കേന്ദ്രം മനസുവച്ചാൽ ശബരിപാത വരും

എം.എച്ച്. വിഷ്‌ണു | Sunday 29 December, 2024 | 3:42 AM

തിരുവനന്തപുരം: ത്രികക്ഷി കരാറൊപ്പിടില്ലെന്ന് കേരളം അറിയിച്ചെങ്കിലും,മുൻഗണനാ പദ്ധതികളിൽ ഉൾപ്പെടുത്തി അങ്കമാലി-എരുമേലി ശബരിപാത റെയിൽവേയ്ക്ക് നിർമ്മിക്കാനാവും. കേന്ദ്രസർക്കാരിന്റെ തീരുമാനം ഇക്കാര്യത്തിൽ നിർണായകമാകും. പകുതി ചെലവ് സംസ്ഥാനം വഹിക്കണമെന്ന് നിർദ്ദേശിച്ചിരുന്ന ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം,തിരുവനന്തപുരം- കന്യാകുമാരി പാതയിരട്ടിപ്പിക്കൽ ജോലികൾ കേന്ദ്രം സ്വന്തം നിലയിൽ നടപ്പാക്കുകയാണിപ്പോൾ. കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെയും മെട്രോമാൻ ഇ.ശ്രീധരന്റെയും സമ്മർദ്ദത്തെതുടർന്ന് ഗുരുവായൂർ-തിരുനാവായ പാതയും പരിഗണനയിലാണ്.

ആലപ്പുഴ വഴിയുള്ള തീരദേശ റെയിൽപ്പാതയിരട്ടിപ്പിക്കൽ മരവിപ്പിക്കൽ ഉത്തരവ് റദ്ദാക്കിയാണ് ബഡ്ജറ്റിൽ പണമനുവദിച്ചത്. മുംബയ്-കന്യാകുമാരി ഹെവി യൂട്ടിലൈസ്ഡ് നെറ്റ്‌വർക്കിന്റെ ഭാഗമായതോടെ,ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിക്കൽ അനിവാര്യമായി. ഇതോടെ മുൻഗണനാ പദ്ധതികൾക്കുള്ള വിഷൻ-2024ൽ ഉൾപ്പെടുത്തി. പാതയിരട്ടിപ്പിക്കലിന്റെ ചെലവ് പങ്കിടണമെന്ന കേന്ദ്രനിർദ്ദേശം സംസ്ഥാനം അംഗീകരിച്ചിരുന്നില്ല. പിന്നീട് ഭൂമിയേറ്റെടുക്കലിന് 510കോടി റെയിൽവേ അനുവദിച്ചു. കന്യാകുമാരി-തിരുവനന്തപുരം പാതയിരട്ടിപ്പിക്കലിനും പകുതി ചെലവ് കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും സംസ്ഥാനം വഴങ്ങിയില്ല. ഇതോടെ പൂർണമായി റെയിൽവേയുടെ ചെലവിൽ ഇരട്ടിപ്പിക്കുകയാണിപ്പോൾ.

പുതിയപാതകൾ,പാതയിരട്ടിപ്പിക്കൽ എന്നിവയ്ക്കായി ബഡ്ജറ്റിന് പുറമെ ചെലവഴിക്കാൻ 50,000കോടിയോളം റെയിൽവേയ്ക്ക് അനുമതിയുണ്ട്. ശബരിപാതയ്ക്കുള്ള 3800.94കോടി നിർമ്മാണചെലവിൽ 1900.47കോടി കേരളം മുടക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ഇത് തള്ളിയ കേന്ദ്രം,പകുതി ചെലവ് വഹിക്കാമെന്ന് ഉപാധികളില്ലാത്ത സമ്മതം അറിയിക്കാനും റെയിൽവേ-കേരളം-റിസർവ്ബാങ്ക് ത്രികക്ഷി കരാറൊപ്പിടാനും കേരളത്തോടാവശ്യപ്പെട്ടിരിക്കുകയാണ്. കരാറൊപ്പിടില്ലെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

കേന്ദ്രമന്ത്രിമാർ ഇടപെടണം

 കേന്ദ്രസഹമന്ത്രിമാരായ സുരേഷ്ഗോപിയും ജോർജ്ജ് കുര്യനും കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തിയാൽ നിലപാട് മാറിയേക്കും.

കരാറില്ലെങ്കിലും സംസ്ഥാനവിഹിതമായ 1900.47കോടി,പണി തീരുന്നതിനിടെ റെയിൽവേ ആവശ്യപ്പെടുമ്പോൾ ഗഡുക്കളായി നൽകിയാൽ മതി.

ഇനിവേണ്ടത് ഡീ-ഫ്രീസ്

1997-98ൽ പ്രഖ്യാപിച്ച,111കി.മീ ശബരിപാതയിൽ 7കിലോമീറ്റർ റെയിലും ഒരുപാലവും നിർമ്മിച്ചിട്ടുണ്ട്. പദ്ധതിമരവിപ്പിച്ച് 2019 സെപ്തംബർ 26ന് ദക്ഷിണറെയിൽവേ ഇറക്കിയ ഉത്തരവ് ഡീ-ഫ്രീസ് ചെയ്യുകയാണ് ഇനിവേണ്ടത്.


Source link
Exit mobile version