തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ സംസ്ഥാനത്ത് ഒരാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ച് സർക്കാർ. എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി പൊതുഭരണ വകുപ്പ് അറിയിച്ചു.
ഡിസംബർ 26 മുതൽ ജനുവരി ഒന്നുവരെ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതായാണ് ഇൻഫർമേഷൻ ആന്റ് പബ്ളിക് റിലേഷൻസ് വകുപ്പ് അറിയിക്കുന്നത്. ദേശീയ പതാക താഴ്ത്തിക്കെട്ടുകയും ചെയ്യും. സംസ്ഥാനത്ത് ദേശീയ പതാക സ്ഥാപിച്ചിട്ടുള്ള ഇടങ്ങളിൽ പതാക താഴ്ത്തിക്കെട്ടുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുന്നതിന് ജില്ലാ കളക്ടർമാർക്ക് ഉത്തരവിലൂടെ നിർദേശം നൽകിയതായും സർക്കാർ അറിയിച്ചു.
ഇന്നലെ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രമേയം പാസാക്കിയിരുന്നു. ജനുവരി ഒന്നുവരെ ഏഴ് ദിവസത്തേക്ക് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ആ ദിവസങ്ങളിൽ വിദേശ എംബസികളിലടക്കം ദേശീയ പതാക പകുതി താഴ്ത്തും. ഇന്ന് എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കും പകുതി ദിവസം അവധിയാണ്.
ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഡൽഹി എയിംസിലെ എമര്‍ജെന്‍സി വിഭാഗത്തില്‍ പ്രവേശിപ്പിച്ച മൻമോഹൻ സിംഗ് ഡിസംബർ 26നാണ് അന്തരിച്ചത്. ഇന്നുരാവിലെ 11.45ന് ചെങ്കോട്ടയുടെ പിൻഭാഗത്ത് യമുനാ നദിക്കരയിലെ നിഗംബോധ് ഘട്ടിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. ഇന്നലെ അതിരാവിലെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി അദ്ധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ ജെ.പി. നദ്ദയും വസതിയിലെത്തി ആദരാഞ്ജലി അർപ്പിച്ചിരുന്നു. പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുർമുവും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുമെത്തി.
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഡൽഹി മുഖ്യമന്ത്രി അതിഷി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, നിർമ്മല സീതാരാമൻ, സമാജ്വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്, ആംആദ്മി കൺവീനർ അരവിന്ദ് കേജ്രിവാൾ, കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, ജയ്റാം രമേശ്, എം.കെ. രാഘവൻ, അടൂർ പ്രകാശ് തുടങ്ങിയവരും ആദരാഞ്ജലി അർപ്പിച്ചു.
Source link