മാർക്കോയുടെ സെറ്റിൽ കണ്ട ഏറ്റവും ‘ക്രൂരനായ’ വ്യക്തി ആരെന്നു ചോദിച്ചാൽ, അണിയറപ്രവർത്തകർ ഒരേ സ്വരത്തിൽ പറയുന്നൊരു പേരുണ്ട്. ചിത്രത്തിന്റെ മേക്കപ്പ് ആർടിസ്റ്റ് സുധി സുരേന്ദ്രൻ. കയ്യിലെപ്പോഴും ‘ചോര’യുമായിട്ടായിരുന്നു ഷൂട്ടിങ് ദിനങ്ങളിൽ എപ്പോഴും സുധിയെ കാണുക. അതു ശരിവയ്ക്കും വിധമുള്ള ഒരു ക്രിസ്മസ് ആശംസ സുധിയുടെ സമൂഹമാധ്യമ അക്കൗണ്ടിലുണ്ട്. വെട്ടിയ തല കൂളായി പിടിച്ചു നിന്നുകൊണ്ടാണ് ഈ വർഷത്തെ ക്രിസ്മസ് ആശംസകൾ സുധി പങ്കുവച്ചത്. വെട്ടിയെടുത്ത കൈ, തല, ശരീരഭാഗങ്ങൾ, ചോരക്കുഞ്ഞ് തുടങ്ങി തികച്ചുമൊരു ചോരക്കളി തന്നെയാണ് മാർക്കോ എന്ന ചിത്രത്തിനായി സുധി നടത്തിയത്. ജയ ജയ ജയ ജയഹേ, ഫാലിമി, വാഴ, ഗുരുവായൂരമ്പലനടയിൽ തുടങ്ങിയ ഫീൽ ഗുഡ് ചിത്രങ്ങൾക്കു ശേഷം ഇന്ത്യ കണ്ട ഏറ്റവും വയലന്റ് സിനിമയുടെ ഭാഗമായിക്കൊണ്ടാണ് സുധി സുരേന്ദ്രൻ മലയാള സിനിമയിൽ തന്റെ കസേര ഉറപ്പിക്കുന്നത്. മാർക്കോയുടെ വിശേഷങ്ങളുമായി സുധി സുരേന്ദ്രൻ മനോരമ ഓൺലൈനിൽയ
ഞെട്ടിച്ച പ്രോസ്തറ്റിക് വർക്കുകൾ
മാർക്കോയുടെ സബ്ജക്ട് ആണ് ഏറ്റവും കൂടുതൽ കണക്ട് ആയത്. മേക്കപ്പ് ആർടിസ്റ്റ് എന്ന നിലയിൽ സ്പെഷൽ വർക്ക് ചെയ്യാൻ പ്രത്യേക ഇഷ്ടമുണ്ട്. കഥ കേട്ടപ്പോൾ തന്നെ ഏതൊരു മേക്കപ്പ് ആർടിസ്റ്റും ആഗ്രഹിക്കുന്ന പടം എന്ന ഫീലുണ്ടായിരുന്നു. സംവിധായകൻ ഹനീഫ് സാറിനെ നേരിട്ടു കണ്ടു സംസാരിച്ചു. ഈ സിനിമയ്ക്കു വേണ്ടിയുള്ള പ്രോസ്തറ്റിക് വർക്കുകൾ ചെയ്തത് സേതു ശിവാനന്ദ് ആണ്. സേതുവിനൊപ്പം ഞാൻ മുൻപും വർക്ക് ചെയ്തിട്ടുണ്ട്. അതുകൊണ്ട് സബ്ജക്ട് കേട്ടപ്പോൾ തന്നെ ഞാൻ പറഞ്ഞത്, പ്രോസ്തറ്റിക് വർക്ക് ചെയ്യാൻ പുറത്തു നിന്ന് ആളെ വിളിക്കേണ്ട. എന്റെ ടീമിൽ തന്നെ ആളുണ്ട് എന്നായിരുന്നു. സംവിധായകന്റെ നിർദേശമനുസരിച്ച് സേതു വർക്ക് ചെയ്തു.
‘കണ്ണിച്ചോര’യുള്ള നടൻ
ഉണ്ണി ചേട്ടൻ (ഉണ്ണി മുകുന്ദൻ) നൽകിയ പിന്തുണ വളരെ വലുതായിരുന്നു. പല സീനിലും കാണാം, അദ്ദേഹത്തിന്റെ കണ്ണിന്റെ ഉള്ളിൽ വരെ ചോര കാണിക്കുന്നുണ്ട്. ‘ഐ ബ്ലഡ്’ എന്ന പ്രോഡക്ട് ഉപയോഗിച്ചാണ് കണ്ണിന്റെ ഉള്ളിൽ ചോര ഇടുന്നത്. എല്ലാ ആർടിസ്റ്റുകളും ഇതു കണ്ണിലുപയോഗിക്കാൻ സമ്മതിക്കാറില്ല. പക്ഷേ, ഉണ്ണി ചേട്ടൻ വലിയ പിന്തുണ നൽകി. ഓരോ ഷോട്ടിനും ‘ഐ ബ്ലഡ്’ കണ്ണിൽ ഇട്ടാണ് അദ്ദേഹം ക്യാമറയ്ക്ക് മുൻപിൽ നിന്നത്. ഗെറ്റപ്പ് ചേഞ്ചിനും അദ്ദേഹം ഓകെ ആയിരുന്നു. മുടി മുറിക്കാനൊന്നും യാതൊരു പ്രശ്നവും പറഞ്ഞില്ല.
ഡാർക്ക് ലുക്കിൽ ജഗദീഷ്
ജഗദീഷേട്ടന്റെ ലുക്കും മേക്കപ്പും പലരും പ്രത്യേകം എടുത്തു പറഞ്ഞ് അഭിനന്ദിച്ചു. ക്ലൈമാക്സിനടുത്ത് അദ്ദേഹത്തിന്റെ മുഖത്തിന് സംഭവിക്കുന്ന ചില കാര്യങ്ങളുണ്ട്. അതിന്റെ മേക്കപ്പ് ഒക്കെ ഹെവിയായിരുന്നു. ഒരു മണിക്കൂറോളം ഒക്കെ കണ്ണ് മുഴുവനായി കവർ ചെയ്താണ് മേക്കപ്പിന് ഇരുന്നു തന്നത്. അത്രയും ഡീറ്റെയ്‍ലിങ് അതിനു കൊടുത്തിട്ടുണ്ട്. ഡാർക്ക് സ്റ്റൈലിഷ് ലുക്കിലാണ് അദ്ദേഹത്തെ അവതരിപ്പിച്ചത്. ഹനീഫ് സർ പറഞ്ഞത്, നമ്മൾ എപ്പോഴും കാണുന്ന ജഗദീഷേട്ടനിൽ നിന്ന് വേറിട്ടു നിൽക്കണം എന്നായിരുന്നു. ഹെയർ സ്റ്റൈലിലും അപ്പിയറൻസിലും ആ മാറ്റം കൊണ്ടു വരണം. കോസ്റ്റ്യൂം ഡിസൈനർ ധന്യയുമായി സംസാരിച്ചു. കോസ്റ്റ്യൂം കൂടി പരിഗണിച്ചാണ് മേക്കപ്പ് സെറ്റ് ചെയ്തത്. സംവിധായകൻ റഫറൻസുകൾ തന്നിരുന്നു. എന്തായാലും ഒരുപാടു പേർക്ക് ആ ലുക്ക് ഇഷ്ടമായി. നിരവധി പേർ അഭിനന്ദിച്ചു.
ഉപയോഗിച്ചത് 240 ലിറ്റർ ‘ബ്ലഡ്’
എന്റെ അറിവിൽ ഇത്രയും ‘ബ്ലഡ്’ ഉപയോഗിച്ച മറ്റൊരു മലയാള സിനിമ ഉണ്ടാകില്ല. 240 ലിറ്റർ പ്രോസ്തറ്റിക് ബ്ലഡ് ആണ് സിനിമയ്ക്കായി ഒരുക്കിയത്. കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്ന രക്തമാണ് അത്. നല്ല ചിലവു വരും. ആർടിസ്റ്റുകളുടെ മുഖത്തും ദേഹത്തുമെല്ലാം ധാരാളം ഉപയോഗിക്കേണ്ടതുകൊണ്ട് നല്ല പ്രോഡക്ടു തന്നെ വേണം. മേക്കപ്പ് ഡിപ്പാർട്ട്മെന്റിന്റെ മാത്രം കാര്യമാണ് ഞാൻ പറഞ്ഞത്. അതിനു പുറമെ, ആർട് ഡിപ്പാർട്ട്മെന്റ് വേറെ ഉണ്ടാക്കിയിട്ടുണ്ട്. നിലത്ത് ഒഴിക്കാനും സെറ്റിന്റെ ഭാഗമായും ഒക്കെ ധാരാളം രക്തം വേണമല്ലോ.
ഫീൽ ഗുഡിൽ നിന്ന് ചോരക്കളിയിലേക്ക്
ഏക് ദിൻ എന്ന സിനിമയ്ക്കാണ് എനിക്ക് ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിക്കുന്നത്. അതിനു ശേഷം ഞാൻ ചെയ്ത സിനിമയാണ് ജയ ജയ ജയ ജയഹേ. വിപിൻ ദാസിന്റെ അന്താക്ഷരി മുതലുള്ള എല്ലാ സിനിമകളും ഞാനാണ് ചെയ്തത്. ഗുരുവായൂരമ്പലനടയിൽ ആണ് ഇതിനു മുൻപ് ചെയ്ത വലിയ പടം. അത്രയും ആർടിസ്റ്റുകളും ജൂനിയർ ആർടിസ്റ്റുകളും ഒക്കെയുള്ള സിനിമയായിരുന്നു അത്. അതിലെ അനശ്വര രാജന്റെ വെഡിങ് ലുക്ക് ഏറെ ശ്രദ്ധേ നേടിയിരുന്നു. പിന്നെ വാഴ ചെയ്തു. ഇപ്പോൾ തിയറ്ററിൽ പ്രദർശനം തുടരുന്ന രാജ് ബി ഷെട്ടിയുടെ രുധിരത്തിന്റെ മേക്കപ്പും ഞാനാണ് ചെയ്തത്. അതിലും അത്യാവശ്യം അടിയും ഇടിയുമൊക്കെയുള്ള സിനിമയാണ്. ഇപ്പോൾ ഒരു തെലുങ്കു സിനിമയുടെ വർക്കിലാണ്.
English Summary:
Interview With Marco Makeup Artist Sudhi Surendran
Source link