മലയാളികൾക്ക് മത്തി എത്രത്തോളം പ്രിയപ്പെട്ടതാണ്, അതുപോലെ തന്നെ പ്രിയപ്പെട്ടതാണ് ചൂര മീൻ. കേരളത്തിന്റെ തെക്കൻ ജില്ലകളിലാണ് ചൂര മീൻ കൂടുതലും ലഭ്യമാകുന്നത്. മാത്രമല്ല അന്താരാഷ്ട്ര മാർക്കറ്റിൽ ഏറ്റവും ഡിമാൻഡുള്ള മീനുകളിൽ ഒന്നുമാണ് ചൂര. ജപ്പാൻകാരുടെ പ്രിയങ്കരമായ ഭക്ഷണം സുഷിക്കും മഗുരോ എന്ന വിഭാഗത്തിൽപ്പെട്ട ചൂരയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും വില കിട്ടുന്ന മീനും ചൂരയാണ്.
എന്നാൽ കേരള കടൽതീരത്ത് നിന്നും പിടിക്കുന്ന ചൂര മീനിന് എന്തുകൊണ്ടാണ് ഇത്ര വില കിട്ടാത്തത് എന്ന് ചിന്തിച്ചിട്ടുണ്ടോ? പലപ്പോഴും കേരളത്തിലെ മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന ചൂര മീൻ വില സാധാരണ മീനുകളെപ്പോലെയാണ്. കേരള തീരത്തെ ചൂര മീനിന് ഡിമാൻഡില്ലാത്തതിന് പ്രധാന കാരണം ഗുണമേന്മയാണെന്ന് പറയുകയാണ് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപന ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ്. ഒരു അഭിമുഖത്തിൽ പങ്കെടുക്കവെ മത്സ്യങ്ങളുടെ സഞ്ചാരരീതിയെക്കുറിച്ച് പറയുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.
ഡോ ഗ്രിൻസൺ ജോർജിന്റെ വാക്കുകളിലേക്ക്..
‘നമുക്ക് ആഴക്കടലിൽ നിന്ന് ലഭിക്കുന്ന മത്സ്യങ്ങളുണ്ട്. നമുക്ക് തീരപ്രദേശത്ത് നിന്ന് ലഭിക്കുന്ന മത്സ്യങ്ങളുണ്ട്. സഞ്ചാര രീതി പറയാൻ ഏറ്റവും എളുപ്പം നമ്മുടെ ചാള അല്ലെങ്കിൽ മത്തിയാണ് നല്ലത്. ജൂൺ മാസത്തിൽ മഴ ആരംഭിക്കുമ്പോഴാണ് തീരപ്രദേശത്തോട്ട് മത്തി എത്തുക. ആരംഭത്തിൽ അതിന്റെ ഒരു ഭംഗി കാണാൻ സാധിക്കുന്നത് തെക്കൻ തീരപ്രദേശങ്ങളിലാണ്. അവിടെയാണ് ആദ്യം വരവ് ആഘോഷിക്കുന്നത്. അവിടെയുള്ള ആളുകൾക്ക് മീൻ കിട്ടിത്തുടങ്ങുമ്പോൾ വടക്ക് നിന്നുള്ള ആളുകൾ പറയും ഞങ്ങൾക്ക് ഇത്തവണ മീൻ കിട്ടിയില്ലെന്ന്.
മഴയോട് ചേർന്നുവരുന്ന വായു സഞ്ചാരം മറ്റ് കാര്യങ്ങളൊക്കെയുണ്ട്. ഈ ട്രെൻഡ് പതുക്കെ തെക്ക് നിന്ന് സ്റ്റാർട്ട് ചെയ്ത് വടക്കോട്ട് കേറിവരും. കേരള-കൊങ്കൺ കോസ്റ്റിലാണ് ചാളയുടെ സാന്നിദ്ധ്യം കൂടുതലായി കണ്ടുവരുന്നത്. ചാള വിട്ട് നമ്മൾ സഞ്ചാര രീതി പഠിക്കുമ്പോൾ തിരഞ്ഞെടുക്കുന്ന മറ്റൊരു മത്സ്യം ചൂരയാണ്. ഇന്റർനാഷണൽ മാർക്കറ്റിൽ വലിയ വില ലഭിക്കുന്ന മീനാണ് ചൂര. നമ്മുടെ ഇവിടെ ചൂരയ്ക്ക് മാർക്കറ്റ് വില കുറയുന്നതിന്റെ കാരണം ഇന്റർനാഷണൽ മാർക്കറ്റിലേക്ക് പോകേണ്ട തരത്തിലുള്ള ഗുണമേന്മ ഇല്ലാത്തതാണ്. പിടിക്കുന്ന മീനിലെ വ്യത്യാസമുള്ളത് കൊണ്ടാണ് ഇന്റർനാഷണൽ മാർക്കറ്റിൽ വലിയ വില ലഭിക്കാത്തത്. ചൂരയുടെ സഞ്ചാരപഥം മനസിലാക്കാൻ ചൂരയുടെ പിടിച്ച് ടാഗ് ചെയ്യുന്ന സംവിധാനം ഏർപ്പെടുത്തിയിരുന്നു. കൂടുതലും നമ്മുടെ സമുദ്രാതിർത്തിയിൽ തന്നെയാണ് ചൂരയുടെ സഞ്ചാരപഥമുള്ളതും’
Source link