ക്രൈംബ്രാഞ്ച് ശ്രമിച്ചത് ഒതുക്കാൻ; സി.ബി.ഐ വന്ന് കേസ് മുറുക്കി

എം.എച്ച്. വിഷ്‌ണു | Sunday 29 December, 2024 | 3:43 AM

തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകമെന്ന് എഫ്.ഐ.ആറിലെഴുതിയ പെരിയ ഇരട്ടക്കൊലക്കേസ്, വ്യക്തിവൈരാഗ്യത്തെ തുടർന്നുള്ള കൊലപാതകമായി മാറ്റാൻ ശ്രമിച്ച ക്രൈംബ്രാഞ്ചിനുള്ള തിരിച്ചടിയാണ് 14 പ്രതികൾ കുറ്റക്കാരാണെന്ന കോടതിവിധി. രാഷ്ട്രീയചായ്‌വുള്ളതും വിശ്വാസ്യതയില്ലാത്തതുമായ അന്വേഷണമാണെന്ന രൂക്ഷമായ വിർമശനത്തോടെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച്അന്വേഷണം സി.ബി.ഐയെ ഏൽപ്പിച്ചത്. എന്നിട്ടും മാസങ്ങളോളം കേസ്ഡയറിയടക്കം രേഖകൾ കൈമാറിയില്ല. സുപ്രീംകോടതി സർക്കാരിന്റെ അപ്പീൽ തള്ളിയശേഷമാണ് രേഖകൾ സി.ബി.ഐയ്ക്ക് കിട്ടിയത്. അതിനിടെ, രേഖകൾ പിടിച്ചെടുക്കാൻ സി.ബി.ഐ, ക്രൈംബ്രാഞ്ചിന് സമൻസയച്ചത് അപൂർവതയായിരുന്നു.

പ്രതികൾക്ക് രക്ഷപെടാൻ പഴുതുകളുള്ള കുറ്റപത്രമായിരുന്നു ക്രൈംബ്രാഞ്ചിന്റേത്. ഒന്നാംപ്രതി പീതാംബരനെ കൊല്ലപ്പെട്ടവരിലൊരാൾ ആക്രമിച്ചതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ശരത്‌ലാലിന്റെ നേതൃത്വത്തിൽ കോൺഗ്രസിന്റെ ബസ്‌തടയൽ സമരത്തിനിടെയാണ് പീതാംബരന് പരിക്കേറ്റത്. ഒരാളോടാണ് വൈരാഗ്യമെങ്കിൽ രണ്ടുപേരെയും കൊന്നതെന്തിനാണെന്നും മറ്റേയാളെ ആട്ടിപ്പായിക്കുകയല്ലേ പതിവെന്നുമുള്ള ഹൈക്കോടതിയുടെ ചോദ്യത്തിന് ക്രൈംബ്രാഞ്ചിന് മറുപടിയുണ്ടായില്ല. കൊലയ്ക്കുപയോഗിക്കാത്ത ആയുധങ്ങളാണ് കിണറ്റിൽനിന്ന് ക്രൈംബ്രാഞ്ച് കണ്ടെടുത്തതെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. ആയുധങ്ങളിൽ രക്തക്കറ എങ്ങനെയുണ്ടെന്നും കൊണ്ടിട്ടതാരാണെന്നും കോടതി ചോദിച്ചത് ക്രൈംബ്രാഞ്ചിന് നാണക്കേടായി.

ഗൂഢാലോചനയും ആസൂത്രണവും തെളിയിക്കാൻ സി.ബിഐയ്ക്കായി. രാഷ്ട്രീയബന്ധമടക്കം കണ്ടെത്തിയതോടെ, ക്രൈംബ്രാഞ്ച് ഒഴിവാക്കിയ മുൻ എം.എൽ.എയും പ്രതിയായി. രാഷ്ട്രീയബന്ധമില്ലെന്നും രാഷ്ട്രീയക്കാർക്ക് പങ്കില്ലെന്നുമായിരുന്നു ക്രൈംബ്രാഞ്ച് നിലപാട്. ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ നീതിപൂർണമായ വിചാരണ നടക്കില്ലെന്ന് ബോദ്ധ്യമായെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്.

പഴുതുള്ള മൊഴികൾ

1.പ്രതികളുടെ മൊഴിക്ക് അനുസരിച്ചായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ചായിരുന്നു മൊഴികൾ. എല്ലാവർക്കും രക്ഷപ്പെടാനുള്ള പഴുത് മൊഴികളിലുണ്ടായിരുന്നു.

2. കൃപേഷിനെയും ശരത്‌ലാലിനെയും ഇരുമ്പുവടികൊണ്ട് ആക്രമിച്ചെന്ന് കുറ്റപത്രത്തിൽ പറയുമ്പോൾ, പോസ്റ്റ്മോർട്ടം, ഫോറൻസിക് റിപ്പോർട്ടുകളിൽ ഇരുമ്പു വടികൊണ്ടുള്ള അടിയേറ്റ മുറിവില്ലെന്നാണ്.

3. ആയുധം കണ്ടെടുത്ത ഫോറൻസിക് സർജന്റെ മൊഴി ഒരു മാസം കഴിഞ്ഞാണ് രേഖപ്പെടുത്തിയത്. കിണറ്റിൽ നിന്ന് ആദ്യംകണ്ടെത്തിയ ആയുധങ്ങൾ വ്യാജമായിരുന്നുവെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു.

സി.ബി.ഐയെ

തടയാൻ 1.14 കോടി

സി.ബി.ഐ അന്വേഷണം തടയാൻ സർക്കാർ ചെലവിട്ടത് 1,14,83,132 രൂപ. ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകർക്ക് 88 ലക്ഷം ഫീസുനൽകി. 2,33, 132 രൂപ വിമാനയാത്രയ്ക്കും താമസത്തിനും ഭക്ഷണത്തിനുമായി നൽകി. സുപ്രീംകോടതിയിൽ ഹാജരായ മനീന്ദർ സിംഗിന് 24.5ലക്ഷം നൽകി. മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ കണക്കാണിത്.


Source link
Exit mobile version