ഓസീസ് ഡേ,

മെൽബൺ: ഓസീസ് ഡേ ആയി മാറിയ ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യയ്‌ക്ക് വീണ്ടും ബാറ്റിംഗ് തകർച്ച. 311/6 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഓസ്‌ട്രേലിയക്കായി സ്റ്റീവ് സ്‌മിത്ത് (140) സെഞ്ച്വറി നേടി. ഇന്നലെ 163 റൺസ് കൂടിയ ഓസ്‌ട്രേലിയ 474 റൺസിന് ഓൾഔട്ടായി. തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങി ഇന്ത്യ സ്റ്റമ്പെടുക്കുമ്പോൾ 164/5 എന്ന നിലയിൽ തകർച്ചയിലാണ്. 5 വിക്കറ്റ് കൈയിലിരിക്കേ ഓസീസിനേക്കാൾ 310 റൺസ് പിന്നിലാണ് ഇന്ത്യ.
സൂപ്പർ സ്‌മിത്ത്
സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറിയുടെ പിൻബലത്തിലാണ് ഓസീസ് മികച്ച ഒന്നാം ഇന്നിംഗ്‌സ് ടോട്ടലിലേക്കെത്തിയത്. സ്മിത്ത് 68 റൺസുമായും ക്യാപ്ടൻ പാറ്റ് കമ്മിൻസ് 8 റൺസോടെയുമാണ് ഇന്നലെ ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ചത്. ഇരുവരും പ്രശ്നങ്ങളില്ലാതെ ഓസീസിനെ 400 കടത്തി. ഇതിനിടെ സ്‌മിത്ത് കരിയറിലെ 34-ാംടെസ്റ്റ് സെഞ്ച്വറിയും പൂർത്തിയാക്കി. നിതീഷ് കുമാറിനെ എക്‌സ്‌ട്രാ കവറിനും മിഡ് ഓഫിനും ഇടയിലൂടെ ബൗണ്ടറി കടത്തിയാണ് സ്‌മിത്ത് സെഞ്ച്വറി പൂർത്തിയാക്കിയത്. സിറാജിനെതിരെ തുടർച്ചയായി സ്‌മിത്ത് തുടർച്ചയായി സിക്‌സും ഫോറും നേടി ഓസീസ് സ്കോർ 411ൽ എത്തിച്ചു. എന്നാൽ അടുത്ത ഓവറിൽ അർദ്ധ സെഞ്ച്വറിക്ക് !രു റൺസ് അകലെ വച്ച് പാറ്റ് കമ്മിൻസിനെ (49) ജഡേജ നിതീഷ് കുമാറിന്റെ കൈയിൽ എത്തിച്ച് കൂട്ടുകെട്ട് പൊളിച്ചു. ഏഴാം വിക്കറ്റിൽ 112 റൺസിന്റ കൂട്ടുകെട്ടാണ് ഇരുവരും ഉണ്ടാക്കിയത്. പകരമെത്തിയ മിച്ചൽ സ്റ്റാർക്കിനൊപ്പം (15) സ്മിത്ത് ഓസീസ് സ്കോർ 150 കടത്തി. സ്റ്റാർക്കിനെ ക്ലീൻബൗൾഡാക്കി ജഡേജ തന്നയാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ സ്മിത്ത് ആകാശ് ദീപിന്റെ പന്തിൽ ക്ലീൻബൗൾഡായി. 197 പന്തിൽ 13 ഫോറും 3 സിക്‌സും ഉൾപ്പെടെയാണ് സ്‌മിത്ത് 140 റൺസെടുത്തത്. നാഥാൻ ലയണെ (13) വിക്കറ്റിന് മുന്നിൽ കുടുക്കി ബുംറ ഓസീസ് ഇന്നിംഗ്‌സിന് തിരശീലയിട്ടു. ബോളണ്ട് (6) പുറത്താകാതെ നിന്നു. ഇന്ത്യയ്‌ക്കായി ബുംറ നാലും ജഡേജ മൂന്നും ആകാശ് ദീപ് 2ഉം വിക്കറ്റുകൾ വീഴ്‌ത്തി.
റണ്ണൗട്ടിൽ കളി മാറ്റി
കഴിഞ്ഞ കളിയിൽ നിന്ന് വ്യത്യസ്‌തമായി യശ്വസി ജയ്‌സ്വാളിനൊപ്പം (82) ക്യാപ്ടൻ രോഹിത് ശർമ്മ (3) ഓപ്പണറായി തിരിച്ചെത്തിയെങ്കിലും മോശം ഫോം തുടർന്ന് വന്ന പോലെ മടങ്ങി. കമ്മിൻസിന്റ പന്തിന്റെ ദിശയറിയാതെ കുഴങ്ങിയ രോഹിതിന്റെ ബാറ്റിൽക്കൊണ്ട് ഉയർന്ന പന്ത് ബോളണ്ട് കൈയിലൊതുക്കി.പകരമെത്തിയ കെ.എൽ (24) രാഹുൽ അല്പനേരം പിടിച്ചു നിന്നെങ്കിലും പാറ്റ് കമ്മിൻസ് തന്നെ ക്ലീൻബൗൾഡാക്കി. പിന്നീട് ക്രീസിൽ ഒന്നിച്ച ജയ്‌സ്വാളും വിരാട് കൊഹ്‌ലിയും ( 36) ഇന്ത്യയെ പ്രതിസന്ധിയിൽ നിന്ന് രക്ഷിച്ച് മുന്നോട്ട് കൊണ്ടുപോയി. ഇരുവരും കൂടി ഇന്ത്യൻ സ്‌കോർ 100ഉം 150ഉം കടത്തി. യശ്വസി അർദ്ധ സെഞ്ച്വറിയും തികച്ചു. ഈ കൂട്ടുകെട്ട് സുഗമമായി പുരോഗമിക്കുന്നതിനിടെ റണ്ണൗട്ടിന്റെ രൂപത്തിൽ ഇന്ത്യയുടെ നീർഭാഗ്യമെത്തി. ടീം സ്കോർ 153ൽ വച്ച് വിക്കറ്റിനിടയിലെ ഓട്ടത്തിലെ ആശയക്കുഴപ്പത്തെ തുടർന്ന് ജയ്‌സ്വാൾ റണ്ണൗട്ടായി. ഈ റണ്ണൗട്ടോടെ കളി വീണ്ടും ഓസീസിന്റെ കൈയിൽ ആവുകയായിരുന്നു. 118 പന്തിൽ 11 ഫോറും 1 സിക്‌സും ഉൾപ്പെട്ടതാണ് യശ്വസിയുടെ 82 റൺസിന്റെ ഇന്നിംഗ്‌സ്. അധികം വൈകാതെ കൊഹ്‌ലിയേയും നൈറ്റ് വാച്ച്മാൻ ആകാശ് ദീപിനേയും (0) ബോളണ്ട് മടക്കി. 153/2ൽ നിന്ന് ഇന്ത്യ 159/5ലേക്ക് വീണു. റിഷഭ് പന്തും (6), രവീന്ദ്ര ജഡേജയുമാണ് (4) സ്റ്റമ്പെടുക്കുമ്പോൾ ക്രീസിൽ.
Source link