പെരിയ കൊലക്കേസ്; സർക്കാ‌ർ ചെലവിട്ടത് ഒരു കോടിയിലധികം രൂപ, സുപ്രീംകോടതി വരെ പോരാടി

കണ്ണൂർ: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐയ്‌ക്ക് വിട്ട വിധിക്കെതിരെ നിയമപോരാട്ടം നടത്താൻ സർക്കാർ ചെലവിട്ടത് ഒരു കോടിയിലധികം രൂപ. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവർ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് സിബിഐക്ക് വിട്ടത്. ഇതിനെതിരെയുള്ള നിയമപോരാട്ടം സുപ്രീം കോടതി വരെ നീണ്ടു.

വിവിധ ഘട്ടങ്ങളിൽ സർക്കാരിന് വേണ്ടി ഹാജരായ മൂന്ന് അഭിഭാഷകർക്ക് 88 ലക്ഷം രൂപയാണ് പ്രതിഫലം നൽകിയത്. താമസം, ഭക്ഷണം, വിമാനയാത്രക്കുള്ള കൂലി എന്നീ ഇനങ്ങളിൽ 2.92 ലക്ഷം രൂപയും ചെലവിട്ടു. സ്റ്റാൻഡിംഗ് കൗൺസിലിനെ കൂടാതെ മറ്റൊരു സീനിയർ അഭിഭാഷകനും സുപ്രീം കോടതിയിൽ ഹാജരായി. ഈ അഭിഭാഷകൻ ഹൈക്കോടതിയിൽ ഹാജരായതിന് 60 ലക്ഷം പ്രതിഫലം വാങ്ങിയിരുന്നു.

2019 ഫെബ്രുവരി 17ന് രാത്രി ഏഴരയോടെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശരത് ലാലിനെയും (23) കൃപേഷിനെയും (19) കല്യോട്ട് കൂരാങ്കര റോഡിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആദ്യം ലോക്കൽ പൊലീസിലെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതി സിംഗിൾ ബെഞ്ച് 2019 സെപ്‌തംബറിൽ അന്വേഷണം സിബിഐയ്‌ക്ക് വിട്ടു. തുടർന്ന് സിബിഐ അന്വേഷണത്തിനെതിരെ ഡിവിഷൻ ബെഞ്ചിൽ സംസ്ഥാന സർക്കാർ അപ്പീൽ നൽകി. അപ്പീൽ തള്ളിയതോടെയാണ് സിബിഐ അന്വേഷണത്തെ എതിർത്തു സംസ്ഥാന സർക്കാർ സുപ്രീംകോടതിയിലെത്തിയത്. കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കൾ തടസഹർജിയും നൽ‌കി. സംസ്ഥാന സർക്കാരിന്റെ അപ്പീൽ 2019 ഡിസംബർ ഒന്നിന് സുപ്രീം കോടതി തള്ളി. അന്വേഷണം സിബിഐ ഏറ്റെടുത്തു. 2021 ഡിസംബർ മൂന്നിന് സിബിഐ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം നൽകി.


Source link
Exit mobile version