പുതുവർഷത്തിൽ മലയാളിക്ക് പൊന്നണിയാം; ഉണ്ടായത് വലിയ മാറ്റം, അറിയാം ഇന്നത്തെ സ്വർണനിരക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കുശേഷം സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 57,080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7,135 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 7,784 രൂപയുമായി.കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 57,200 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഡിസംബർ 20നായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 56,320 രൂപയായിരുന്നു. അതുപോലെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഡിസംബർ 11,12 എന്നീ ദിവസങ്ങളിലായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 58,280 രൂപയായിരുന്നു.
ആഗോളവിപണി
പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും അമേരിക്കയുടെ വ്യാപാര തീരുവ യുദ്ധവും വിലക്കയറ്റവും അടുത്ത വർഷം സ്വർണത്തിന് തിളക്കം വർദ്ധിപ്പിച്ചേക്കും. 2025ലെ നിക്ഷേപ താരം സ്വർണമാകുമെന്ന് അനലിസ്റ്റുകളും വ്യാപാരികളും അടിവരയിടുന്നു. നടപ്പുവർഷം ഓഹരി, കടപ്പത്രങ്ങൾ, കമ്പോള ഉൽപ്പന്നങ്ങൾ എന്നിവയുമായി താരതമ്യം ചെയ്താൽ നിക്ഷേപകർക്ക് ഏറ്റവുമധികം നേട്ടം സ്വർണമാണ് നൽകിയത്. ഇക്കാലയളവിൽ സ്വർണവില 25 ശതമാനത്തിലധികം ഉയർന്നു.
റഷ്യ-യുക്രെയിൻ, ഇറാൻ-ഇസ്രയേൽ യുദ്ധങ്ങളും ആഗോള മാന്ദ്യ സാഹചര്യവും ഉയരുന്ന നാണയപ്പെരുപ്പവും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയം വർദ്ധിപ്പിച്ചു. 2024ൽ വിവിധ കേന്ദ്ര ബാങ്കുകൾ 500 ടണ്ണിലധികം സ്വർണം വാങ്ങികൂട്ടിയതാണ് വില ഉയർത്തിയത്. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2,091 ഡോളറിൽ നിന്ന് 2,600 ഡോളർ വരെയാണ് ഉയർന്നത്. ഒക്ടോബർ 30ന് സ്വർണ വില ഔൺസിന് 2,826 ഡോളറിലെത്തി റെക്കാർഡിട്ടിരുന്നു. അടുത്ത വർഷവും കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങി കൂട്ടിയേക്കും.
സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
1. ആഗോള രാഷ്ട്രീയ സംഘർഷങ്ങൾ
2. കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ താത്പര്യം
3. നാണയപ്പെരുപ്പത്തിലെ കുതിപ്പ്
4. ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങൾ
5. ഫെഡറൽ റിസർവിന്റെ പലിശ കുറയ്ക്കാനുള്ള തീരുമാനം
ഇന്നത്തെ വെളളിവില
സംസ്ഥാനത്തെ വെളളിവിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെളളിയുടെ വില 99.90രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 99,900 രൂപയുമാണ്. കഴിഞ്ഞ ദിവസം ഒരു ഗ്രാം വെളളിയുടെ വില 100 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 100,000 രൂപയുമായിരുന്നു.
Source link