വധശിക്ഷ നൽകി മരിക്കാൻ സഹായിക്കണമെന്ന് പ്രതി
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ ചുമത്തിയ കുറ്റങ്ങൾ വായിച്ചുകേട്ടതിന് പിന്നാലെ കൊച്ചി സി.ബി.ഐ കോടതിയിൽ നാടകീയ അപേക്ഷകളുമായി പ്രതികൾ. കൊലയിൽ പങ്കില്ലെന്നും വധശിക്ഷ നൽകി ജീവിതം അവസാനിപ്പിക്കാൻ സഹായിക്കണമെന്നും കേസിലെ 15-ാം പ്രതി എ. സുരേന്ദ്രൻ (വിഷ്ണു സുര) കോടതിയിൽ കരഞ്ഞുകൊണ്ട് യാചിച്ചു. പൊലീസിനെ സഹായിച്ചതിനാണ് താൻ ശിക്ഷിക്കപ്പെടുന്നതെന്ന് 20-ാം പ്രതി മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ പ്രതികരിച്ചു.
ഏഴാം പ്രതി എ. അശ്വിനും കോടതിയിൽ വികാരാധീനനായി. പട്ടാളക്കാരനാകാൻ ആഗ്രഹിച്ച താൻ പതിനെട്ടാം വയസ് മുതൽ ജയിലിലാണ്. ഡിഗ്രി പാസാകണമെന്ന് ആഗ്രഹിച്ചു. എന്നാൽ ആറു വർഷമായി ജയിലിലാണ്, വീട്ടുകാരെ കണ്ടിട്ടില്ല… എന്നിങ്ങനെ അശ്വിൻ വിതുമ്പി. മറ്റുപ്രതികളും ജീവിതപ്രാരാബ്ധങ്ങൾ എണ്ണിപ്പറഞ്ഞു. പ്രായമായ മാതാപിതാക്കളും പറക്കമുറ്റാത്ത കുട്ടികളുമുണ്ടെന്നും സംരക്ഷിക്കാൻ മറ്റാരുമില്ലെന്നും ചിലർ ബോധിപ്പിച്ചു. അമ്മ രോഗശയ്യയിലാണെന്ന് എട്ടാം പ്രതി സുബീഷ് പറഞ്ഞു.
Source link