INDIA

വായിച്ചുതീരാത്ത പുസ്തകം

വായിച്ചുതീരാത്ത പുസ്തകം | മനോരമ ഓൺലൈൻ ന്യൂസ് – Shashi Tharoor: Untold Stories of Manmohan Singh’s Diplomatic Triumphs | മൻമോഹൻ സിഗ് | ശശി തരൂർ | Manmohan Singh | Shashi Tharoor | India News Malayalam | Malayala Manorama Online News

വായിച്ചുതീരാത്ത പുസ്തകം

ശശി തരൂർ

Published: December 28 , 2024 03:00 AM IST

1 minute Read

ആദ്യം മുതൽ ഈയിടെ കാണുമ്പോൾ വരെ മൻമോഹന്റെ കയ്യിൽ പുസ്തകം ഉണ്ടായിരുന്നു; പഠിച്ചു മടിവരാതെയാണ് ആ മടക്കം

ചെന്നൈയിൽ മൻമോഹൻ സിങ്ങിന്റെ ചിത്രത്തിൽ പൂക്കളർപ്പിക്കുന്നവർ. ചിത്രം: പിടിഐ

ജവാഹർലാൽ നെഹ്റുവിനു ശേഷം ലോകത്തിനു മുന്നിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ ഭരണനായകൻ. നിശ്ശബ്ദമായി അനുസരിക്കുന്ന പ്രധാനമന്ത്രിയെന്ന് മുദ്രകുത്താൻ ചിലർ ശ്രമിച്ചു. അവരുടെ നേതാക്കൾക്കു നന്നായി അറിയാം, പ്രധാനമന്ത്രിയായിരിക്കെ രാജ്യത്തിന് അകത്തും പുറത്തും മൻമോഹന്റെ തീർപ്പുകൾ അന്തിമം ആയിരുന്നു. 

1980 കളിലാണ് അദ്ദേഹവുമായി സൗഹൃദത്തിലാകുന്നത്. ഞാൻ യുഎന്നിൽ ജോലി ചെയ്യുമ്പോൾ അദ്ദേഹം അവിടെ സൗത്ത് കമ്മിഷൻ അധ്യക്ഷനായിരുന്നു. യുഎന്നിൽ ജോലി ചെയ്യുമ്പോൾ ഞാൻ എഴുതിയ നെഹ്റുവിന്റെ ജീവചരിത്രം മുരളി ദേവ്‌റയുടെ നേതൃത്വത്തിൽ പ്രകാശനം ചെയ്തതു പ്രതിപക്ഷ നേതാവ് മൻമോഹൻ സിങ് ആയിരുന്നു. 2004 ൽ പ്രധാനമന്ത്രിയായ ശേഷം അദ്ദേഹം ന്യൂയോർക്കിൽ എത്തി. പാക്കിസ്ഥാൻ പ്രസിഡന്റ് പർവേശ് മുഷറഫുമായി ചർച്ചയുണ്ട്. അതിനു മുൻപ് ഉഭയകക്ഷി ചർച്ചകൾ നടക്കണം. രാഷ്ട്രത്തലവന്മാരുടെ അഭിസംബോധനകൾക്കുള്ള ഒരുക്കങ്ങൾ യുഎൻ അണ്ടർ സെക്രട്ടറി ‍ജനറലായ എന്റെ ചുമതല.

മൻമോഹൻ എന്നെ വിളിപ്പിച്ചിട്ടു പറഞ്ഞു: ‘സമാധാന നാടകത്തിനല്ല, യഥാർഥ സമാധാനത്തിനാണ് ഇന്ത്യ ഇപ്പോൾ ശ്രമിക്കുന്നത്. താങ്കൾ അതു മുഷറഫിനോടു പറയണം.’ അഭിസംബോധനയുടെ കാര്യങ്ങൾ വിശദീകരിക്കാൻ മുഷറഫിന്റെ ഹോട്ടൽ മുറിയിൽ എത്തിയ ഞാൻ അദ്ദേഹത്തോടു മൻമോഹന്റെ നിലപാട് അറിയിച്ചു. 11 മിനിറ്റ് സംഭാഷണത്തിനു ശേഷം ഒരു നിമിഷം ചിന്തിച്ചിരുന്ന മുഷറഫ് എണീറ്റ് എനിക്കു കൈ തന്നിട്ടു പറഞ്ഞു, ‘എനിക്കും സമാധാന നാടകത്തിനോടു താൽപര്യമില്ല. അദ്ദേഹത്തെ അത് അറിയിക്കൂ.’ 
മൻമോഹൻ യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള സംസാര മധ്യേ സെക്രട്ടറി ജനറലായി മത്സരിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ചോദിച്ചു. യുഎൻ സ്ഥിരാംഗങ്ങളിൽ ചൈന ഒഴികെയുള്ളവരുടെ പിന്തുണ ലഭിക്കുമെന്നായിരുന്നു എന്റെ പ്രതീക്ഷ. ചൈനയ്ക്കല്ല, അമേരിക്കയ്ക്കാണ് എതിർപ്പെന്നു തിരിച്ചറിയാൻ വൈകി. പിൻമാറുന്നതിനു മുൻപു ഞാൻ മൻമോഹനെ വിളിച്ചിരുന്നു. യുഎൻ വിട്ട് ഡൽഹിയിലേക്കു വന്നപ്പോൾ ആദ്യം കണ്ടതും അദ്ദേഹത്തെയാണ്. കോൺഗ്രസ് രാഷ്ട്രീയത്തിലേക്കു വരുന്നതിനെ കുറിച്ച് സംസാരിച്ചു. നിർമല ദേശ് പാണ്ഡെ അന്തരിച്ച ഒഴിവിൽ, 2008 ൽ എന്നെ രാജ്യസഭയിലേക്ക് അയയ്ക്കാനായിരുന്നു സോണിയ ഗാന്ധിയുടെ ആലോചന. അതേസമയം, സാമ്പത്തിക പരിഷ്കാരങ്ങൾക്ക് വേഗം കൂട്ടാൻ റിസർവ് ബാങ്ക് ഗവർണറായിരുന്ന സി.രംഗരാജനെ സഭയിൽ എത്തിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തു മത്സരിക്കാൻ തീരുമാനിച്ചതിനെ പിന്തുണച്ച അദ്ദേഹം ഇടയ്ക്കിടെ എന്നെ ഫോണിൽ വിളിക്കുകയും ചെയ്തു. രണ്ടാം യുപിഎ സർക്കാരിൽ മന്ത്രി ആയപ്പോൾ എനിക്കെതിരെ ആരോപണങ്ങൾ ഉയർന്നപ്പോഴെല്ലാം അദ്ദേഹം പിന്തുണച്ചു. ആദ്യം മുതൽ അടുത്തിടെ വരെ കാണുമ്പോൾ അദ്ദേഹത്തിന്റെ കയ്യിൽ പുസ്തകം ഉണ്ടായിരിക്കും. ഒട്ടേറെ മേഖലകളിൽ പ്രഗൽഭനാണെങ്കിലും അതിന്റെ അഹങ്കാരം അദ്ദേഹത്തെ ഭരിച്ചിരുന്നില്ല. അടുത്തെത്തുന്ന ഓരോരുത്തരിൽ നിന്നും പുതിയതായി എന്തെങ്കിലുമൊന്നു പഠിച്ചെടുക്കാൻ അദ്ദേഹം താൽപര്യപ്പെട്ടിരുന്നു. അതെ, ലോകത്തെക്കുറിച്ചു പഠിച്ചു മതിവരാതെയാണു മൻമോഹന്റെ മടക്കം. അദ്ദേഹത്തെക്കുറിച്ച് ഈ ലോകം അദ്ഭുതത്തോടെ പഠിച്ചുകൊണ്ടേയിരിക്കും.

English Summary:
A Legacy of Leadership and Learning: Manmohan Singh’s insatiable thirst for learning marked his post-political life. Shashi Tharoor shares personal experiences highlighting Singh’s leadership and diplomatic skills.

mo-politics-leaders-jawaharlalnehru mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-drmanmohansingh 7dpnkf32rh11dtub3l1dodtls1


Source link

Related Articles

Back to top button