റോഡിൽ മാസായി ജയയെ ഞെട്ടിച്ച രജനി, വെല്ലുവിളിച്ച് വിജയ്; അറസ്റ്റിലായ ‘ഫയർ’ നായകൻ: ഇത് ‘റിയൽ’ ഫൈറ്റ്!


ചെന്നൈ ∙ ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തെ ഇളക്കിമറിച്ച് തിയറ്ററുകളിലെത്തിയ ‘പുഷ്പ 2– ദ് റൂൾ’ എന്ന സിനിമ തീകൊളുത്തിയത് വൻരാഷ്ട്രീയ വിവാദത്തിനു കൂടിയാണ്. ചിത്രത്തിന്റെ പ്രിമിയർ ഷോയ്ക്കിടെ ഹൈദരാബാദിലെ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന യുവതി മരിക്കുകയും ഇവരുടെ ഒൻപതു വയസുകാരനായ മകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാകുകയും ചെയ്തതിന്റെ പേരിൽ, ചിത്രത്തിലെ നായകൻ അല്ലു അർജുനെതിരെ കേസെടുത്തതും അദ്ദേഹത്തെ അറസ്റ്റ് ചെയ്തതും ആന്ധ്ര, തെലങ്കാന രാഷ്ട്രീയത്തിൽ പൊട്ടിത്തെറികളുണ്ടാക്കി. അതിന്റെ തീയും പുകയും ഇനിയുമടങ്ങിയിട്ടില്ല. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും അല്ലു അർജുനും തമ്മിലുള്ള പോരാട്ടമായി ചില രാഷ്ട്രീയ നിരീക്ഷകരെങ്കിലും ഇതിനെ വിലയിരുത്തുന്നുമുണ്ട്.

സിനിമയും രാഷ്ട്രീയവും തമ്മിൽ പലപ്പോഴും കൂടിക്കലരുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ രാഷ്ട്രീയനേതാക്കളും സിനിമാ താരങ്ങളും തമ്മിൽ കൊമ്പുകോർക്കുന്നത് ആദ്യമല്ല. അതിന് അരനൂറ്റാണ്ടു കാലത്തെ പഴക്കമുണ്ട്. കരുണാനിധിയും എംജിആറും തമ്മിലുള്ള പിണക്കം മുതൽ ഇപ്പോൾ രേവന്ത് – അല്ലു പോരു വരെ അതു നീളുന്നു.

തോളിൽ കയ്യിട്ടു തുടക്കം, പിന്നെ ‘ഗലാട്ട’
‘‘1945ൽ ജൂപ്പിറ്റർ പിക്ചേഴ്സിന്റെ ‘രാജകുമാരി’ എന്ന ചിത്രത്തിലൂടെയാണ് ഞാനും എംജിആറും ഒന്നിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഞാനാണ് എഴുതിയത്. എംജിആർ അതിൽ നായകനുമായി. കോയമ്പത്തൂരിൽ ഒരേ വീട്ടിൽ താമസിച്ച്, രാഷ്ട്രീയത്തെയും സമൂഹത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഞങ്ങൾ പരസ്പരം കൈമാറി.’’ – 1987 ഡിസംബറിൽ എംജിആർ അന്തരിച്ചപ്പോൾ കരുണാനിധി പുറത്തുവിട്ട അനുശോചനക്കുറിപ്പിലെ വരികളാണ് ഇത്. അവരുടെ സൗഹൃദം പിന്നീട് മത്സരമായി. ഇരുചേരികളായി നിന്ന് പരസ്പരം പോരാടി. തമിഴകം കണ്ട ഏറ്റവും മികച്ച സൗഹൃദത്തിനും വാശിയേറിയ പോരിനും ഉദാഹരണമാണ് കരുണാനിധി – എംജിആർ ബന്ധം.

കരുണാനിധിയും എംജിആറും (Photo:PTI)

അണ്ണാദുരൈയുടെ മരണത്തെ തുടർന്ന് കരുണാനിധി മുഖ്യമന്ത്രിപദത്തിൽ എത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള ഉരസൽ തുടങ്ങുന്നത്. ഡിഎംകെ ട്രഷററായിരുന്ന എംജിആർ പാർട്ടി ഭാരവാഹികളുടെ സ്വത്തുവിവരം പരസ്യപ്പെടുത്തണമെന്ന് വെല്ലുവിളിച്ചതോടെ ഉരസൽ തർക്കമായി വളർന്നു. എംജിആറിനെ പാർട്ടിയിൽനിന്നു പുറത്താക്കിയാണ് കരുണാനിധി തിരിച്ചടിച്ചത്. എന്നാൽ തന്റെ സ്വന്തം പാർട്ടി എഐഎഡിഎംകെ പ്രഖ്യാപിച്ച എംജിആർ, പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രിയായി. മരിക്കുന്നതു വരെ അദ്ദേഹം അധികാരത്തിൽ തുടർന്നപ്പോൾ ഡിഎംകെയ്ക്ക് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നുവെന്നതും ചരിത്രം.
ഒരു പോയസ് ഗാർഡൻ ‘പുരട്ചി’

1992 ലെ ഒരു റോഡ് തടയലിൽനിന്നാണ് ജയലളിത – രജനീകാന്ത് പോരിന്റെ തുടക്കം. ചെന്നൈയിലെ ആർ.കെ റോഡിൽ മുഖ്യമന്ത്രി ജയലളിതയുെട വാഹനവ്യൂഹത്തിനു വഴിയൊരുക്കാൻ പൊലീസ് രജനീകാന്തിന്റെ കാർ തടഞ്ഞു. ഇതിൽ പ്രതിഷേധിച്ച് പുറത്തിറങ്ങിയ രജനി ഒരു സിഗരറ്റ് കത്തിച്ച് റോഡരികിൽ നിന്നതോടെ ജനങ്ങൾ അദ്ദേഹത്തെ പൊതി‍ഞ്ഞു. ഇതോടെ ജയയുടെ വാഹനവ്യൂഹത്തിനു പോലും പോകാൻ സാധിക്കാതെ റോഡ് ജനസാഗരമായി. പിന്നാലെ, 1992 ൽ പുറത്തിറങ്ങിയ ‘മന്നൻ’ ചിത്രത്തിലൂടെ രജനീകാന്ത് ജയയ്ക്കെതിരെ ആഞ്ഞടിച്ചു. ചിത്രത്തിലെ സ്ത്രീകഥാപാത്രത്തിന് ജയയുമായി സാമ്യമുണ്ടെന്ന് അന്നു തന്നെ തമിഴ്നാട്ടിൽ പ്രചാരണം ഉണ്ടായിരുന്നു.

രജനീകാന്ത് (Photo:PTI)

1996 ലെ നിയമസഭാ തിരഞ്ഞെടുപ്പു കാലത്തും ജയയ്ക്കെതിരെ രജനീകാന്ത് ആഞ്ഞടിച്ചു. ജയ അധികാരത്തിൽ വന്നാൽ തമിഴ്നാടിനെ രക്ഷിക്കാൻ ദൈവത്തിനു പോലും സാധിക്കില്ലെന്നായിരുന്നു രജനീകാന്ത് അന്നു പറഞ്ഞത്. 1998 ൽ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റർ ‘പടയപ്പ’യിലെ നീലാംബരി എന്ന പ്രതിനായികയ്ക്ക് ജയയോട് സാമ്യം ഉണ്ടായിരുന്നു. 1976 ൽ ഒരു സിനിമയുടെ ചർച്ചക്കെത്തിയ രജനീകാന്തിനെ ജയലളിത മടക്കി അയിച്ചിരുന്നു. ഇതാണ് ഇരുവരും തമ്മിലുള്ള പിണക്കത്തിന്റെ പ്രധാന  കാരണമായി കരുതപ്പെടുന്നത്.
സ്റ്റാലിന്റെ ഉരുക്കു മുഷ്ടി’; തിരിച്ചടിച്ച് ദളപതി
ഏറ്റവും ഒടുവിൽ തമിഴ്നാട് രാഷ്ട്രീയത്തിൽ കണ്ട രാഷ്ട്രീയ – താര പോര് എം.കെ.സ്റ്റാലിനും വിജയും തമ്മിലാണ്. ‘ലിയോ’ ചിത്രത്തിന്റെ വിജയാഘോഷത്തിന് സർക്കാർ അനുമതി നൽകിയിരുന്നില്ല. എ.ആർ.റഹ്മാൻ ഷോയ്ക്ക് വൻ ജനക്കൂട്ടമെത്തിയതോടെ ചെന്നൈയിൽ ഗതാഗതക്കുരുക്കുണ്ടായി എന്നു ചൂണ്ടിക്കാണിച്ചായിരുന്നു ‘ലിയോ’ വിജയാഘോഷത്തിന് അനുമതി നിഷേധിച്ചത്. ഇതിൽ പ്രകോപിതനായ വിജയ് പിന്നീട് ചെന്നൈ ഇൻഡോർ സ്റ്റേഡിയത്തിൽ വിജയാഘോഷത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. പിന്നാലെ പാർട്ടിയും പ്രഖ്യാപിച്ചു.

‘ഹൗസ്ഫുൾ’… തമിഴക വെട്രി കഴകം (ടിവികെ) പ്രഥമ സംസ്ഥാന സമ്മേളനത്തിനു വിക്രവാണ്ടിയിലെ സമ്മേളനനഗരിയിലെത്തിയ ജനക്കൂട്ടത്തെ നടൻ വിജയ് അഭിവാദ്യം ചെയ്യുന്നു.

എന്നാൽ പാർട്ടിയുടെ ആദ്യ പൊതുസമ്മേളനം നടത്താനുള്ള അനുമതിക്കായി പലവട്ടം സർക്കാരിനെ വിജയ് സമീപിച്ചിരുന്നു. സേലത്തോ മധുരയിലോ ട്രിച്ചിയിലോ നടത്താനായിരുന്നു പദ്ധതിയെങ്കിലും ഇതിനൊന്നും അനുമതി ലഭിച്ചില്ല. പിന്നീടാണ് വിഴുപുരത്തെ വിക്രവണ്ടിയിൽ തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനത്തിന് അനുമതി ലഭിച്ചത്. സമ്മേളനത്തിൽ സ്റ്റാലിൻ കുടുംബത്തിനെതിരെയും ഡിഎംകെയുടെ ദ്രാവിഡ രാഷ്ട്രീയത്തിനെതിരെയും വിജയ് കടുത്ത ഭാഷയിലാണ് വിമർശനം നടത്തിയത്.
അറസ്റ്റിലായ നായകൻ; ആളിപ്പടർന്ന ‘ഫയർ’
ഡിസംബർ 5 ന് പുഷ്പ–2ന്റെ റിലീസിനിടെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു യുവതി മരിച്ചതാണ് തെലങ്കാനയിലെ പുതിയ സംഭവവികാസങ്ങൾക്കു തുടക്കമിട്ടത്. അല്ലു അർജുനെതിരെ കേസെടുത്ത തെലങ്കാന പൊലീസ് നടനെ വീട്ടിലെത്തി അറസ്റ്റ് ചെയ്തു. ഒരു ദിവസം അല്ലുവിനു ജയിലിൽ കിടക്കേണ്ടിയും വന്നു.

രേവന്ത് റെഡ്ഡി, അല്ലു അർജുൻ

ഇതിനിടെ സിനിമയുെട റിലീസുമായി ബന്ധപ്പെട്ടു വിവാദങ്ങളുമുയർന്നു. താരങ്ങൾ പൊതുജനമധ്യത്തിൽ കാണിക്കേണ്ട മര്യാദയെക്കുറിച്ചു തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമർശവും വിവാദമായി. നടനു പിന്തുണയുമായി സൂപ്പർ താരങ്ങൾ അടക്കമുള്ള ചലച്ചിത്ര പ്രവർത്തകരും ബിജെപി അടക്കമുള്ള പാർട്ടികളും രംഗത്തെത്തിയതോടെ പുതിയ പോർമുഖം തുറക്കുമോ എന്നാണ് നിരീക്ഷകരുടെ ആകാംക്ഷ.


Source link
Exit mobile version