KERALAM

‘ശിവഗിരി തീർത്ഥാടനം ഭൗതിക ജീവിതത്തെ മെച്ചപ്പെടുത്താനുള്ള സത്യാന്വേഷണം’: ഉദ്ഘാടനം നിർവഹിച്ച് മന്ത്രി എംബി രാജേഷ്

ശിവഗിരി: ഭൗതിക ജീവിതത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും മാതൃകാപരമാക്കുന്നതിനുമുള്ള സത്യാന്വേഷണമെന്ന നിലയിലാണ് ശ്രീനാരായണ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തെ വിഭാവനം ചെയ്തതെന്ന് മന്ത്രി എംബി രാജേഷ്. വളരെ അനാർഭാടവും മാതൃകാപരവുമായി ശിവഗിരി തീർത്ഥാടനം നടത്തണമെന്ന് ശ്രീനാരായണ ഗുരുദേവൻ ആഹ്വാനം ചെയ്തു. വിദ്യാഭ്യാസം, കൃഷി, സാങ്കേതികവിദ്യ, ശുചിത്വം എന്നിങ്ങനെ മനുഷ്യജീവിതത്തെ സ്പർശിക്കുന്ന എട്ട് സുപ്രധാന മേഖലകളെ ആസ്പദമാക്കിയിട്ടുള്ള പഠനവും അന്വേഷണവും ഉൾപ്പെട്ട കർമ്മപരിപാടി എന്ന നിലയിലാണ് ശിവഗിരി തീർത്ഥാടനത്തെ അദ്ദേഹം വിഭാവനം ചെയ്‌തെന്നും മന്ത്രി എംബി രാജേഷ് കൂട്ടിച്ചേർത്തു. 92ാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


ശ്രീനാരാണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. വി ജോയി എംഎൽഎ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, അടൂർ പ്രകാശ് എംപി, മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.92ാമത് ശിവഗിരി തീർത്ഥാടനത്തിന് മുന്നോടിയായി ഡിസംബർ 15 ന് തുടങ്ങിയ തീർത്ഥാടനകാല പരിപാടികളിലേക്ക് സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ശ്രീനാരായണീയരുടെ വലിയ ഒഴുക്കായിരുന്നു. തീർത്ഥാടനദിനങ്ങളായതോടെ ശിവഗിരി പീതസാഗരമായി മാറുകയാണ്. എസ്.എൻ.ഡി.പി യോഗത്തിന്റെയും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിൽ നാനാകേന്ദ്രങ്ങളിൽ നിന്നുള്ള തീർത്ഥാടന പദയാത്രകൾ ശിവഗിരിയിൽ എത്തിത്തുടങ്ങി. ഇന്നു വൈകിട്ടാണ് പദയാത്രകൾക്ക് ഔദ്യോഗിക സ്വീകരണം.ഇന്ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ജി. ആർ. അനിൽ അദ്ധ്യക്ഷത വഹിക്കും. നാരായണഗുരുകുല അദ്ധ്യക്ഷൻ ഗുരുമുനിനാരായണ പ്രസാദിനെ ചടങ്ങിൽ ആദരിക്കും. ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. വിപി. ജഗതിരാജ് വിശിഷ്ടാതിഥിയായിരിക്കും. എസ്എൻഡിപി യോഗം പ്രസിഡന്റ് ഡോ. എംഎൻ സോമൻ, മോൻസ് ജോസഫ് എംഎൽഎ, എഡിജിപി പി വിജയൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.2 മണിക്ക് നടക്കുന്ന ശാസ്ത്രസാങ്കേതിക സമ്മേളനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ ഡോ. അനന്തരാമകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 5 ന് ശുചിത്വ ആരോഗ്യ ഉന്നതവിദ്യാഭ്യാസ സമ്മേളനം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.


Source link

Related Articles

Back to top button