‘കോടതി വിധി സിപിഎമ്മിന്റെ മസ്തിഷ്‌കത്തിന് കിട്ടിയ അടി, നേതാക്കൾ ശിക്ഷിക്കപ്പെടുമെന്ന് പാർട്ടിക്ക് നേരത്തെ അറിയാം’

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിൽ എറണാകുളം സിബിഐ കോടതി വിധി സിപിഎമ്മിന്റെ മസ്തിഷ്‌കത്തിന് കിട്ടിയ അടിയാണെന്ന് വടകര എംഎൽഎ കെകെ രമ. സിപിഎമ്മിന് കൊലപാതകത്തിൽ പങ്കില്ലെന്ന് പറഞ്ഞുകൊണ്ടേയിരുന്ന, സിബിഐ അന്വേഷണത്തെ നഖശിഖാന്തം എതിർത്ത് അതിന് വലിയ തുക ചെലവാക്കി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരെ പാർട്ടി കൊണ്ടുവന്നു. അപ്പോഴെ നമുക്ക് അറിയാം പാർട്ടിക്ക് കൊലയിലുള്ള പങ്ക്. നേതാക്കൾ ശിക്ഷിക്കപ്പെടുമെന്ന് സിപിഎമ്മിന് നേരത്തെ അറിയാവുന്നത് കൊണ്ടാണ് സിബിഐ അന്വേഷണത്തെ എതിർത്തതെന്നും കെകെ രമ കൂട്ടിച്ചേർത്തു.

‘ഇത് ഏതെങ്കിലും വാടക കൊലയാളികൾ മാത്രം നടത്തിയ കൊലപാതകമല്ല. ഏറ്റവും പ്രമുഖനായ സിപിഎം മുൻ എംഎൽഎയും ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറുമായ നേതാവ് കുറ്റക്കാരനാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഒന്നാം പ്രതി ലോക്കൽ കമ്മിറ്റി മെമ്പറാണ്. പാർട്ടി വളരെ ആലോചിച്ച് ഉറപ്പിച്ച് നടത്തിയ കൊലപാതകമാണ്. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം കേരളത്തെ വല്ലാതെ നടുക്കിയ സംഭവമായിരുന്നു പെരിയ ഇരട്ടക്കൊല’- കെകെ രമ പറഞ്ഞു.

പെരിയ ഇരട്ടക്കൊല സിപിഎം നടത്തിയ കൊലപാകമാണെന്ന് ഷാഫി പറമ്പിൽ എംപി പ്രതികരിച്ചു. പ്രതിപ്പട്ടികയിൽ ലോക്കൽ കമ്മിറ്റി അംഗമുണ്ട്, ഏരിയ കമ്മിറ്റിയിലെ ആളുകൾ പ്രതിപ്പട്ടികയിലുണ്ട്. ഒരു മുൻ എംഎൽഎ ജില്ലാ സെക്രട്ടറിയേറ്റ് അംഗമുൾപ്പടെയുണ്ട്. സിപിഎം കൊന്നതാണെന്ന് തെളിയാൻ ഇതിൽപ്പരം വേറെ തെളിവുകൾ വേണ്ട. ഇതിന്റെ ഉത്തവാദിത്തത്തിൽ നിന്ന് സിപിഎമ്മിന് ഒളിച്ചുമാറാൻ കഴിയില്ലെന്ന് ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.


Source link
Exit mobile version