CINEMA

കുട്ടികൾ എന്തുകൊണ്ട് 'ബറോസ്' കാണണം? ഒരു വേറിട്ട കാഴ്ച


‘ഹലോ മൈഡിയർ കുട്ടിച്ചാത്തൻ’ റിലീസായത് 1984 ഓഗസ്റ്റ് 24നാണ്. തൊട്ടടുത്ത ദിവസങ്ങളിൽ ‘നാന’യിലോ മറ്റോ ഒരു ചിത്രം കണ്ടു, കറുത്ത കണ്ണട ധരിച്ചു നിൽക്കുന്ന പ്രേംനസീർ. അദ്ദേഹം പറയുന്നു- ‘കുട്ടിച്ചാത്തൻ എന്നെപ്പോലെ പ്രായമായവർ കാണേണ്ട സിനിമയാണ്. കുട്ടികളും കണ്ടോട്ടെ. പക്ഷേ കൂടുതൽ പ്രയോജനം മുതിർന്നവർക്കായിരിക്കും. എനിക്ക് കിട്ടിയതുപോലെ അവർക്കും ബാല്യം തിരിച്ചു കിട്ടും.’ അതിനും നാലുവർഷം മുൻപേ സിനിമയിൽ പ്രവേശിച്ച മോഹൻലാൽ തീർച്ചയായും നസീർ സാർ നടത്തിയ പ്രസ്താവന ശ്രദ്ധിച്ചിട്ടുണ്ടാവണം. ‘ബറോസി’ന്റെ പശ്ചാത്തലത്തിൽ ഭരദ്വാജ് രംഗനുമായി നടത്തിയ അഭിമുഖത്തിൽ അതിന്റെ പ്രതിധ്വനി ഞാൻ കേട്ടു. അതിൽ ലാൽ വ്യക്തമായി പറയുന്നു- ‘ബറോസ്’ കുട്ടികൾക്കുവേണ്ടി ഒരുക്കിയ ചിത്രമാണ്. സംവിധായകൻ എന്ന നിലയിൽ അദ്ദേഹം അത്രമാത്രമേ പറയേണ്ടതുള്ളൂ. അതിനപ്പുറം എന്താണ് ‘ബറോസ്’ എന്നു പരിശോധിക്കുവാനാണ് ഞാൻ ഇവിടെ ശ്രമിച്ചുനോക്കുന്നത്. പ്രേംനസീർ സൂചിപ്പിച്ചതുപോലെ കുട്ടികൾക്കായി തയാറാക്കിയ ചിത്രം എന്നതിലുപരി നമ്മുടെ കുട്ടിക്കാലങ്ങളെ തിരിച്ചുപിടിക്കാൻ സഹായിക്കുന്ന ചലച്ചിത്ര സംരംഭം എന്ന അർഥത്തിലും ‘ബറോസ്’ പ്രസക്തമാകേണ്ടതുണ്ട്.
‘ബറോസി’നെപ്പറ്റി വ്യത്യസ്തങ്ങളായ പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. അവയെല്ലാം ഒരു സിനിമ എന്ന നിലയിലാണ് ‘ബറോസി’നെ വിലയിരുത്തുന്നത്. കുട്ടികൾക്കായി നിർമിച്ച ചിത്രം എന്ന പരാമർശം നിരൂപണങ്ങളിൽ അനുകൂലമായും പ്രതികൂലമായും കടന്നുവരുന്നു. ഈ രണ്ടു സന്ദർഭങ്ങളിലും വാസ്തവത്തിൽ ‘ബറോസ്’ അംഗീകരിക്കപ്പെടുകയാണ്. കാരണം ബാല്യത്തിലേക്കുള്ള മടക്കം, വളരെ കുറച്ചു നേരത്തേക്കാണെങ്കിലും, ആരും ആഗ്രഹിച്ചുപോകുന്നുണ്ട്. അത്രമേൽ നമ്മുടെ വർത്തമാനകാല ജീവിതം സംഘർഷം നിറഞ്ഞതായിരിക്കുന്നു. വലിയ ചുമതലാഭാരങ്ങൾ, തിരക്കുകൾ, ടാർഗറ്റുകൾ, പിരിമുറുക്കങ്ങൾ എന്നിവയൊന്നുമില്ലാതിരുന്ന ഒരു കുട്ടിക്കാലം എല്ലാവരുടെയും ഓർമകളിൽ ഉണ്ടാവുമല്ലോ. അവയെ ഓർത്തോർത്തെടുക്കാനുള്ള സന്ദർഭമായി കാണാൻ സാധിക്കുമെങ്കിൽ ‘ബറോസി’നെ സ്വീകരിക്കാൻ യാതൊരു പ്രയാസവും ഉണ്ടാവുകയില്ല.

തർക്കവിഷയമാണെങ്കിലും പതിനെട്ടു വയസ്സുവരെയുള്ള പ്രായത്തെയാണ് ‘ചൈൽഡ്’ എന്ന വാക്കുകൊണ്ട് അർഥമാക്കുന്നത്. ‘ഇന്ത്യൻ ജൂവനൈൽ ജസ്റ്റിസ് ആക്ടി’ൽ അങ്ങനെയാണ് വിവക്ഷിച്ചിട്ടുള്ളതും. ആ പ്രായപരിധിയിൽ ഉൾപ്പെടുന്നവർ സൈബർ യുഗത്തിന്റെ സകല സവിശേഷതകളും അനുഭവിക്കുന്നവരാണ്. ആധുനിക ശാസ്ത്ര- സാങ്കേതികവിദ്യകളുടെ അതിവേഗത്തിലുള്ള വികാസവും അവയുടെ ഗുണഫലം കുട്ടികൾക്കും ലഭിക്കുന്നുണ്ടെന്നുള്ളതും പ്രത്യക്ഷ പ്രമാണങ്ങളായി കരുതാം. കുട്ടികളുടെ ചിന്തയിൽ എന്നതുപോലെ സർഗാത്മകതയിലും ആസ്വാദനശീലങ്ങളിലും അവയുടെ സ്വാഭാവികമായ പ്രതിഫലനങ്ങളുണ്ട്. എന്നാൽ കുട്ടിത്തത്തെ പൂർണമായും റദ്ദു ചെയ്യുന്ന തരത്തിൽ വളരുന്നതിലൂടെ കുട്ടികൾക്കു പല അവകാശങ്ങളും നഷ്ടപ്പെടുന്നതായി ഈ വിഷയത്തിൽ പഠനം നടത്തുന്നവർ ഉത്കണ്ഠപ്പെടുന്നു. 

ഇന്ത്യയിൽ കുട്ടികൾ പ്രതികളാകുന്ന കുറ്റകൃത്യങ്ങളുടെ വർദ്ധനവ് ആരെയും ആശങ്കപ്പെടുത്തുന്നതാണ്. 2022-ൽ മാത്രം ഇരുപത്തിനാലായിരം ബാലകുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ കവർച്ചയും ഡ്രഗ്സ് മുതൽ ബലാത്സംഗം വരെ ഉൾപ്പെടുന്നു. കാരണങ്ങളുടെ പട്ടിക വളരെ നീണ്ടതാണെങ്കിലും ശരിയായ വിദ്യാഭ്യാസവും സൈക്കോളജിക്കൽ സപ്പോർട്ടുകളും നൽകുകയാണെങ്കിൽ നിശ്ചയമായും ഈ സംഖ്യയിൽ വലിയ വ്യത്യാസങ്ങൾ കൊണ്ടുവരാൻ സാധിക്കും. ഇവിടെയെല്ലാം പൊതുവായി ചൂണ്ടിക്കാണിക്കപ്പെടുന്ന സമസ്യ, കുട്ടികളിൽനിന്ന് ചോർന്നുപോയിക്കൊണ്ടിരിക്കുന്ന കുട്ടിത്തമാണ്. അതിനെ റീസ്റ്റോർ ചെയ്യാൻ എന്തു ചെയ്യാൻ സാധിക്കുമെന്ന് സമൂഹം ചിന്തിക്കേണ്ടതുണ്ട്. മോഹൻലാലിന്റെ ‘ബറോസി’നെ അതിനുള്ള ഒറ്റമൂലിയായി നിർദ്ദേശിക്കാനും മാത്രം അവിവേകം എന്നിലില്ല. എന്നാൽ കുട്ടികളെ കുട്ടികളാക്കി നിലനിർത്തുന്ന, അവരുടെ ഭാവനകളെ സമൃദ്ധമാക്കുന്ന സിനിമകൾ ഉണ്ടാവണം എന്ന അഭിപ്രായത്തെ നേർബുദ്ധികൾ എതിർക്കുമെന്നു തോന്നുന്നില്ല. ‘ബറോസി’നെ ഈയൊരു കാഴ്ചപ്പാടിലൂടെ സമീപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ഇവിടെ. വളരെ നിസ്സാരമായി തോന്നാവുന്ന മറ്റൊരു കാര്യം കൂടി ഞാൻ സിനിമാസ്വാദകരുടെ ശ്രദ്ധയിൽ പെടുത്തട്ടെ, പണ്ടത്തെ കുട്ടികൾ താരതമ്യേന ധാരാളമായി സ്വപ്നം കാണുമായിരുന്നു. അവരുടെ സ്വപ്നങ്ങൾ വർണപ്പകിട്ടുള്ള ഫാന്റസികളാൽ ധന്യമായിരുന്നു. ഓരോ കുട്ടിയും രാത്രിയിൽ ശരാശരി മൂന്നു മുതൽ അഞ്ചുവരെ സ്വപ്നങ്ങളെങ്കിലും കണ്ടിരുന്നുവെന്നും അതിൽ ഇപ്പോൾ വ്യത്യാസം വന്നിട്ടുണ്ടെന്നും ചൈൽഡ് സൈക്കോളജിസ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നു. ബാഹ്യസമ്മർദങ്ങളും ജീവിതസാഹചര്യങ്ങളും നമ്മുടെ കുട്ടികളിൽ നിന്ന് സ്വപ്നങ്ങളെ പോലും എടുത്തുമാറ്റുന്നു. സ്വപ്നം കാണാനും വിസ്മയങ്ങളുടെ ചിറകുകളിൽ പറന്നു കളിക്കാനുള്ള മാനസികാവസ്ഥ അവരിൽ സൃഷ്ടിക്കാനും ഒരു പരിധിവരെ ബറോസിനു സാധിക്കുന്നുണ്ട്. അതിനെ ഉത്തേജിപ്പിക്കുന്ന ദൃശ്യാനുഭവങ്ങൾ, മായക്കാഴ്ചകൾ ‘ബറോസി’ൽ ധാരാളമായി മോഹൻലാൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടാവാം കുട്ടികൾ ‘ബറോസി’ലേക്കു കൂടുതലായി ആകർഷിക്കപ്പെടുന്നത്. മുതിർന്നവരുടെ അഭിരുചി അവിടെയെത്താൻ കുട്ടികളെ അനുവദിക്കേണ്ടതുണ്ട്. 

കുട്ടികൾക്കൊപ്പം മോഹൻലാൽ (ചിത്രം: മനോരമ)

നാല്പത്തിനാലു വർഷങ്ങളായി മോഹൻലാൽ മലയാള സിനിമയിലുണ്ട്. മുന്നൂറ്റി അമ്പത്തഞ്ചു ചിത്രങ്ങളിൽ അഭിനയിച്ചുകഴിഞ്ഞു. അതിനാൽ ലാലിന്റെ അഭിനയ ശൈലിയും അഭിരുചികളും മാനറിസങ്ങളും ഏവർക്കും സുപരിചിതമാണ്. അദ്ദേഹത്തിനുള്ളിൽ എന്തിനോടും കൗതുകം കാട്ടുന്ന കുസൃതിക്കാരനായ ഒരു കുട്ടി ഒളിച്ചിരിക്കുന്നുണ്ട്. ‘വിസ്മയം’ എന്ന വാക്ക് ലാൽ എപ്പോഴും ഉപയോഗിക്കാറുള്ളതാണ്. ഇതിനെ ‘സിഗ്നേച്ചർ വേഡ്’, ‘വെർബൽ ടിക്’, ‘ഇഡിയലെക്ട്’ എന്നൊക്കെ വിശേഷിപ്പിക്കാം. പ്രിയദർശനും സത്യൻ അന്തിക്കാടും ലാലിലെ കുട്ടിത്തത്തെ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. നമുക്കറിയാം സിനിമയിൽ മാത്രമല്ല ഈ ശിശുസഹജമായ സ്വഭാവം ലാൽ പ്രകടിപ്പിക്കുന്നത്. ഞാൻ ഉറപ്പോടെ വിശ്വസിക്കുന്നു, ഇക്കാരണത്താലാകാം ആദ്യമായി ഒരു സംവിധാന ദൗത്യം ഏറ്റെടുത്തപ്പോൾ ആ സിനിമ കുട്ടികളെ സവിശേഷമായി കരുതുന്നതാവണം എന്ന തീരുമാനം മോഹൻലാൽ എടുത്തത്. ‘ബറോസി’നെ സത്യസന്ധമായ സിനിമയായി കാണാൻ എന്നെ പ്രേരിപ്പിക്കുന്ന പ്രധാന കാരണവും വേറൊന്നല്ല.

തുടക്കം മുതൽ ‘ബറോസി’നോടൊപ്പം സഞ്ചരിക്കാൻ എനിക്കും അവസരമുണ്ടായി. തിരക്കഥ ഞാൻ വായിച്ചു നോക്കിയിട്ടുണ്ട്. രണ്ടു ഗാനങ്ങൾ എഴുതണമെന്നും ലാൽ എന്നോട് ആവശ്യപ്പെട്ടിരുന്നു. ലിഡിയൻ നാദസ്വരത്തെ പരിചയപ്പെടുത്തിത്തന്നു. ഞങ്ങൾ കാക്കനാടുള്ള ‘നവോദയ’യിൽ ഏറെ ദിവസങ്ങൾ ഒരുമിച്ചിരുന്നു നോക്കി. തുടക്കമെന്നനിലയിൽ ലിഡിയൽ പല ഈണങ്ങളും സൃഷ്ടിച്ചു. ഞാൻ തലശ്ശേരി ബ്രണ്ണൻ കോളേജിൽ പഠിപ്പിച്ചുകൊണ്ടിരുന്ന കാലമായിരുന്നതിനാൽ കൂടുതൽ സമയം ‘ബറോസി’നുവേണ്ടി ചെലവിടാൻ സാധിക്കാതെ വന്നു. ലിഡിയൻ മടങ്ങിപ്പോയി. ഇപ്പോൾ ‘ബറോസി’ലെ ഗാനങ്ങളുടെ രചയിതാവ് ഞാനല്ല. എന്നാലും അതിനുവേണ്ടി ലാൽ തന്ന ഇൻപുട്ടുകൾ ഞാൻ ഇന്നും മനസിൽ സൂക്ഷിക്കുന്നുണ്ട്. ഗാനസന്ദർഭങ്ങൾ വിശദീകരിച്ച വേളയിൽ ലാൽ പറഞ്ഞ ഒരു വാക്യം ഈ സന്ദർഭത്തിൽ വളരെ പ്രസക്തമാണ്- ‘ബറോസ്’ ഞാൻ കാണാൻ ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഒരു സിനിമ ആയിരിക്കും.’ അതങ്ങനെതന്നെ സാക്ഷാത്ക്കരിക്കപ്പെട്ടു. എനിക്കറിയാം, കോടികളുടെ ക്ലബ്ബിൽ പ്രവേശിക്കുന്ന സിനിമകളെ പ്രേക്ഷകരുടെ സിനിമകളായും കലാമൂല്യമേറിയ സിനിമകളെ അവയുടെ ശില്പികളുടെ സിനിമകളായും കരുതുന്ന മോഹൻലാൽ ‘ബറോസി’ലൂടെ സ്വന്തം സിനിമാസങ്കല്പം എന്താണെന്ന് വ്യക്തമാക്കിയിരിക്കുന്നു. സ്വപ്നത്തിനും മാജിക്കിനും ഇടയിൽ ജീവിക്കുന്ന ഒരാൾ ഇങ്ങനെ ഒരു സിനിമയാണ് സംവിധാനം ചെയ്യേണ്ടത്. ഇനി ഒരു സിനിമയും സംവിധാനം ചെയ്യുകയില്ല എന്ന പ്രഖ്യാപനത്തിൽ, സ്വന്തം അഭിരുചി എല്ലാവരുടെയും അഭിരുചി ആകണമെന്നില്ല എന്നൊരു കാഴ്ചപ്പാടും ലാൽ ഹൃദയശുദ്ധിയോടെ പ്രകടിപ്പിക്കുന്നുണ്ട്.

മോഹൻലാലിനൊപ്പം ലേഖകൻ (Photo: Special Arrangement)

‘ബറോസി’നെ പ്രേക്ഷകർ എങ്ങനെ സ്വീകരിച്ചാലും നിർമിതിയുടെ ഓരോ ഘട്ടവും മോഹൻലാൽ ഏറെ ആസ്വദിച്ചിരുന്നു എന്നതിൽ സന്ദേഹമേയില്ല. ഇക്കാര്യം ബോധ്യപ്പെടാൻ ലൊക്കേഷനിൽ വേണ്ടത്ര സന്ദർഭങ്ങളും എനിക്കു ലഭിച്ചിരുന്നു. ‘നവോദയ’യിൽ ഷൂട്ടിങ് നടന്നുകൊണ്ടിരുന്ന ദിവസങ്ങളിൽ വളരെ ഭാരമുള്ള ഒരു തുകൽ കുപ്പായമാണ് ലാൽ ധരിച്ചിരുന്നത്. ത്രീഡി കാണാൻപാകത്തിൽ ഒരു കൂടാരം ലൊക്കേഷനിൽ സജ്ജമാക്കിയിരുന്നു. എടുക്കുന്ന ഓരോ ഷോട്ടും ലാൽ അതിനുള്ളിൽ വച്ചു പരിശോധിച്ചു. ഓരോ ഷോട്ടിലും അദ്ദേഹം എത്രമാത്രം ശ്രദ്ധ കൊടുത്തു എന്നതിന് ഒരു  ചെറിയ ഉദാഹരണം പറയാം. ഒരിക്കൽ ഞാൻ ലൊക്കേഷനിൽ ചെന്നപ്പോൾ സന്തോഷ് രാമൻ തയ്യാറാക്കിയ മനോഹരമായ ഗുഹയുടെ ഉള്ളിൽ ലാൽ അഭിനയിക്കുന്ന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. മിനി സ്ക്രീനിൽ കണ്ടു നോക്കിയപ്പോൾ ആ രംഗം കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ലാലിനു തോന്നി. അദ്ദേഹം അതേ ഷോട്ട് ആവർത്തിക്കുവാൻ തുടങ്ങി. എടുത്തുമാറ്റിയ പ്രോപ്പർട്ടികൾ പഴയ സ്ഥലങ്ങളിൽ സ്ഥാപിക്കപ്പെട്ടു. എല്ലാം അതുപോലെതന്നെ വീണ്ടും ക്രമീകരിച്ചിട്ടുണ്ടെന്ന് സംവിധാന സഹായികൾ ഉറപ്പിച്ചു പറഞ്ഞെങ്കിലും മൂലയിൽ വച്ചിരുന്ന ഒരു മൺപാത്രം മിസ്സിങ്ങാനെന്ന കാര്യം ലാൽ തിരിച്ചറിഞ്ഞു. പിന്നീട് രണ്ടു ഫൂട്ടേജുകളും താരതമ്യപ്പെടുത്തിയപ്പോൾ ലാൽ പറഞ്ഞതാണ് ശരിയെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടു. സംഘത്തിൽ ഉണ്ടായിരുന്ന പത്തോളം സംവിധാന സഹായികൾ കാണാതെപോയത് ലാൽമാത്രം കണ്ടു എന്നതിൽ ‘ബറോസി’ൽ അദ്ദേഹം എത്രത്തോളം ശ്രദ്ധ അർപ്പിച്ചിട്ടുണ്ടെന്നു മനസിലാക്കാൻ മതിയായ തെളിവാണ്. 

സൈബർ യുഗത്തിൽ ‘ബറോസി’ന്റെ പ്രസക്തി വിശദീകരിക്കാൻ അല്പം സ്ഥിതിവിവര കണക്കുകളും പരിശോധിക്കേണ്ടതുണ്ട്. ഇന്ത്യയിൽ 2024ൽ രണ്ടായിരത്തിലേറെ സിനിമകളിലൂടെ ഒൻപതിനായിരം കോടിയിലധികം രൂപയുടെ വരുമാനമുണ്ടായതായി സൂചനകൾ ലഭിക്കുന്നു. അപ്പോഴും പ്രേക്ഷകരിൽ നല്ലൊരു ശതമാനം വരുന്ന കുട്ടികളുടെ താത്പര്യങ്ങളെ നമ്മുടെ സമകാലീന സിനിമാമണ്ഡലം തീരെ പരിഗണിക്കുന്നില്ല. കുട്ടികളുടെ മാനസികാരോഗ്യത്തിനും മൂല്യബോധത്തിനും സഹായകമാകുന്ന സിനിമകളാകണം അവർ കാണേണ്ടതെന്ന് മാതാപിതാക്കളും ചിന്തിക്കുന്നില്ല. അതുകൊണ്ട് മുൻ-പിൻ വിചാരങ്ങളില്ലാതെ എല്ലാ സിനിമകളും കുടുംബചിത്രങ്ങളാണെന്ന സങ്കൽപ്പത്തിൽ മാതാപിതാക്കൾ കുട്ടികളെയുംകൂട്ടി തിയേറ്ററുകളിൽ എത്തുന്നു. ചിന്താശേഷി വികസിച്ചുകഴിഞ്ഞ മുതിർന്ന പ്രേക്ഷകരെ അഭ്രപാളികളിലെ വയലൻസും വൾഗാരിറ്റിയും സ്ത്രീവിരുദ്ധതയും മറ്റും സ്വാധീനിക്കണമെന്നില്ല. പ്രമേയവും സന്ദർഭവും ആവശ്യപ്പെടുകയാണെങ്കിൽ ഇവയൊന്നും സിനിമയിൽ വിലക്കപ്പെട്ട കനികളാകേണ്ടതുമില്ല. ഭയാനകതയെയും ബീഭത്സതയെയും മനുഷ്യൻ നല്ലപോലെ ആസ്വദിക്കേണ്ട രാസാനുഭൂതികളായിത്തന്നെ ഭാരതമുനിയുടെ ‘നാട്യശാസ്ത്ര’ത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ കുട്ടികളിൽ അവയുടെ സ്വാധീനത മുതിർന്നവരിൽനിന്ന് തികച്ചും വ്യത്യസ്തമായിരിക്കുമല്ലോ. ചില സിനിമകൾ നൽകുന്ന ദൃശ്യ-ശ്രവ്യാനുഭവങ്ങൾ അവരിൽ ചിലരിലെങ്കിലും ഭയവും ഉത്കണ്ഠയും സമ്മർദവും ആശങ്കയും അസ്ഥിരതയും വിഭ്രമവും ട്രോമയും സൃഷ്ടിച്ചെന്നു വരാം. സുരക്ഷിത്വബോധവും ആത്മവിശ്വാസവും നഷ്ടപ്പെടുത്തുവാനും സാധ്യതയുണ്ട്. അതിനെക്കാൾ അപകടകരമാണ് അവരുടെ ചിന്തകളിൽ രൂപപ്പെടുന്ന വൈകല്യങ്ങൾ.
പ്രായത്തിനു താങ്ങാനാവാത്ത ദൃശ്യങ്ങൾ കാണുന്ന കുട്ടികളിൽ സഹജീവികളോടും ചുറ്റുപാടുകളോടും അഗ്രസീവാകാനുള്ള പ്രവണതയെപ്പറ്റി വ്യാപകമായ പഠനങ്ങൾ നടന്നിട്ടുണ്ട്. ജീൻ പിയജേ മുതൽ എലിസബത്ത് എം. ടിസ്ഡെൽ, ഡഗ്ലസ് എ. ജെന്റൈൽ, പോൾ ഡബ്ല്യു. മെക്കാച്ചിയൻ വരെയുള്ളവരുടെ കൃതികളും ലഭ്യമാണ്. അതുകൊണ്ടാണ് കുട്ടികളുടെ മനസിനെ മുറിവേൽപ്പിക്കാത്തതും അവരിൽ ആഘാതങ്ങൾ സൃഷ്ടിക്കാത്തതും സന്തോഷവും കൗതുകവും ആകാംക്ഷയും ജനിപ്പിക്കുന്ന സിനിമകൾ ഉണ്ടാകണമെന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നത്. അങ്ങനെയൊരു താത്പര്യം  ‘ബറോസി’ൽ മോഹൻലാൽ അവതരിപ്പിച്ചിട്ടുണ്ട്. ബറോസ് ഇസബെല്ലയ്ക്കു നൽകുന്ന സദുപദേശങ്ങളും സന്ദേശങ്ങളും നന്മയുടെ പാഠങ്ങളും ഉൾപ്രേരണകളും ജീവിതമൂല്യങ്ങളും അനുഭവങ്ങളും അത്ഭുതങ്ങളും ആർദ്രതകളും സഹാനുഭൂതിയും കരുണയും സ്നേഹവും അവർ തമ്മിലുള്ള താദാത്മ്യവും സിനിമ കാണുന്ന ഏതൊരു കുട്ടിയെയും നല്ല ചിന്തകളിലേക്കും പ്രവൃത്തികളിലേക്കും മധുരമായി പ്രേരിപ്പിക്കുന്നതാണ്. ഇവിടെ മോഹൻലാൽ വാൾട് ഡിസ്നിയിൽനിന്നും ജെ.കെ. റൗളിങ്ങിൽനിന്നും മതിയായ പ്രചോദനങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. കൂടാതെ ‘ദി ലയൺ’, ‘ദി വിച്ച് ആൻഡ് ദി വാർഡ്രോബ്’, ‘മെറ്റിൽഡ’, ‘ഓ ദി പ്ലേസസ് യു വിൽ ഗോ’, ‘ചാർളി ആൻഡ് ദി ചോക്ലേറ്റ് ഫാക്ടറി’, ‘ദി മാജിക് ഫാറെവേ ട്രീ’ തുടങ്ങിയ നിരവധി കൃതികളും ലാൽ നിശ്ചയമായും വായിച്ചു നോക്കിയിട്ടുണ്ടാവണം. 

വ്യാപകമായി വളർന്നുവരുന്ന വീഡിയോ ഗെയിമിങ് കൾച്ചർ കുട്ടികളുടെ അഭിരുചികളുടെ വൈവിധ്യത്തെ മനസിലാക്കാൻ ഏറെ സഹായിക്കുന്നുണ്ട്. ഇന്ത്യയിൽ 33 മുതൽ 60% വരെ കുട്ടികൾ മൂന്നു മണിക്കൂറോളം സമയം വീഡിയോ ഗെയിമിങ്ങിൽ ഏർപ്പെടുന്നുണ്ട്. ‘ഫൈനൽ ഫാന്റസി VII റീബർത്ത്’, ‘മെറ്റഫോർ: റീഫാന്റാസിയോ’, ‘ബ്ലാക്ക് മിത്ത്: വുകോങ്’, ‘കോളോഫ് ഡ്യൂട്ടി: ബ്ലാക്ക് ഓപ്പ്സ് 6’, ‘ആസ്ട്രോ ബോട്ട്’, ‘ഓവർ വാച്ച് 2’, ‘മാർവെൽ റൈവൽസ്’ എന്നിങ്ങനെ പോപ്പുലറായ ഗെയിമുകളും അവയിലെ കഥാപാത്രങ്ങളും കുട്ടികളിലെ നൈപുണികളും കോഗ്നിറ്റീവ് വാസനകളും ഉത്തേജിപ്പിക്കുന്നുണ്ടെന്ന വസ്തുതയെ ഞാൻ ഇവിടെ അവഗണിക്കുന്നില്ല. അടിസ്ഥാനപരമായി ഗെയിമുകളും സിനിമകളും വിനോദത്തിനുള്ള മാധ്യമങ്ങളാണെങ്കിലും ശരിയായി പ്രയോജനപ്പെടുത്തിയാൽ അവ മനുഷ്യാനുഭവങ്ങളുമായി താദാത്മ്യപ്പെടാൻ അവസരം നൽകുന്നതും മൂല്യങ്ങൾ വളർത്തിയെടുക്കാൻ സഹായിക്കുന്നതുമാകും. ഇവയെല്ലാം കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിൽ വളരെ പ്രധാനമാണ്. വീഡിയോ ഗെയിമുകൾ ഒരുക്കുന്ന ഭ്രമാത്മക അന്തരീക്ഷത്തിൽനിന്ന് ‘ബറോസ്’ എങ്ങനെ വ്യത്യാസപ്പെടുന്നുവെന്നു സൂചിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടാണ് ഇവിടെ ഒരു കേവല താരതമ്യത്തിനു ഞാൻ മുതിർന്നിട്ടുള്ളത്.
എല്ലാ ഭാഷകളിലും ഒരു നിശ്ചിത ഇടവേളയിലെങ്കിലും ‘ബറോസ്’ പോലെയുള്ള സിനിമകൾ ഉണ്ടാവണം. അവ വലിയ മുതൽമുടക്കിൽ വേണമെന്നൊന്നുമില്ല. ഇതിനെ നമ്മുടെ കുട്ടികളോടുള്ള കരുതലായി സമൂഹം കാണേണ്ടതുണ്ട്. എന്തുകൊണ്ടെന്നാൽ അങ്ങേയറ്റം നെഗറ്റീവായ സ്വാധീനതകൾ ദൃശ്യമാധ്യമങ്ങളിൽ പ്രബലമായി നിൽക്കുന്ന സാമൂഹിക കാലാവസ്ഥയിലാണ് പുതിയ കുട്ടികൾ വളർന്നു വരുന്നത്. വിപരീത സാധ്യതകളെ പ്രതിരോധിക്കുവാൻവേണ്ട ബുദ്ധിപരവും വൈകാരികവുമായ വളർച്ചയും സോഷ്യൽ ലേണിങ്ങും ഓരോ കുട്ടിയും ആവശ്യപ്പെടുന്നു. ഇതിന് നിയമസാധുതയുമുണ്ട്. മികച്ച മാനസികാരോഗ്യത്തിന് യോജിച്ച സിനിമകൾ കുട്ടികളുടെ അവകാശങ്ങളിൽ ഉൾപ്പെടുന്നതാണ്. ചലച്ചിത്രങ്ങൾ കുട്ടികളുടെ സമഗ്ര വിദ്യാഭ്യാസത്തിനും സാംസ്കാരിക വളർച്ചയ്ക്കും ഉപകാരപ്പെടുന്നതാകണമെന്ന് ‘യുനെസ്കോ’ ശുപാർശ ചെയ്യുന്നു. കുട്ടികളുടെ വികാസത്തിനു യോജിച്ച സിനിമകൾ സൃഷ്ടിക്കാനും പ്രോത്സാഹിപ്പിക്കാനും സമൂഹത്തിന് ബാധ്യതയുണ്ടെന്നും ‘യുനെസ്കോ’ ഓർമിപ്പിക്കുന്നു. സാംസ്കാരിക വികസന രൂപരേഖയിൽ ഇതിനാവശ്യമായ മാർഗനിർദേശങ്ങളും നൽകിയിട്ടുണ്ട്. സി.ആർ.സി. യുടെ (Convention on the Rights of the Child ) പതിനേഴാം വകുപ്പിൽ കുട്ടികളുടെ ക്ഷേമവും നൈതികതയും പ്രോത്സാഹിപ്പിക്കുന്ന മാധ്യമ ഉള്ളടക്കങ്ങൾ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. മോഹൻലാൽ കുട്ടികൾക്കുവേണ്ടി ഒരുക്കിയ ‘ബറോസി’നെ ഈ പശ്ചാത്തലത്തിലൂടെ സമീപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ഞാൻ മനസിലാക്കിയിടത്തോളം ഒരു സിനിമ സംവിധാനം ചെയ്യുക എന്നതിനപ്പുറം ‘ബറോസി’ൽ മോഹൻലാൽ ചില സാമൂഹിക ലക്ഷ്യങ്ങളും കരുതിയിട്ടുണ്ട്. അതിനാവശ്യമായ മന:ശാസ്ത്ര പഠനങ്ങളും സാമൂഹിക നിരീക്ഷണങ്ങളും അദ്ദേഹം നടത്തി. നമ്മുടെ കുട്ടികൾ എങ്ങനെ വളരണമെന്നും അവരുടെ സർഗാത്മകതയും ജീവിതവീക്ഷണവും സാമൂഹിക ഇടപെടലുകളും എങ്ങനെ പരിപോഷിക്കപ്പെടണമെന്നും വ്യക്തമായ ധാരണ പ്രൊഫഷണലുകളുടെ സഹായത്തോടെ രൂപപ്പെടുത്തി. അതിന് യോജിച്ച ഒരു സിനിമ ഉണ്ടായിവരാൻ അദ്ദേഹം തീവ്രമായി ആഗ്രഹിച്ചു. എന്നാൽ ഇക്കാര്യങ്ങൾ വിളിച്ചുപറയാൻ ലാൽ ഒരിക്കലും മുതിർന്നിട്ടില്ല. അതുകൊണ്ട് ‘ബറോസി’നെ ചുറ്റിപ്പറ്റിയുള്ള വിലയിരുത്തലുകൾ ഒരു സിനിമാവിമർശനം മാത്രമായി ചുരുങ്ങിപ്പോയിരിക്കുന്നു. ലാഗ് അടിച്ചു, ഒന്നാംപാതിയെക്കാൾ രണ്ടാംപാതി ഗംഭീരമായി, എഫക്ട് വളരെ നന്നായി, ഡയലോഗുകൾ നാടകീയമായിപ്പോയി, നറേഷൻ കൊള്ളാം,  ആക്ഷൻസ് കുറെക്കൂടി മെച്ചപ്പെടുത്താമായിരുന്നു, ദൃശ്യങ്ങൾ മനോഹരമായി വന്നിട്ടുണ്ട്, സബ്ടൈറ്റിലുകൾ വ്യക്തമല്ല, ലാലേട്ടനെ ഭൂതമായി ഉൾക്കൊള്ളാൻ സാധിക്കുന്നില്ല, ക്യാമറ അടിപൊളി, കോമഡി പോരാ എന്നിങ്ങനെ ഗുണദോഷങ്ങൾ ഇടകലർത്തിയുള്ള വർത്തമാനങ്ങൾ സത്യത്തിൽ ‘ബറോസി’ന്റെ ലക്ഷ്യത്തിന് യോജിച്ചതായി ഞാൻ വിചാരിക്കുന്നില്ല. കാരണം ഏത് ഉത്പന്നത്തെ സംബന്ധിച്ചും അവസാനവാക്ക് പറയേണ്ടത് ഉപഭോക്താവാണല്ലോ. ഇവിടെ ഉത്പന്നം ‘ബറോസാ’ണ്, ഉപഭോക്താക്കൾ കുട്ടികളും. അതിനാൽ അവർ പറയട്ടെ, അതിനെ നമ്മൾ അംഗീകരിക്കുകയാണ് വേണ്ടത്.
(കവിയും ഗാനരചയിതാവുമായ ലേഖകൻ മഹാരാജാസ് കോളജിൽ പ്രഫസറാണ്)


Source link

Related Articles

Back to top button