നടൻ ദിലീപ് ശങ്കറിന്റെ മരണം; മുറി അകത്ത് നിന്ന് പൂട്ടിയ നിലയിൽ, കരൾ രോഗം ഉണ്ടായിരുന്നതായി സഹപ്രവർത്തകർ
തിരുവനന്തപുരം: സിനിമ-സീരിയൽ നടൻ ദിലീപ് ശങ്കറിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ദിലീപ് ശങ്കറിന് കരൾ രോഗമുണ്ടായിരുന്നുവെന്നാണ് സഹപ്രവർത്തകർ പറയുന്നത്. തിരുവനന്തപുരത്തെ പാളയം വാൻറോസ് ജംഗ്ഷനിലെ ഹോട്ടൽ അരോമയിൽ ഇന്നാണ് നടനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു.
19-ാം തീയതിയാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. ഷൂട്ടിംഗ് ആവശ്യത്തിനാണ് അദ്ദേഹം റൂം എടുത്തത്. 27ന് ഷൂട്ട് കഴിഞ്ഞ ശേഷം അണിയറപ്രവർത്തകർ തന്നെയാണ് അദ്ദേഹത്തെ ഹോട്ടലിൽ എത്തിച്ചത്. രണ്ട് ദിവസമായി ദിലീപിനെ ഫോണിൽ വിളിച്ചിട്ട് ലഭിച്ചിരുന്നില്ല. അടുത്ത ദിവസം ഷൂട്ടിനായി കൂട്ടിക്കൊണ്ടുപോവാൻ പ്രൊഡക്ഷൻ കൺട്രോളർ എത്തിയപ്പോൾ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിൽ ആയിരുന്നു. മുറിയിൽ നിന്ന് ദുർഗന്ധവും അനുഭവപ്പെട്ടു. തുടർന്ന് ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് നോക്കിയപ്പോഴാണ് നടനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് കരൾ രോഗത്തിന്റെ മരുന്നുകൾ പൊലീസ് കണ്ടെത്തി.കൂടാതെ രണ്ട് ഒഴിഞ്ഞ മദ്യകുപ്പികളും മുറിയിൽ ഉണ്ടായിരുന്നു.
ആരോഗ്യപ്രശ്നമുള്ളതിനാലാണ് 27ന് നടനെ നേരത്തെ ഷെഡ്യൂൾ പൂർത്തിയാക്കി റൂമിൽ എത്തിച്ചതെന്ന് അണിയറപ്രവർത്തകർ പറയുന്നു. മൃതദേഹം റൂമിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. മുറിക്കുള്ളിൽ ഫോറൻസിക് സംഘം പരിശോധന നടത്തുമെന്നും കന്റോൺമെന്റ് എസിപി അറിയിച്ചു. എന്താണ് മരണകാരണമെന്നത് പോസ്റ്റ്‌മോർട്ടത്തിലെ വ്യക്തമാകൂ.
Source link