പെരിയ ഇരട്ടക്കൊലക്കേസ് വിധിക്ക് പിന്നാലെ പൊട്ടിക്കരഞ്ഞ് അമ്മമാർ, പുഷ്‌പാർച്ചന നടത്തി; പോരാട്ടം തുടരുമെന്ന് അച്ഛന്മാർ
കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിൽ വിധി പുറത്തുവന്നതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്ല്യോട്ട് ശരത് ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസിൽ 14 പ്രതികൾ കുറ്റക്കാരാണെന്ന് എറണാകുളം സിബിഐ കോടതി വിധിച്ചിരിക്കുകയാണ്.
മകന് നീതി ലഭിച്ചെന്ന് കൃപേഷിന്റെ അമ്മ ബാലാമണി പറഞ്ഞു. പ്രതികൾക്ക് കടുത്ത ശിക്ഷതന്നെ ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. സർക്കാർ കുറെ കളി കളിച്ചു. കേസിൽ കുറെയധികം കഷ്ടപ്പെടേണ്ടി വന്നുവെന്നും ബാലാമണി വ്യക്തമാക്കി. അഭിഭാഷകനുമായി ആലോചിച്ചതിനുശേഷം തുടർനടപടികളുമായി മുന്നോട്ടുപോകുമെന്ന് കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ പറഞ്ഞു.
എല്ലാ പ്രതികൾക്കും കടുത്ത ശിക്ഷതന്നെ ലഭിക്കണമെന്ന് ശരത് ലാലിന്റെ അമ്മ ലത പറഞ്ഞു. എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. വിധി തൃപ്‌തികരമായി തോന്നുന്നില്ല. കോടതിയിൽ വിശ്വസിക്കുന്നുവെന്നും ലത വ്യക്തമാക്കി. പ്രതികളിൽ ഗൂഢാലോചനയിൽ പങ്കെടുത്തവരിൽ ചിലരെ വെറുതെവിട്ടതിൽ അഭിഭാഷകനുമായി ആലോചിച്ച് മുന്നോട്ടുപോകുമെന്ന് ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ പറഞ്ഞു.
കുറച്ചുപേർ രക്ഷപ്പെട്ടതിൽ അതിയായ ദുഃഖമുണ്ട്. 14 പേർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതിൽ അതിയായ സന്തോഷവുമുണ്ട്. മുഴുവൻ പ്രതികൾക്കും ശിക്ഷ ഉറപ്പാക്കുന്നതുവരെ നിയമപരമായി പോരാടും. വിധിയിൽ പൂർണമായ സംതൃപ്‌തിയില്ല. സംസ്ഥാന സർക്കാരുമായി പോരാടിയാണ് ഇതുവരെ എത്തിയത്. നമുക്ക് സംരക്ഷണം നൽകേണ്ട സർക്കാരുമായാണ് പോരാടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
വിധി കേട്ടതിന് പിന്നാലെ ശരത് ലാലിന്റെ അമ്മ ലതയും കൃപേഷിന്റെ അമ്മ ബാലാമണിയും തങ്ങളുടെ മകന്റെ സ്‌മൃതി മണ്ഡപത്തിലെത്തി വണങ്ങി. പൊട്ടിക്കരഞ്ഞുകൊണ്ട് പൂഷ്‌പാർച്ചന നടത്തുകയും ചെയ്തു. മറ്റ് കുടുംബാംഗങ്ങളും പൂക്കളർപ്പിച്ചു.
Source link