കൊച്ചി: കല്ലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎ വെന്റിലേറ്ററിൽ തുടരുമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അപകടനില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെങ്കിലും നേരത്തെയുണ്ടായിരുന്നതിൽ നിന്ന് കാര്യമായ മാറ്റമുണ്ടെന്ന് മെഡിക്കൽ സംഘം അറിയിച്ചു. എംഎൽഎ ചികിത്സയിൽ കഴിയുന്ന റിനെെ മെഡിസിറ്റി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ന് രാവിലെ നടത്തിയ സിടി സ്കാൻ പരിശോധനയിൽ തലയുടെ പരിക്കിന്റെ അവസ്ഥ കൂടുതൽ ഗുരുതരമായിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലാണ് നിരീക്ഷണം.
‘ആന്തരിക രക്തസ്രാവം വർദ്ധിച്ചിട്ടില്ലെങ്കിലും ശ്വാസകോശത്തിലെ ചതവുകൾ അൽപം കൂടിയിട്ടുണ്ട്. വയറിന്റെ സ്കാനിലും കൂടുതൽ പ്രശ്നങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. രോഗിയുടെ ശ്വാസകോശത്തിന് ഏറ്റ ഗുരുതരമായ ചതവുകാരണം കുറച്ചുദിവസം കൂടി വെന്റിലേറ്ററിൽ തുടരേണ്ട സാഹചര്യമുണ്ട്. ശ്വാസകോശത്തിന്റെ ചതവിന് ആന്റിബയോട്ടിക്കുകൾ ഉൾപ്പടെയുള്ള ചികിത്സകൾക്കാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. നേരത്തെ തന്നെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഹൃദയത്തിന് നേരത്തെ തന്നെ സ്റ്റെന്റ് ഇട്ടിട്ടുണ്ട്. അതിന്റെ മരുന്ന് കഴിക്കുന്നത് കൊണ്ടാണ് കൂടുതൽ രക്തസ്രാവം ഇന്നലെ ഉണ്ടായത്. ആന്റിബയോട്ടിക് ചികിത്സകൾ തുടങ്ങിയിട്ടുണ്ട്’,- മെഡിക്കൽ സംഘം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഉമ തോമസിന്റെ ആരോഗ്യനില അൽപ്പം മെച്ചപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പി രാജീവ് നേരത്തെ അറിയിച്ചിരുന്നു. കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കാഡ് ലക്ഷ്യമിട്ട് നടന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെ വീണ് പരിക്കേറ്റ എംഎൽഎയുടെ നില അതീവ ഗുരുതരമായിരുന്നു. സംഘാടകരുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനെതിരെ നടപടിയെടുക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഹൈബി ഈഡൻ എംപിയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Source link