മുഖ്യമന്ത്രിയും മന്ത്രിമാരും വന്നില്ല: മലയാളത്തിൽ നന്ദിപറഞ്ഞ് ഗവർണർ മടങ്ങി

തിരുവനന്തപുരം : സർക്കാരുമായി ഇണങ്ങിയും പിണങ്ങിയും സംഭവബഹുലമായ കാലാവധി പൂർത്തിയാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടങ്ങി. മുഖ്യമന്ത്രിയോ മന്ത്രിമാരോ യാത്രയാക്കാൻ എത്തിയില്ല. എഴുതി തയ്യാറാക്കി കൊണ്ടുവന്ന നന്ദി വാക്കുകൾ വിമാനത്താവളത്തിൽ വച്ച് മലയാളത്തിൽ മാദ്ധ്യമ പ്രവർത്തകർക്ക് മുന്നിൽ വായിച്ചു. കേരളവുമായി ആജീവനാന്ത ബന്ധമാണെന്നും നിങ്ങളെ എല്ലാവരെയും എന്നും ഓർക്കുമെന്നും പറഞ്ഞു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് ദുഃഖാചരണം നടത്തുന്നതിനാൽ ഔദ്യോഗികമായ യാത്രഅയപ്പ് ചടങ്ങുകൾ ഉണ്ടായില്ല. രാജ്ഭവനിലെ പൊലീസ് സംഘം രാവിലെ ഗാർഡ് ഓഫ് ഓണർ നൽകി. ചീഫ് സെക്രട്ടറി ശാരദാമുരളീധരൻ, പൊതുഭരണ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, എ.ഡി.ജി.പി മനോജ് എബ്രഹാം കളക്ടർ അനുകുമാരി, പ്രോട്ടോക്കോൾ ഓഫീസർ ഹരികുമാർ എന്നിവർ യാത്രയാക്കാൻ രാജ്‌ഭവനിൽ എത്തിയിരുന്നു.
ദുഃഖാചരണം കാരണമാണ് മറ്റു ചടങ്ങുകൾ ഇല്ലാതിരുന്നതെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. പോര് മുറുകിയിരിക്കുന്ന സാഹചര്യത്തിൽ, മന്ത്രിമാർ ഉൾപ്പെടെ ആരും ഗവർണറെ സന്ദർശിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നാണ് വിവരം. വിമാനത്താവളത്തിലേക്കുള്ള യാത്രാമദ്ധ്യേ പേട്ടയിൽ വച്ച് എസ്.എഫ്.ഐ പ്രവർത്തകർ റോഡരികിൽ നിന്ന് ഗവർണർക്ക് ടാറ്റ പറഞ്ഞു. സർവകലാശാലയുമായി ബന്ധപ്പെട്ട് ഗവർണറും എസ്.എഫ്.ഐക്കാരും തമ്മിൽ പലവട്ടം രൂക്ഷമായി കലഹിച്ചിരുന്നു.
ശനിയാഴ്ച ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെത്തി സർക്കാരിന്റെ ഉപഹാരമായി ശ്രീപദ്മനാഭന്റെ അനന്തശയന രൂപം ഗവർണർക്ക് നൽകിയിരുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് രൂക്ഷമായ ഭിന്നത തുടരുന്നതിനിടെയാണ് കാലാവധി പൂർത്തിയാക്കിയ ഗവർണർക്ക് ബീഹാറിലേക്ക് മാറ്റമായത്.
Source link