പെരിയ ഇരട്ടക്കൊലപാതകം; 14 പ്രതികൾ കുറ്റക്കാരാണെന്ന് സിബിഐ കോടതി, 10 പേരെ വെറുതെവിട്ടു
കണ്ണൂർ:പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്ല്യോട്ട് ശരത് ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസിൽ 14 പ്രതികൾ കുറ്റക്കാരാണെന്ന് എറണാകുളം സിബിഐ കോടതി. മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ അടക്കമുള്ള 14 പ്രതികളാണ് കുറ്റക്കാർ. 10 പേരെ കോടതി വെറുതെവിട്ടു. ഒന്ന് മുതൽ പത്ത് വരെയുള്ള പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം തെളിഞ്ഞു. ശിക്ഷിക്കപ്പെട്ട 14 പേരിൽ പത്ത് പേർ സിപിഎമ്മിന്റെ പ്രധാനപ്പെട്ട നേതാക്കളാണ്. ശിക്ഷ ജനുവരി 3ന് വിധിക്കും.
സിപിഎം പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗം എ പീതാംബരൻ, കൊലപാതകം കൃത്യം നടത്തിയ സജി സി. ജോർജ്, കെ.എം. സുരേഷ്, കെ. അനിൽ കുമാർ, ജിജിൻ, ആർ. ശ്രീരാഗ്, എ. അശ്വിൻ, സുബീഷ് എന്നിവർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. ഒൻപതാം പ്രതി എ മുരളി, ടി രഞ്ജിത്ത്, കെ. മണികണ്ഠൻ (ഉദുമ മുൻ ഏരിയ സെക്രട്ടറി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), എ. സുരേന്ദ്രൻ, കെ.വി. കുഞ്ഞിരാമൻ (ഉദുമ മുൻ എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവൻ വെളുത്തോളി (മുൻ പാക്കം ലോക്കൽ സെക്രട്ടറി), കെവി ഭാസ്‌കരൻ എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റുള്ളവർ.
292 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. 2019 ഫെബ്രുവരി 17നായിരുന്നു കൊലപാതകം. ആദ്യം ലോക്കൽ പൊലീസിലെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചിരുന്നു. ശരത് ലാലിന്റേയും കൃപേഷിന്റേയും മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘമാണ് അന്വേഷണം നടത്തിയത്. 2023 ഫെബ്രുവരിയിലാണ് സിബിഐ കോടതിയിൽ വിചാരണ തുടങ്ങിയത്.
Source link