KERALAM

എരഞ്ഞിപ്പുഴയിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; കണ്ണൂരിലും രണ്ട് മുങ്ങിമരണം

കാസർകോട‌്: എരഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. കാസർകോട്ട് എരഞ്ഞിപ്പുഴയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടുകൂടിയായിരുന്നു സംഭവം. എരഞ്ഞിപ്പുഴ സിദ്ദിഖിന്റെ മകൻ റിയാസ്, മാതൃസഹോദരനായ അഷ്‌റഫിന്റെ മകൻ യാസീൻ (13) മജീദിന്റെ മകൻ സമദ് (13) എന്നിവരാണ് മരിച്ചത്. സഹോദരങ്ങളുടെ മക്കളാണ് മൂന്നുപേരും.

പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികൾ. ഇവരുടെ ഒപ്പം ഒരു സ്ത്രീയും ഉണ്ടായിരുന്നതായാണ് വിവരം. ബന്ധുവീട്ടിൽ വിരുന്നിന് എത്തിയതായിരുന്നു റിയാസ്. കുളിക്കുന്നതിനിടെ മൂന്നുപേരും മുങ്ങിപ്പോവുകയായിരുന്നു. മുങ്ങിപ്പോയ റിയാസിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ടുപേരും അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ഒപ്പമുണ്ടായിരുന്ന സ്ത്രീ അലറിവിളിച്ചതോടെ നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഇവരിൽ റിയാസിനെയും യാസീനെയും രക്ഷാപ്രവർത്തകർ പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യാസീനും സമദിനും നീന്തൽ അറിയാമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. നേരത്തെയും പ്രദേശത്ത് അപകടം നടന്നിട്ടുള്ളതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. നാട്ടുകാരും പൊലീസും ഫയർഫോഴ‌്സും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്.

കണ്ണൂരിലും സമാനസംഭവത്തിൽ രണ്ടുപേർ പുഴയിൽ മുങ്ങിമരിച്ചു. കണ്ണൂർ ഇരിട്ടിയിൽ കിളിയന്തറ പുഴയിലാണ് രണ്ടുപേർ മുങ്ങിമരിച്ചത്. കണ്ണൂർ സ്വദേശികളായ ആൽബിൻ (ഒൻപത്), വിൻസെന്റ് (42) എന്നിവരാണ് മരിച്ചത്. ആൽബിൻ പുഴയിൽ വീണപ്പോൾ വിൻസെന്റ് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും മുങ്ങിപ്പോവുകയായിരുന്നു. ഇന്ന് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. വിൻസെന്റും ആൽബിനും അയൽവാസികളാണ്. ഇരുവരെയും നാട്ടുകാർ ചേർന്ന് പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Source link

Related Articles

Back to top button