിലപ്പെട്ടതാണ്. ഇഷാൻ, നിങ്ങളും ഖുശ്ബുവും എടുത്ത ചിത്രങ്ങൾ മാജിക്കൽ ആയിരുന്നു. ഓരോ ചിത്രവും ഓരോ പെയിന്റിങ് ആയിരുന്നു. അവസാനത്തെ 10 ചിത്രങ്ങൾ വിവേക് കൃഷ്ണൻ പകർത്തിയതാണ്. നിങ്ങൾ എടുത്ത ലക്ഷക്കണക്കിന് വിലയേറിയ നിമിഷങ്ങളിൽ നിന്ന് ഇവ തിരഞ്ഞെടുക്കാൻ ഞാൻ ഏറെ ബുദ്ധിമുട്ടി,” സായ് പല്ലവി കുറിച്ചു.
മറ്റൊരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വിവാഹസമയത്തുടനീളമുള്ള തന്റെ ചിത്രങ്ങളും സായ് പല്ലവി പങ്കുവച്ചിട്ടുണ്ട്. “ഇനി വധുവിന്റെ സഹോദരിയും അവിവാഹിതയുമായ അക്കയുടെ ചിത്രങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം,” എന്നാണ് ചിത്രങ്ങൾക്കൊപ്പം സായ് പല്ലവി കുറിച്ചത്. ലളിതമായ വെള്ള സാരിയും മുത്തുമാലയും ചുവന്ന ബിന്ദിയുമണിഞ്ഞ താരം ഏറെ സുന്ദരിയായി കാണപ്പെട്ടു. മറ്റൊരു ചിത്രത്തിൽ ചുവന്ന സാരിയിൽ നിറഞ്ഞ ചിരിയുമായി നിൽക്കുന്ന സായി പല്ലവിയെയാണ് കാണാനാകുന്നത്. അനുജത്തിയുടെ ഭർത്താവ് വിനീതിന്റെ നെറ്റിയിൽ ഹൽദി ചാർത്തുന്ന ചിത്രവും സായ് പല്ലവി പങ്കുവച്ചിട്ടുണ്ട്.
ശിവകാർത്തികേയനൊപ്പം അമരൻ എന്ന ചിത്രത്തിലാണ് സായ് അവസാനമായി അഭിനയിച്ചത്. ഒക്ടോബർ 31ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ബയോപിക് ഡ്രാമ വൻ ബോക്സ്ഓഫിസ് വിജയമായിരുന്നു. നാഗ ചൈതന്യയ്‌ക്കൊപ്പം തണ്ടേലിലും നിതേഷ് തിവാരിയുടെ രാമായണത്തിൽ സീതയായും അഭിനയിക്കാൻ സായ് പല്ലവി തയാറെടുക്കുകയാണ്.
English Summary:
Sai Pallavi wrote heartfelt note to sister on her wedding
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie f3uk329jlig71d4nk9o6qq7b4-list 7n98ehlpdhg2lnovjtb73cu22t mo-entertainment-movie-saipallavi
Source link