ഇരട്ടക്കൊല കേസിൽ സിപിഎം നേതൃത്വത്തിന്റെ പങ്ക് അടിവരയിടുന്നതാണ് സിബിഐ കോടതി വിധി: കെ സുധാകരൻ

കണ്ണൂർ: പെരിയ ഇരട്ടക്കൊല കേസിൽ പ്രതിപ്പട്ടികയിലുള്ള മുഴുവൻ പേർക്കും ശിക്ഷ ലഭിക്കാനുള്ള നിയമ പോരാട്ടം തുടരുമെന്നും അതിനായി കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തിന് നിയമസഹായം നൽകുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.


ഇരട്ടക്കൊല കേസിൽ സിപിഎം നേതൃത്വത്തിന്റെ പങ്ക് അടിവരയിടുന്നതാണ് സിബിഐ കോടതിയുടെ വിധി. കൃഷേപിന്റെയും ശരത് ലാലിന്റെയും കൊലപാതകം സിപിഎം ഉന്നത നേതൃത്വം ആസൂത്രണം ചെയ്തതാണ്. അത് മുൻ എംഎൽഎ കെ.വി കുഞ്ഞിരാമനിൽ മാത്രം ഒതുങ്ങുന്നതല്ല. കുഞ്ഞിരാമന്റെ മുകളിലേയും താഴെത്തെയും തട്ടിലെ നേതാക്കളുടെ അറിവും സമ്മതത്തോടുമാണ് കൊല നടന്നത്. തുടർന്നുള്ള നിയമ പോരാട്ടത്തിൽ അതു കോടതിയെ ബോധ്യപ്പെടുത്തും.

തുടക്കം മുതൽ കേസ് അട്ടിമറിക്കാനാണ് സിപിഎം ശ്രമിച്ചത്. കേസ് അട്ടിമറിക്കുന്നതിനും തടസ്സഹർജ്ജിക്കും മറ്റുമായി ഖജനാവിൽനിന്ന് ഒന്നര കോടിയോളം രൂപ ചെലവാക്കി. പ്രതികൾക്ക് നിയമസഹായവും സംരക്ഷണവും സർക്കാരും പാർട്ടിയും ഉറപ്പാക്കി. ഏറെ വൈകിയെങ്കിലും അനുകൂലമായ വിധി ലഭിക്കാൻ ഇടയായത് കോടതിയുടെ സന്ദർഭോചിതവും സമയോചിതവുമായ ഇടപെടലിലൂടെയാണ്.

കേസ് അട്ടിമറിക്കാൻ സർക്കാരും സിപിഎമ്മും ഇടപെടൽ നടത്തിയപ്പോഴെല്ലാം കോൺഗ്രസും യുഡിഎഫും കേസിന് പിറകെ നിഴൽപോലെയുണ്ടായിരുന്നു. കോടതി കുറ്റക്കാരായി കണ്ടെത്തിയ പ്രതികൾക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും കെ.സുധാകരൻ പറഞ്ഞു.


Source link
Exit mobile version