നവീകരിച്ച എം.എൻ.സ്മാരകം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം:തലസ്ഥാനത്ത് നവീകരിച്ച എം. എൻ സ്മാരകത്തിന്റെ ഉദ്ഘാടനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർവഹിച്ചു. കേരളത്തിലെ നിരവധി മഹത്തായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച തീരുമാനങ്ങൾ കൈക്കൊണ്ട കേന്ദ്രമാണ് പാർട്ടിയുടെ സംസ്ഥാന കൗൺസിൽ ഓഫിസായ എം.എൻ.സ്മാരകമെന്ന് അദ്ദേഹം പറഞ്ഞു.

സഖാവ് പി കൃഷ്ണപിള്ളയിലാരംഭിക്കുന്ന നേതൃത്വ പരമ്പരയിലെ എല്ലാവരുടെയും ആവേശത്തിന്റെയും അഭിമാനബോധത്തിന്റെയും പര്യായമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫിസ്. ഇന്നത്തെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വഹിക്കേണ്ട പങ്ക് ഫലപ്രദമായി നിർവഹിക്കാൻ ഉചിതമായ തീരുമാനങ്ങളെടുക്കാനുള്ള വേദിയായി എം എൻ സ്മാരകത്തെ മാറ്റുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
സ്മാരകത്തിന് മുന്നിൽ സംസ്ഥാന സെക്രട്ടറി പതാക ഉയർത്തി. എം. എൻ പ്രതിമ അനാച്ഛാദനവും ശിലാഫലകം അനാച്ഛാദനവും അദ്ദേഹം നിർവഹിച്ചു. സംസ്ഥാന കൗൺസിൽ ഹാളിന് മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പേരാണ് നൽകിയിരിക്കുന്നത്.

ദേശീയ കൗൺസിൽ അംഗം ജി .ആർ അനിൽ അദ്ധ്യക്ഷനായി. ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. പ്രകാശ് ബാബു, പി. സന്തോഷ് കുമാർ എം.പി, കെ .പി രാജേന്ദ്രൻ, സംസ്ഥാന അസി. സെക്രട്ടറി ഇ. ചന്ദ്രശേഖരൻ എം.എൽ.എ, മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. കെ പ്രകാശ്ബാബു രചിച്ച് പ്രഭാത് ബുക്സ് പ്രസിദ്ധീകരിച്ച ‘കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ: ലഘുചരിത്രവും പാർട്ടി കോൺഗ്രസുകളും’, ഡോ. വള്ളിക്കാവ് മോഹൻദാസ് രചിച്ച ‘വിപ്ലവ മുന്നേറ്റങ്ങൾ’ എന്നീ പുസ്തകങ്ങളുടെ പ്രകാശനം ബിനോയ് വിശ്വം നിർവഹിച്ചു. മുതിർന്ന നേതാവും പ്രഭാത് ബുക്ക് ഹൗസ് ചെയർമാനുമായ സി ദിവാകരൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി.സംസ്ഥാന അസി. സെക്രട്ടറി പി .പി സുനീർ സ്വാഗതം പറഞ്ഞു.


Source link
Exit mobile version