KERALAM

കേരളീയരുടെ കരുതൽ ജീവിതത്തെ സമ്പന്നമാക്കി: ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: കേരളീയർ നൽകിയ സ്‌നേഹവും കരുതലും വിശ്വാസവും തന്റെ ജീവിതത്തെ സമ്പന്നമാക്കിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു. അതിന്റെ ഹൃദ്യമായ ഓർമ്മയും ചാരിതാർത്ഥ്യവും മനസിൽ പേറിയാണ് യാത്ര പറയുന്നത്. അഞ്ചുവർഷവും ഉദ്ദേശം നാലുമാസവും കേരളത്തിലെ ജനങ്ങളെ സേവിക്കാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു. വസുധൈവ കുടുംബകമെന്ന ആശയം ഉൾക്കൊണ്ട് ലോകത്തെ സേവിക്കുന്നവരാണ് കേരളീയർ. മലയാളിയുടെ അദ്ധ്വാനത്തിന്റെ ഗുണം ലഭിക്കാത്ത ഒരു പ്രദേശവും ലോകത്തില്ല. സാക്ഷരത, പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളിലെ സംസ്ഥാനത്തിന്റെ മുന്നേറ്റം ഇവിടത്തെ ജനങ്ങളുടെ സമർപ്പണത്തിന്റെയും ഒരുമയുടെയും തെളിവാണ്. സാമ്പത്തിക വളർച്ച, പാരിസ്ഥിതിക സുസ്ഥിരത, സാങ്കേതിക മികവ്, ഉന്നത വിദ്യാഭ്യാസം, സാംസ്‌കാരിക സംരക്ഷണം എന്നിവയിൽ പുരോഗതി നേടി രാജ്യത്തിന് മാതൃകയാകാൻ കേരളത്തിന് സാധിക്കട്ടെ. ഗവർണറെന്ന നിലയിൽ ജനങ്ങളുടെ സന്തോഷത്തിലും ദുഃഖത്തിലും പങ്കുചേരാൻ സാധിച്ചു. ജനുവരി ആദ്യവാരം ബീഹാർ ഗവർണറായി ചുമതലയേൽക്കും. നിങ്ങളുടെ പ്രാർത്ഥനയും ആശംസകളും അനുഗ്രഹവും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.


Source link

Related Articles

Back to top button