മൻമോഹൻ സിംഗിന് വിട നൽകാനൊരുങ്ങി രാജ്യം; പൊതുദർശനത്തിനായി മൃതദേഹം എഐസിസി ആസ്ഥാനത്ത് എത്തിച്ചു
ന്യൂഡല്ഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് രാജ്യം ഇന്ന് വിട നൽകും. നിഗംബോധ് ഘട്ടിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. സ്മാരകം നിർമ്മിക്കാൻ കഴിയുന്ന ഇടത്ത് സംസ്കാരം നടത്താൻ അനുവദിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സ്മാരകത്തിന് സ്ഥലം അനുവദിക്കുമെന്നും ഒരു ട്രസ്റ്റ് രൂപീകരിച്ച് സ്ഥലം കൈമാറുമെന്നും കേന്ദ്രം അറിയിച്ചു. ഇക്കാര്യത്തിൽ കേന്ദ്രം മറുപടി വൈകിച്ചതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.
ഡൽഹി മോത്തിലാൽ നെഹ്റു മാർഗിലെ വസതിയിലുള്ള മൻമോഹൻ സിംഗിന്റെ മൃതദേഹം രാവിലെ എട്ട് മണിയോടെ എഐസിസി ആസ്ഥാനത്ത് എത്തിച്ചു. 8.30 മുതൽ 9.30 വരെയാണ് എഐസിസിയിൽ പൊതുദർശനം ക്രമീകരിച്ചിട്ടുള്ളത്. ശേഷം വിലാപയാത്രയായിട്ടായാണ് മൃതദേഹം സംസ്കാര സ്ഥലമായ നിഗംബോധ് ഘട്ടിലേക്ക് കൊണ്ടുപോകുക. 11.45ന് നിഗം ബോധ്ഘട്ടിൽ പൂർണ സൈനിക ബഹുമതിയോടെ സംസ്കാര ചടങ്ങുകൾ നടക്കും.
വ്യാഴാഴ്ചയാണ് എയിംസിൽ ചികിത്സയിലിരിക്കെ മൻമോഹൻ സിംഗ് മരണപ്പെട്ടത്. അന്ന് രാത്രി തന്നെ ഭൗതിക ശരീരം മോത്തിലാൽ റോഡിലെ വസതിയിലേക്ക് മാറ്റിയിരുന്നു. കർണാടകയിലെ ബെൽഗാമിൽ നിന്ന് പുലർച്ചെ രണ്ടിന് ഡൽഹിയിൽ വിമാനമിറങ്ങിയ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ നേരേ പ്രിയനേതാവിന്റെ വീട്ടിലാണെത്തിയത്. അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചശേഷം ബന്ധുക്കളെ ആശ്വസിപ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദയും രാത്രി ആശുപത്രിയിലെത്തിയിരുന്നു.
ഇന്നലെ അതിരാവിലെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ജെ.പി. നദ്ദയും വസതിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു. പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുർമുവും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുമെത്തി. ഡൽഹി മുഖ്യമന്ത്രി അതിഷി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, നിർമ്മല സീതാരാമൻ, സമാജ്വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്, ആംആദ്മി കൺവീനർ അരവിന്ദ് കേജ്രിവാൾ തുടങ്ങിയവരുമെത്തി.കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ, പ്രിയങ്ക, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, ജയ്റാംരമേശ്, എം.കെ. രാഘവൻ, അടൂർ പ്രകാശ് തുടങ്ങിയവർ ഇന്നലെ രാവിലെ മുതൽ മൻമോഹന്റെ വസതിയിലുണ്ടായിരുന്നു.
Source link