ചെസിൽ ഇന്ത്യയ്ക്ക് മറ്റൊരു ചരിത്രനേട്ടം കൂടി: കൊനേരു ഹംപിക്ക് ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് കിരീടം
ന്യൂയോർക്ക്: ചെസിൽ മറ്റൊരു ഇന്ത്യൻ വിജയഗാഥകൂടി. ഫിഡെ ലോക വനിതാ റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ കൊനേരു ഹംപി കിരീടം നേടി.
ന്യൂയോർക്കിലെ വാൾസ്ട്രീറ്റിൽ നടന്ന മത്സരത്തിൽ 11ാം റൗണ്ടിൽ ഇൻഡോനേഷ്യയുടെ ഐറിൻ ഖരിഷ്മ സുകന്ദറിനെ പരാജയപ്പെടുത്തിയാണ് 8.5 പോയിന്റോടെ ഹംപിയുടെ കിരീടനേട്ടം. 2019ൽ മോസ്‌കോയിൽ കിരീടം നേടിയ ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് ചെസ് കിരീടമാണിത്. ഇതോടെ ചൈനയുടെ യു വെൻയുന് ശേഷം രണ്ടു തവണ ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് നേടുന്ന താരമെന്ന നേട്ടവും ഹംപിക്ക് സ്വന്തമായി.
ചൈനക്കാരനായ ഡിംഗ് ലിറണിനെ തോൽപ്പിച്ച് ലോകചാമ്പ്യനായ ദൊമ്മരാജു ഗുകേഷിനു പിന്നാലെ ഇന്ത്യയിലേക്ക് മറ്റൊരു ചെസ് കിരീടം കൂടി എത്തിച്ചിരിക്കുകയാണ് ആന്ധ്രാപ്രദേശുകാരിയായ കൊനേരു ഹംപി. 2012 മോസ്‌കോയിൽ നടന്ന റാപ്പിഡ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലും കഴിഞ്ഞ വർഷം ഉസ്‌ബെക്കിസ്ഥാനിലെ സമർഖണ്ടിൽ ഒരു വെള്ളി മെഡലും മുപ്പത്തേഴുകാരിയായി ഹംപി നേടിയിരുന്നു.
ആറാം വയസ്സിൽ ചെസ് കളിച്ചുതുടങ്ങിയ ഹംപി, രണ്ടുവർഷത്തിനുശേഷം ദേശീയ ചെസ് കിരീടം നേടിയപ്പോൾത്തന്നെ ലോകചാമ്പ്യനാകുന്നത് സ്വപ്നം കണ്ടിരുന്നു. പതിനഞ്ചാം വയസിൽ ഗ്രാൻഡ് മാസ്റ്റർ പദവി നേടി ലോക റെക്കോഡിട്ടെങ്കിലും ലോകകിരീടം അകന്നകന്നു പോയി.കല്യാണവും പ്രസവുമൊക്കെയാണ് രണ്ടുവർഷത്തോളം മത്സരരംഗത്തുനിന്ന് മാറിനിന്നശേഷമാണ് മോസ്കോയിൽ നടന്ന മത്സരത്തിൽ കിരീടം ചൂടിയത്.
ആന്ധ്രയിലെ വിജയവാഡയിൽ 1987 ലാണ് കൊനേരു ഹംപിയുടെ ജനനം.അച്ഛൻ കൊനേരു അശോക്, അമ്മ ലത. കോളേജ് അദ്ധ്യാപകനായിരുന്ന അശോക് ചെസിൽ സംസ്ഥാന ചാമ്പ്യനായിരുന്നു. അച്ഛനിൽ നിന്നാണ് ഹംപി ചെസിലെ ബാലപാഠങ്ങൾ പഠിച്ചത്.
Source link