KERALAM

പ്രവാസിയായ വാച്ച്‌മാന് കോടികളുടെ സമ്മാനം, ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇത്തവണയും ഭാഗ്യം ഇന്ത്യക്കാരനൊപ്പം

അബുദാബി: യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇത്തവണയും ഭാഗ്യം കടാക്ഷിച്ചത് ഇന്ത്യക്കാരനെ. ബിഗ് ടിക്കറ്റിന്റെ മില്യണർ ഇലക്‌ട്രോണിക് നറുക്കെടുപ്പിലാണ് ഇന്ത്യക്കാരന് കോടികളുടെ സമ്മാനമടിച്ചത്. ഹൈദരാബാദ് സ്വദേശി നാമ്പള്ളി രാജമല്ലയ്യ (60) ആണ് ആ ഭാഗ്യവാൻ.

കഴിഞ്ഞ 30 വർഷമായി പ്രവാസജീവിതം നയിക്കുന്നയാളാണ് രാജമല്ലയ്യ. ഒരു മില്യൺ ദിർഹം (രണ്ട് കോടിയിലധികം രൂപ) ആണ് യുഎഇയിൽ വാച്ച്‌മാനായി ജോലി ചെയ്യുന്ന രാജമല്ലയ്യക്ക് സമ്മാനമായി ലഭിക്കുന്നത്. ബിഗ് ടിക്കറ്റിന്റെ 270ാം നറുക്കെടുപ്പിലാണ് 60കാരനെ തേടി ഭാഗ്യമെത്തിയത്. 406835 എന്ന നമ്പറിലെ ടിക്കറ്റാണ് അദ്ദേഹത്തെ സമ്മാനത്തിന് അർഹനാക്കിയത്.

നാല് വർഷം മുൻപ് സുഹൃത്തുക്കൾ പറഞ്ഞാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിനെക്കുറിച്ച് അറിഞ്ഞതെന്ന് രാജമല്ലയ്യ പറഞ്ഞു. തുടർന്ന് ശമ്പളത്തിൽ നിന്ന് മിച്ചം പിടിക്കുന്ന പൈസയിൽ നിന്ന് ടിക്കറ്റ് എടുക്കാൻ ആരംഭിച്ചു. ഇത്തവണ 20 സുഹൃത്തുക്കൾ ചേർന്നാണ് ടിക്കറ്റ് എടുത്തത്. എല്ലാവരുമായി സമ്മാനത്തുക പങ്കിടുമെന്നും ഇനിയും ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജമല്ലയ്യയുടെ ഭാര്യ നാട്ടിലാണുള്ളത്. മക്കൾ യുഎഇയിലുണ്ട്. സമ്മാനത്തുക ഉപയോഗിച്ച് കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുമെന്നും അദ്ദേഹം പങ്കുവച്ചു.

ഡിസംബർ ആദ്യവാരം നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയായ പ്രവാസി ഒന്നാം സമ്മാനത്തിന് അർഹനായിരുന്നു. ഷാർജയിൽ സെയിൽസ്‌പേഴ്‌സണായി ജോലി ചെയ്യുന്ന അരവിന്ദ് അപ്പുക്കുട്ടനെ തേടിയാണ് കോടികളുടെ ജാക്ക്‌പോട്ട് എത്തിയത്. 25 മില്യൺ ദിർഹം (57 കോടിയിലധികം രൂപ) ആണ് അരവിന്ദിന് സമ്മാനമായി ലഭിച്ചത്.


Source link

Related Articles

Back to top button