INDIALATEST NEWS

സ്മാരകത്തിന് സ്ഥലമായില്ല;അനാദരവെന്ന് കോൺഗ്രസ്


ന്യൂഡൽഹി ∙ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ അന്ത്യകർമത്തിനും സ്മാരകം നിർമിക്കാനുമായി നിശ്ചിത സ്ഥലം കണ്ടെത്തി നൽകാത്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. നിഗംബോധ്ഘാട്ടിൽ അന്ത്യകർമം നടത്തുമെന്നു പ്രഖ്യാപിച്ച സർക്കാർ, സ്മാരകത്തിന്റെ കാര്യത്തിൽ പിന്നീട് തീരുമാനം അറിയിക്കുമെന്നാണു കുടുംബാംഗങ്ങളെ അറിയിച്ചത്. കുടുംബാംഗങ്ങൾക്കു മറ്റ് താൽപര്യങ്ങളില്ലെങ്കിൽ സ്മാരകത്തിന് പ്രത്യേക സ്ഥലം അനുവദിച്ച് അവിടെ തന്നെ അന്ത്യകർമം നടത്തുകയായിരുന്നു രീതിയെന്നു കോൺഗ്രസ് ചൂണ്ടിക്കാട്ടി. മൻമോഹനെ വച്ചു കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി തിരിച്ചടിച്ചു.

മൻമോഹനോട് നരേന്ദ്ര മോദി സർക്കാരിന് അനാദരവാണെന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. ഇന്ത്യ ജന്മം നൽകിയ മഹാനായ മനുഷ്യനും സിഖ് സമുദായത്തിൽ നിന്നുള്ള ആദ്യ പ്രധാനമന്ത്രിയുമായ മൻമോഹനോടുള്ള അനാദരവാണ് സർക്കാരിൽ നിന്നുണ്ടായത്. ഉന്നതമായ ആദരവും സ്മാരകവും മൻമോഹൻ അർഹിച്ചിരുന്നു. പാർട്ടിയുടെയും കുടുംബാംഗങ്ങളുടെയും ആഗ്രഹം സർക്കാരിനെയും പ്രധാനമന്ത്രിയേയും അറിയിച്ചു പാർട്ടി അധ്യക്ഷൻ കത്തു നൽകിയിരുന്നതായി സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. നിഗംബോധ്ഘാട്ടിൽ നിന്നു തിരിയാൻ ഇടമില്ലാതെ മൻമോഹന്റെ കുടുംബാംഗങ്ങൾ പോലും ബുദ്ധിമുട്ടുകയായിരുന്നുവെന്നു പ്രിയങ്ക ഗാന്ധിയും വിമർശിച്ചു. 

ദില്ലിയിൽ സ്ഥലമില്ലാത്തതല്ല, ദില്ലിൽ (ഹൃദയത്തിൽ) സ്ഥലമില്ലാത്തതാണ് അടിസ്ഥാന പ്രശ്നമെന്നായിരുന്നു കോൺഗ്രസ് ലോക്സഭ ഉപനേതാവ് ഗൗരവ് ഗൊഗോയിയുടെ വിമർശനം. രാഷ്ട്രീയത്തിലെ നിലവാര തകർച്ചയാണ് കോൺഗ്രസിന്റെ ആരോപണങ്ങളിൽ പ്രതിഫലിക്കുന്നതെന്ന് ബിജെപി പ്രതികരിച്ചു. 
നാണക്കേടും ദൗർഭാഗ്യകരവുമാണ് രാഹുലിന്റെ ആരോപണമെന്ന് ബിജെപി വക്താവ് സംപിത് പത്ര പറഞ്ഞു. മൻമോഹനായി സ്മാരകം ഒരുക്കാനുള്ള സർക്കാരിന്റെ ഉദ്ദേശ്യം വ്യക്തമാക്കി കോൺഗ്രസിനും മൻമോഹന്റെ കുടുംബാംഗങ്ങൾക്കും പ്രധാനമന്ത്രി കത്തു നൽകിയതാണ്. നിര്യാണത്തിൽ അനുശോചിച്ചു ചേർന്ന മന്ത്രിസഭായോഗത്തിൽ തന്നെ അതിനുള്ള തീരുമാനവും എടുത്തു. വിവാദത്തിൽ കഴിഞ്ഞദിവസം രാത്രി ആഭ്യന്തര മന്ത്രാലയവും വിശദീകരണക്കുറിപ്പ് ഇറക്കിയിരുന്നു. 
ബിജെപിക്കെതിരെ വിമർശനവുമായി ആംആദ്മി, സമാജ്‌വാദി പാർട്ടികളും രംഗത്തെത്തി. അതിനിടെ, രാഷ്ട്രത്തലവന്മാരുടെ അന്ത്യകർമങ്ങൾക്കായി പൊതുസ്ഥലം കണ്ടെത്തി രാഷ്ട്രീയ സ്മൃതി സമുച്ചയം ഒരുക്കാൻ 2013–ൽ മൻമോഹൻ സർക്കാർ തീരുമാനിച്ചിരുന്നുവെന്ന് വാദം ഉയർന്നു. ഡൽഹിയിലെ സ്ഥലപരിമിതി ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
അന്ത്യകർമങ്ങളുടെ ക്രമീകരണങ്ങളിലും അനാദരംന്യൂഡൽഹി ∙ മൻ‌‍മോഹൻ സിങ്ങിന്റെ അന്ത്യകർമങ്ങളിൽ സർക്കാർ കാട്ടിയ അനാദരം എണ്ണിപ്പറഞ്ഞ് കോൺഗ്രസ്. പൂർണ സൈനിക ബഹുമതിയോടെ നടത്തിയ ചടങ്ങിൽ ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളാണ് കാര്യങ്ങൾ നിയന്ത്രിച്ചത്. അതുവഴി കുടുംബാംഗങ്ങൾക്കും പാർട്ടി നേതാക്കൾക്കും അനാദരം നേരിടേണ്ടി വന്നുവെന്നാണ് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞത്. കോൺഗ്രസ് ഉയർത്തിയ ആരോപണങ്ങൾ:

 ∙ ചടങ്ങിന്റെ ദൃശ്യങ്ങൾ പകർത്താൻ നിയോഗിക്കപ്പെട്ട ദൂരദർശൻ സംഘം പൂർണമായും നരേന്ദ്ര മോദി, അമിത് ഷാ എന്നിവരെ കേന്ദ്രീകരിച്ചുള്ള ദൃശ്യങ്ങളാണ് പുറത്തു വിട്ടത്. മൻമോഹൻ സിങ്ങിന്റെ കുടുംബാംഗങ്ങളെ അവഗണിച്ചു.
∙ ഭൗതികശരീരത്തിനരികെ കുടുംബാംഗങ്ങൾക്ക് 3 കസേരകൾ മാത്രമാണ് നൽകിയത്. മക്കൾക്കും അടുത്ത ബന്ധുക്കൾക്കും കസേര അനുവദിക്കാൻ സമ്മർദം ചെലുത്തേണ്ടി വന്നു.
∙ മൃതദേഹം പുതപ്പിച്ച ദേശീയപതാക അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് കൈമാറുന്ന ഘട്ടത്തിൽ പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും എഴുന്നേറ്റില്ല.
∙ ചിതയുടെ ഒരുഭാഗത്തു പൂർണമായും സൈനികർ നിലയുറപ്പിച്ചതിനാൽ കുടുംബാംഗങ്ങൾക്ക് സ്ഥലം ലഭിച്ചില്ല. 

∙ അന്ത്യകർമങ്ങൾ നേരിട്ടു കാണാൻ പൊതുജനങ്ങൾക്കും അവസരം നൽകിയില്ല.
∙ ചടങ്ങിന് എത്തിയ വിദേശരാജ്യ പ്രതിനിധികളെ കാണാനാകാത്തവിധം എവിടെയോ കൊണ്ടിരുത്തി. ഭൂട്ടാൻ രാജാവ് എഴുന്നേറ്റ ഘട്ടത്തിലും പ്രധാനമന്ത്രി എഴുന്നേറ്റില്ല.
∙ ചടങ്ങുകളുടെ ഏകോപനം പരിതാപകരമായിരുന്നു.


Source link

Related Articles

Back to top button